സ്മാര്‍ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നെക്‌സസ് എത്തി; നെക്‌സസ് 6പി, 5എക്‌സ് ഫോണുകള്‍ വിപണിയില്‍

ദില്ലി: അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം സ്മാര്‍ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ നെക്‌സസ് എത്തി. രണ്ട് സ്മാര്‍ട്‌ഫോണുകളുമായാണ് ഇത്തവണ നെക്‌സസിന്റെ കടന്നുവരവ്. ഗൂഗിള്‍ നെക്‌സസിന്റെ 5 എക്‌സ്, 6 പി സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി. 5 എക്‌സ് ഫോണുകള്‍ ഹുവായിയും 6 പി ഫോണുകള്‍ എല്‍ജിയുമാണ് നിര്‍മ്മിക്കുക. യുഎസില്‍ നെക്‌സസ് ഫോണുകളുടെ പ്രീസെയില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ ഒഴികെ മറ്റു വിപണികളില്‍ അടുത്തയാഴ്ച ബുക്കിംഗ് ആരംഭിക്കും. ഇന്ത്യന്‍ വിപണിയില്‍ എപ്പോഴാണ് ഫോണുകള്‍ എത്തുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

5.7 ഇഞ്ച് അമോല്‍ഡ് ക്യുഎച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണാണ് ഗൂഗിള്‍ നെക്‌സസ് 6പി. നെക്‌സസിന്റെ നവീകരിച്ച ഇംപ്രിന്റ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ആണ് ഇതിന്റെ പ്രത്യേകത. സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍ ഫോണിന് കരുത്ത് പകരും. 3 ജിബി റാം ഉള്ള ഫോണ്‍ മൂന്ന് ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് വേരിയന്റില്‍ ലഭ്യമാകും. 32 ജിബി, 64 ജിബി, 128 ജിബി സ്‌റ്റോറേജ് വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും. എസ്ഡി കാര്‍ഡ് വഴിയോ മറ്റോ സ്‌റ്റോറേജ് വര്‍ധിപ്പിക്കാനാവില്ല. 12.3 മെഗാപിക്‌സല്‍ ആണ് പിന്‍കാമറയുടെ റസല്യൂഷന്‍. കാമറയിലെ 1.55 മൈക്രോണ്‍ സെന്‍സര്‍ കൂടുതല്‍ ലൈറ്റ് സ്വാംശീകരിക്കുന്നതിനാല്‍ കുറഞ്ഞ ലൈറ്റിലും മികച്ച ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും.

4കെ വീഡിയോ റെക്കോര്‍ഡിംഗ് ആണ് മറ്റൊരു സവിശേഷത. ഡ്യുവല്‍ എല്‍ഇഡി ഫ് ളാഷ് ലൈറ്റ് ഫോട്ടോകള്‍ക്ക് കൂടുതല്‍ തെളിച്ചം നല്‍കും. സെല്‍ഫി പ്രേമികള്‍ക്ക് ഏറെ സന്തോഷം പകരുന്ന ഒരു വാര്‍ത്ത കൂടി പറയാം. ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും മികച്ച സെല്‍ഫി റസല്യൂഷനുമായാണ് 6പി എത്തുന്നത്. 8 മെഗാപിക്‌സലാണ് 6പിയുടെ ഫ്രണ്ട് കാമറയുടെ റസല്യൂഷന്‍. മെറ്റല്‍ കെയ്‌സിലാണ് 6പി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. വൈറ്റ്, ഗ്രേ, അലുമിനിയം ഫിനിഷുകളില്‍ ഫോണ്‍ ലഭ്യമാകും. 3,450 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജ്ജം പകരുന്നത്.

അഞ്ചു വര്‍ഷം മുമ്പ് 2010-ല്‍ നെക്‌സസ് പുറത്തിറക്കിയ നെക്‌സസ് ഫൈവിന്റെ പിന്‍മുറക്കാരനാണ് 5എക്‌സ്. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്റെ സ്‌ക്രീന്‍ സവിശേഷത. 64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 808 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 6പിയെ അപേക്ഷിച്ച് 2ജിബി റാം മാത്രമാണ് ഫോണിലുള്ളത്. 16 ജിബി, 32 ജിബി എന്നീ രണ്ട് സ്‌റ്റോറേജ് വേരിയന്റുകളില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാകുക. എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യില്ല.

6 പിയുടെ അതേ കാമറ ഫീച്ചേഴ്‌സ് തന്നെയാണ് 5എക്‌സിനും ഉള്ളത്. 12.3 മെഗാപിക്‌സല്‍ ഡ്യുവല്‍ എല്‍ഇഡി ഫ് ളാഷ് ലൈറ്റോടു കൂടിയ കാമറ 4കെ വീഡിയോ റെക്കോര്‍ഡിംഗും സാധ്യമാക്കുന്നു. 6 പിയില്‍ 240 ഫ്രെയിമില്‍ റെക്കോര്‍ഡ് ചെയ്യാമെങ്കില്‍ 5എക്‌സില്‍ അത് 120 ഫ്രെയിം മാത്രമേ ഉള്ളു. എന്നാല്‍, ഗിഫ് ഇമേജുകള്‍ ക്രിയേറ്റ് ചെയ്യാന്‍ 5എക്‌സില്‍ സാധിക്കും. കറുപ്പ്, വെള്ള,നീല നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് 2,700 എംഎഎച്ച് ബാറ്ററി ഊര്‍ജം പകരും.

അതിവേഗ ചാര്‍ജിംഗാണ് രണ്ട് സ്മാര്‍ട്‌ഫോണുകളുടെയും സവിശേഷത. ഫോണുകളിലെ റിവേഴ്‌സിബിള്‍ ടൈപ്പ് സി യുഎസ്ബി അതിവേഗ ചാര്‍ജിംഗ് സാധ്യമാക്കും. നെക്‌സസ് 6പി, ഐഫോണ്‍ 6എസിനേക്കാള്‍ രണ്ടിരട്ടി വേഗതയില്‍ ചാര്‍ജാകും. 6പിയുടെ 32 ജിബി വേരിയന്റിന് 32,000 രൂപയാണ് വില. 5എക്‌സിന് 24,857 രൂപയും വിലയാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here