ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം; മൂന്ന് ദിവസം മുമ്പ് ഹര്‍ത്താല്‍ ജനങ്ങളെ അറിയിക്കണമെന്ന് നിയമം വരും

തിരുവനന്തപുരം: ഹര്‍ത്താലുകള്‍ക്ക് കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി ഹര്‍ത്താല്‍ നിയന്ത്രണ ആക്ട് എന്ന പേരില്‍ ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ബില്ലിന്റെ കരടുരൂപം തയ്യാറായിട്ടുണ്ട്. ബില്‍ നിയമമാക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങളുടെയും സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും അഭിപ്രായം അറിയേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഹര്‍ത്താല്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനം.

ഹര്‍ത്താല്‍ മൂലം ബുദ്ധിമുട്ടുണ്ടാകുന്നതായി നിരവധി പേരുടെ പരാതികളും നിവേദനങ്ങളും ലഭിക്കാറുണ്ട്. ഹര്‍ത്താല്‍ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഹൈക്കോടതി പരാമര്‍ശവും വന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ചെന്നിത്തല വിശദീകരിക്കുന്നു.
ഹര്‍ത്താല്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ് ബില്‍ കൊണ്ടുദ്ദേശിക്കുന്നത്.  പുതിയ ബില്‍ നിയമമാകുന്നതോടെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മാധ്യമങ്ങള്‍ വഴി അറിയിച്ചിരിക്കണമെന്ന് വ്യവസ്ഥ വരും. അക്രമ സാധ്യതയുണ്ടാകുമെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ ഹര്‍ത്താല്‍ തടയാനുള്ള വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടപ്പിക്കുക, ആളുകളെ ഭീഷണിപ്പെടുത്തുക എന്നിവ ആക്ട് പ്രകാരം കുറ്റകരമാക്കും. ഇതിന് ആറ് മാസം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ കുറ്റം തെളിയക്കപ്പെട്ടാല്‍ പ്രതികളായവര്‍ അനുഭവിക്കേണ്ടി വരുമെന്നും കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

അതോടൊപ്പം ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൗരന്‍മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമുള്‍പ്പെടെ ലഭ്യമാക്കുന്നതിന്റെ ഉത്തരവാദിത്തം പൊലീസില്‍ നിക്ഷിപ്തമാക്കുന്നുണ്ട് ബില്ലില്‍. ഇതില്‍ വീഴ്ചവരുത്തിയാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതുള്‍പ്പടെ സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ കരട് ബില്ലാണ് പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനായി സമര്‍പ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News