പാകിസ്താന്റെ അസ്ഥിരതയ്ക്ക് കാരണം തീവ്രവാദത്തെ പിന്തുണച്ചത്; അയല്‍ക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ഇന്ത്യയുടെ മറുപടി

വാഷിംഗ്ടണ്‍: പാകിസ്താനാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇന്ത്യയുടെ മറുപടി. പാക് അധീന കശ്മീര്‍ വിട്ടൊഴിയാന്‍ പാകിസ്താന്‍ തയ്യാറാകണം. പാകിസ്താന്റെ അസ്ഥിരതയ്ക്ക് കാരണം ഇന്ത്യയല്ല. പാകിസ്താന്റെ തന്നെ നയങ്ങളാണ് അവര്‍ക്ക് തിരിച്ചടിയാകുന്നത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം. തീവ്രവാദത്തെ പിന്തുണയ്ക്കുന്നതാണ് പാകിസ്താന്റെ അസ്ഥിരതയ്ക്ക് കാരണം. അതിന് അയല്‍ക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലാണ് പാകിസ്താന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. തീവ്രവാദത്തിനെതിരായ പോരാട്ടമെന്ന പേരില്‍ ചില രാജ്യങ്ങള്‍ പാകിസ്താന്റെ സ്വയം പര്യാപ്തതയ്ക്ക് മേല്‍ കടന്നു കയറുന്നതായി ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയുടെ പേരെടുത്ത് പറയാതെ നവാസ് ഷെരീഫ് കുറ്റപ്പെടുത്തിയിരുന്നു.

ഷെരീഫിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകമാണ് ഇന്ത്യ മറുപടി നല്‍കിയത്. കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. കശ്മീരിന് സ്വയം പര്യാപ്താവകാശം നല്‍കണമെന്നായിരുന്നു ഷെരീഫിന്റെ അഭിപ്രായ പ്രകടനം. എന്നാല്‍, കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയല്ല, മറിച്ച് പാകിസ്താന്‍ തീവ്രവാദം അവസാനിപ്പിക്കുകയാണ് കശ്മീരികളുടെ നന്‍മയ്ക്കായി ചെയ്യേണ്ടതെന്ന് വികാസ് സ്വരൂപ് മറുപടി നല്‍കി.

ഒരു ദശാബ്ദത്തിനിടെ ആദ്യമായിട്ടായിരിക്കും ഇന്ത്യ പാകിസ്താന് ഇത്ര കടുത്ത ഭാഷയില്‍ മറുപടി നല്‍കുന്നത്. പാകിസ്താനെ തീവ്രവാദത്തിന്റെ ഇര എന്ന് വിശേഷിപ്പിച്ച നവാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി എത്തിയത്. തീവ്രവാദി സംഘങ്ങളെ വളര്‍ത്തുന്നത് പാകിസ്താനാണെന്ന വസ്തുത മറച്ചുവച്ചു കൊണ്ടായിരുന്നു ഷെരീഫിന്റെ പ്രസ്താവന. ഇതില്‍ പല തീവ്രവാദ സംഘങ്ങള്‍ക്കും പാകിസ്താന്റെ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നതും വസ്തുതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News