എസ്എന്‍ ട്രസ്റ്റിന്റെ വരുമാനം വെള്ളാപ്പള്ളി കൊള്ളയടിക്കുന്നെന്ന് മുന്‍ അസിസ്റ്റന്റ് സെക്രട്ടറി; 500 കോടിയുടെ അഴിമതി; കോടതികളെയും വിലയ്ക്കു വാങ്ങി; കിളിമാനൂര്‍ ചന്ദ്രബാബു കൈരളി ന്യൂസ് ഓണ്‍ലൈനിനോട്

kilimanoor-chandrababu

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയത് 500 കോടിയിലധികം രൂപയുടെ അഴിമതിയെന്ന് ട്രസ്റ്റ് മുന്‍ അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂര്‍ ചന്ദ്രബാബു. മോഷ്ടിച്ച പണം വെള്ളാപ്പള്ളി തിരികെ അടയ്ക്കണമെന്നും കിളിമാനൂര്‍ ചന്ദ്രബാബു കൈരളി ന്യൂസ് ഓണ്‍ ലൈനിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണം നൂറ് കോടി രൂപയുടേതാണ്. വിഎസ് പറഞ്ഞ കണക്ക് കഴിഞ്ഞ നാല് വര്‍ഷത്തേത് മാത്രമാകും. എന്നാല്‍ ഇതിലും എത്രയോ ഇരട്ടി വലുതാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന അഴിമതിയെന്നും കിളിമാനൂര്‍ ചന്ദ്രബാബു പറഞ്ഞു.

എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക – അനധ്യാപക നിയമനങ്ങള്‍, വിദ്യാര്‍ത്ഥി പ്രവേശനം ഇവയൊന്നും നിയമാവലി അനുസരിച്ച് ട്രസ്റ്റ് എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്തിട്ടില്ല. അംഗീകാരവും വാങ്ങിയിട്ടില്ല. കോളജുകളില്‍ അധ്യാപക നിയമനത്തിന് 35 ലക്ഷം രൂപ വരെയും സ്‌കൂള്‍ അധ്യാപക നിയമനത്തിന് 8 മുതല്‍ 12 ലക്ഷം വരെയും വാങ്ങി. കോളജ് തല വിദ്യാര്‍ഥി പ്രവേശനത്തിന് ബിരുദ കോഴ്‌സുകളില്‍ 50,000 രൂപ മുതല്‍ 75,000 രൂപ വരെ വെള്ളാപ്പള്ളി നടേശന്‍ വാങ്ങിയിട്ടുണ്ടെന്നും കിളിമാനൂര്‍ ചന്ദ്രബാബു വ്യക്തമാക്കി. എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാത്രം വെള്ളാപ്പള്ളി നടേശന്‍ 196 നിയമനങ്ങള്‍ നടത്തി. കോളജുകളിലെ അധ്യാപക നിയമനത്തിന് 35 മുതല്‍ 40 ലക്ഷം വരെ വാങ്ങി. ഇത് മാത്രം 125 കോടിയോളം വരും. വിഎസ് പറഞ്ഞ അഴിമതി കണക്ക് കുറഞ്ഞുപോയി. നാലു വര്‍ഷത്തെ കണക്കാണിതെങ്കില്‍ 200 കോടി രൂപയോളം വരുമെന്നും ചന്ദ്രബാബു ആരോപിച്ചു.

vellappally

2011-12 വര്‍ഷ കാലയളവില്‍ മാത്രം നടത്തിയത് 174 അധ്യാപക നിയമനങ്ങളാണ്. 1996 മുതല്‍ 2013 വരെ ആകെ നടത്തിയ നിയമനം 904 എണ്ണമാണ്. പ്ലസ്ടു അനുവദിച്ചപ്പോള്‍ അതില്‍ നിന്നും വെള്ളാപ്പള്ളി നടേശന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി. ഈ കണക്ക് ഒന്നും ട്രസ്റ്റിനെ വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചിട്ടില്ല എന്നും ചന്ദ്രബാബു പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസത്തിന് അവസരം നല്‍കിയില്ല. കോഴപ്പണം കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുന്നുണ്ട്. ഒരു അഡ്മിഷന്‍ നടത്തണമെങ്കില്‍ വെള്ളാപ്പള്ളിയുടെ കൊല്ലത്തെ ഓഫീസിലെ പ്യൂണിന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ട അവസ്ഥയാണ് ആര്‍ ശങ്കറിന്റെ മകനു പോലും നേരിടുന്നത്. ഗുരുദേവന്റെ ആത്മാവിനെപ്പോലും വ്രണപ്പെടുത്തുന്ന കാര്യങ്ങളാണ് വെള്ളാപ്പള്ളി നടത്തുന്നത്. കണക്കില്‍ കാണിക്കുന്നതിന്റെ മൂന്നിലൊന്ന് ശമ്പളം പോലും സിബിഎസ്‌സി സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് വെള്ളാപ്പള്ളി നടേശന്‍ നല്‍കുന്നില്ല. ബിഎസ്‌സി നഴ്‌സിംഗ് അഡ്മിഷന് ലക്ഷങ്ങളാണ് ഓരോ വിദ്യാര്‍ത്ഥിയില്‍നിന്നും വെള്ളാപ്പള്ളി വാങ്ങുന്നതെന്നും ചന്ദ്രബാബു പറഞ്ഞു. സമുദായത്തിന്റെ പേരില്‍ ട്രസ്റ്റിന് ലഭിക്കേണ്ട പണം സ്വന്തം പോക്കറ്റിലേക്കാണ് വെള്ളാപ്പള്ളി മാറ്റുന്നതെന്നും ചന്ദ്രബാബു ആരോപിച്ചു.

