ബിഹാറില്‍ അയോധ്യാ കാര്‍ഡ് ഇറക്കി കളിക്കാന്‍ സംഘപരിവാര്‍; ലക്ഷ്യം ഹിന്ദു വോട്ടുകള്‍

പാറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അയോധ്യ ക്ഷേത്ര പ്രശ്‌നം ആളിക്കത്തിക്കാന്‍ സംഘപരിവാര്‍ ശ്രമം. വിഷയത്തില്‍ പ്രത്യേക സമിതി വിളിക്കാമെന്ന് നരേന്ദ്രമോദി ഉറപ്പ് നല്‍കിയെന്ന് സംഘപരിവാര്‍ നേതാക്കള്‍ ദില്ലിയില്‍ വ്യകതമാക്കി. ഹിന്ദു വോട്ടുകള്‍ ലക്ഷ്യം വച്ചാണ് സംഘപരിവാറിന്റെ പുതിയ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ രാമക്ഷേത്ര വിഷയം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പയറ്റുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. രാമജന്മഭൂമിയില്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.  ക്ഷേത്ര പുനര്‍നിര്‍മാണ കാര്യം പരിഗണിക്കാമെന്നും ഇക്കാര്യം വിശകലനം ചെയ്യാന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചതായി വിശ്വഹിന്ദുപരിഷത്ത് നേതാവ് അശോക് സിംഗാള്‍ വ്യക്തമാക്കി.

അയോദ്ധ്യക്ഷേത്ര വിഷയം രാജ്യവ്യാപകമായി ഉന്നയിക്കാനാണ് സംഘപരിവാര്‍ തീരുമാനം. അലഹബാദ് ഹൈക്കോടതിയുടെ അനുകൂല വിധിയടക്കം നിയമപരിഹാരം ചര്‍ച്ച ചെയ്യാന്‍ ദ്വിദിന സെമിനാര്‍ നടത്താനും വിഎച്ച്പി തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ മൗന പ്രചാരണം നടപ്പാക്കാനുമാണ് സംഘപരിവാര്‍ തീരുമാനം. അയോധ്യയുടെ പേരില്‍ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ജാതി-മത വോട്ടുകള്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമാകുന്ന ബിഹാറില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News