സോളാര്‍ കേസിലെ അന്വേഷണ സംഘാംഗത്തെ പിരിച്ചുവിട്ടു; സരിതയും മുഖ്യമന്ത്രിയുമായുള്ള ബന്ധം പീപ്പിള്‍ ടിവിക്കു ചോര്‍ത്തിനല്‍കിയെന്ന് ആരോപണം; സേനയ്ക്കുള്ളില്‍ കടുത്ത അതൃപ്തി

കോഴിക്കോട്: സോളാര്‍ കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. തൃശൂര്‍ പാവറട്ടി പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നിജേഷിനെയാണ് സര്‍വീസില്‍നിന്നു നീക്കം ചെയ്തത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്കുമുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങള്‍ പീപ്പിള്‍ ടിവിക്കു കൈമാറിയെന്നാരോപിച്ചാണ് സര്‍ക്കാര്‍ നടപടി.

സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ് നായരും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധം തുറന്നു കാട്ടി 2013 ജൂണ്‍ പതിനൊന്നിനാണ് പീപ്പിള്‍ ടിവി വാര്‍ത്ത പുറത്തുവിട്ടത്. ഈ വാര്‍ത്തകള്‍ക്കാധാരമായ വിവരങ്ങള്‍ പീപ്പിള്‍ ടിവിയുടെ മലബാര്‍ മേഖലാ ചീഫ് പി വി കുട്ടനു കൈമാറിയതു നിജേഷാണെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഒരു നടപടി സംസ്ഥാന ചരിത്രത്തില്‍തന്നെ ആദ്യമാണ്. നിജേഷും കുട്ടനും തമ്മില്‍ പലപ്പോഴും ഫോണില്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും ഒരു ദിവസം തന്നെ നാല്‍പതു തവണ വിളിച്ചിട്ടുണ്ടെന്നുമാണ് നടപടിക്കാധാരമായി ആഭ്യന്തര വകുപ്പു ചൂണ്ടിക്കാട്ടുന്നത്.

മുഖ്യമന്ത്രി, പഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മാന്‍ സലിം രാജ് എന്നിവരുമായുള്ള സരിത എസ് നായരുടെ ബന്ധവും ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളും പുറത്തുവന്നത് രാഷ്ട്രീയകേരളത്തെ പിടിച്ചുലച്ചിരുന്നു. ഇതേത്തുടര്‍ന്നു, യാതൊരു അന്വേഷണവും നടത്താതെ മുന്‍വിധിയെന്നപോല്‍ കണ്ണൂര്‍ എടക്കാട് സ്വദേശിയായ നിജേഷിനെ തലശേരിയില്‍നിന്നു പാവറട്ടിയിലേക്കു സ്ഥലം മാറ്റുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ പ്രമാദമായ പല കേസുകളും തെളിയിച്ച അന്വേഷണ സംഘങ്ങളില്‍ അംഗമായിരുന്നു നിജേഷ്. നേരത്തേയെും പല കേസുകളുടെയും ഭാഗമായി സത്യസന്ധമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ നിജേഷിനെതിരേ വകുപ്പുതലത്തില്‍ നടപടിയുണ്ടായിട്ടുണ്ട്. തലശേരിയില്‍ രജിസ്റ്റര്‍ ചെയ്ത സോളാര്‍ കേസിന്റെ അന്വേഷണ സംഘത്തിലും നിജേഷ് അംഗമായിരുന്നു.

തലശേരിയിലെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സരിത എസ് നായര്‍ക്ക് യഥാസമയം എത്തിച്ചുകൊടുത്തതിന് സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് ആരോപണവിധേയനായിരുന്നു. സന്തോഷിനെതിരെയാകട്ടെ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടുമില്ല. സന്തോഷും സരിത എസ് നായരും തമ്മിലുള്ള ആശയവിനിമയത്തിന്റെ വിവരങ്ങളും പീപ്പിള്‍ ടിവി പുറത്തുവിട്ടിരുന്നു. തട്ടിപ്പുകാരി സരിതയും കൂട്ടാളികളായ കോണ്‍ഗ്രസ് നേതാക്കളും പുറത്തു വിലസുമ്പോള്‍ സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനു നേരെയുണ്ടായ ആഭ്യന്തര വകുപ്പിന്റെ നടപടി സേനയ്ക്കുള്ളില്‍ കടുത്ത അതൃപ്തിക്കു വഴിവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here