വിദ്യ കൊണ്ട് പ്രബുദ്ധരാകാന്‍ ഗുരുദേവന്‍ പറഞ്ഞു. ആര്‍ ശങ്കര്‍ സമുദായത്തെ ഉദ്ധരിക്കാന്‍ ശ്രമിച്ചു. ഇന്ന് ഈഴവ സമുദായത്തില്‍ പണം ഇല്ലാത്ത ആരും പഠിക്കണ്ട എന്ന മാനദണ്ഡമാണ് വെള്ളാപ്പള്ളിയുടേത്. പണമില്ലാത്തവന്‍ ജോലി നേടേണ്ടതില്ല എന്ന സമീപനമാണ് വെള്ളാപ്പള്ളി നടേശന്. ഒന്നാം റാങ്ക് വാങ്ങിയവനും ജോലി നല്‍കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറാകുന്നില്ല. എസ്എന്‍ ട്രസ്റ്റിനെ പണം ഇടപാട് സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം വെള്ളാപ്പള്ളി നടേശന്‍ നേരിട്ടാണ് നടത്തുന്നത് എന്നും ചന്ദ്രബാബു പറഞ്ഞു.

modi-vellappally

ട്രസ്റ്റിന്റെ പേരില്‍ പണം വാങ്ങുന്നത് വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ വച്ചാണ്. വീട്ടിലെ ഓഫീസ് മുറിയില്‍ വച്ചാണ് പണം വാങ്ങുന്നത്. ഇത് വെളളാപ്പള്ളിയുടെ സ്വന്തം അക്കൗണ്ടിലേക്കാണ് പോകുന്നത്. ട്രസ്റ്റിന്റെ പേരിലുളള ബാലന്‍സ് ഷീറ്റില്‍ ഡൊണേഷന്‍ തുക സീറോ ആണ്. മറ്റ് വരവും സീറോ ആണ്. അഡ്മിഷനോ ജോലി നല്‍കിയതോ ആയ കണക്കിലുള്ള വരവ് പൂജ്യമാണ്. പ്രിന്‍സ് ഹോട്ടല്‍ എന്ന ബാര്‍ മാത്രമാണ് വെള്ളാപ്പള്ളി നടേശന് ആദ്യം ഉണ്ടായിരുന്നത്. വെള്ളാപ്പള്ളി നടേശന് മറ്റ് വരുമാന മാര്‍ഗങ്ങളില്ല. പിന്നെ എങ്ങനെ ഇത്രയും സാമ്പത്തികം ഉണ്ടായി എന്ന് പരിശോധിക്കണം.

ഗുരുദേവനെ ആരും തൊട്ടു തൊഴുതതായി അറിവില്ല. പക്ഷേ വെള്ളാപ്പള്ളിയെ വണങ്ങാതെ യോഗത്തിലോ ട്രസ്റ്റിലോ തുടരാനാവില്ല. ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഗുരുവിന്റെ ചിത്രം എടുത്തുമാറ്റി വെള്ളാപ്പള്ളി സ്വന്തം ചിത്രം വെച്ചു. വെള്ളാപ്പള്ളി കരുതുന്നതുപോലെ എസ്എന്‍ഡിപിയില്‍ നിന്ന് ആരും എങ്ങും പോകില്ല. എസ്എന്‍ഡിപിയോഗം നേതൃത്വത്തിലുള്ള ഭൂരിപക്ഷം കോണ്‍ഗ്രസുകാരാണ്. അണികള്‍ ഇടതുപക്ഷത്തിനൊപ്പവുമാണെന്നും കിളിമാനൂര്‍ ചന്ദ്രബാബു പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. ഇതുവരെ ഉണ്ടാക്കിയ സാമ്പത്തികനേട്ടങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടിയാണിത്. മകനെ സംരക്ഷിക്കാന്‍ കഴിയുമോ എന്നതാണ് വെള്ളാപ്പള്ളി നടേശന്റെ ഇപ്പോഴത്തെ ശ്രമം. 12 വര്‍ഷം എസ്എന്‍ ട്രസ്റ്റിന്റെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന തന്നെ കാര്യങ്ങള്‍ തുറന്നു പറഞ്ഞതിനാണ് ട്രസ്റ്റില്‍നിന്ന് പുറത്താക്കിയതെന്നും ചന്ദ്രബാബു പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശനെതിരെ നല്‍കിയ നാല് കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ കേസുകളില്‍ നീതി കിട്ടും എന്ന് വിശ്വാസമില്ല എന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ സ്വാധീനം വച്ച് ഒരു കോടതിയും ഇടപെടാന്‍ തയ്യാറാകുന്നില്ല. നീതി പീഠങ്ങളെ പോലും വെള്ളാപ്പള്ളി നടേശന്‍ വിലയ്ക്കുവാങ്ങി എന്നാണ് കരുതുന്നത്. അല്ലെങ്കില്‍ നീതി കിട്ടുമായിരുന്നുവെന്നും ചന്ദ്രബാബു പറഞ്ഞു. ട്രസ്റ്റ് അംഗങ്ങള്‍ യഥാസമയം കാര്യങ്ങള്‍ അറിയാതിരിക്കാന്‍ യോഗനാദത്തില്‍ പോലും കൃത്രിമം കാട്ടിയ ആളാണ് വെള്ളാപ്പള്ളി നടേശനെന്നും ചന്ദ്രബാബു പ്രതികരിച്ചു. ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ എതിര്‍ത്ത് വോട്ട് ചെയ്തവരെ വെള്ളാപ്പള്ളി നടേശന്റെ ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തുകയാണെന്നും ചന്ദ്രബാബു കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News