രാജ്യത്തെ സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നെന്ന് കോടിയേരി; പ്രതിരോധിക്കാന്‍ എസ്എന്‍ഡിപിക്കും മുസ്ലിം ലീഗിനും താല്‍പര്യമില്ല

തിരുവനന്തപുരം: രാജ്യത്തു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയുടെ സുപ്രീം കോടതിയായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുകയാണെന്നും ആര്‍എസ്എസിന്റെ നീക്കം ചെറുക്കേണ്ടതാണെന്നും കോടിയേരി പറഞ്ഞു. സമ്പന്നരുടെ താല്‍പര്യം മാത്രം സംരക്ഷിക്കാനാണ് എസ്എന്‍ഡിപിക്കും മുസ്ലിം ലീഗിനും താല്‍പര്യമെന്നും അതുകൊണ്ടു തന്നെ അവരും സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനു കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

സംവരണത്തിനെതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് സ്‌പോണ്‍സര്‍ ചെയ്യുന്ന സമരം ശക്തമാണ്. ഗുജറാത്തില്‍ സംവരണം വേണമെന്നു പട്ടേല്‍ വിഭാഗക്കാര്‍ ആവശ്യപ്പെട്ടു നടത്തുന്ന സമരം യഥാര്‍ഥത്തില്‍ സംവരണ വിരുദ്ധമാണ്. സംവരണമേ വേണ്ട എന്ന നിലയിലേക്കു സര്‍ക്കാരിനെ ചിന്തിപ്പിക്കുന്നതാണ് ഈ സമരം. പിന്തുണ നല്‍കുന്നത് ആര്‍എസ്എസാണ്.

1990ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍വീസില്‍ 27 ശതമാനം സംവരണം പിന്നാക്കക്കാര്‍ക്കു നല്‍കണമെന്നു ശിപാര്‍ശ ചെയ്തപ്പോള്‍ എതിര്‍ത്തവരെ പ്രോത്സാഹിപ്പിച്ചത് ആര്‍എസ്എസാണ്. സംവരണത്തിനെതിരേ വിദ്യാര്‍ഥികളെ സമരമുഖത്തേക്ക് ഇറക്കിവിട്ടത് ആര്‍എസ്എസാണ്. ഇതു മനസിലാക്കാന്‍ ജനങ്ങള്‍ തയാറാകണം.

എസ്എസി/എസ്ടി വിഭാഗങ്ങള്‍ അടക്കമുള്ള പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം ഇതേപടി തുടരണം. പിന്നാക്ക വിഭാഗക്കാര്‍ക്ക് അര്‍ഹതപ്പെട്ട സംവരണം തുടരണം. ഇപ്പോള്‍ ഇതു ലഭിക്കാത്ത സാഹചര്യമുണ്ട്. ക്രീമീലെയര്‍ വിഭാഗത്തെ സംവരണത്തില്‍നിന്ന് ഒഴിവാക്കുന്നതോടെ നേരത്തെ സംവരണത്തിനായി വാദിച്ചവര്‍ക്കു താല്‍പര്യമില്ലാതെയായി. ഇതാണ് എസ്എന്‍ഡിപിയും മുസ്ലിം ലീഗും സംവരണം അട്ടിമറിക്കുന്നതിനെ എതിര്‍ക്കാത്തതിന് കാരണം. പാവപ്പെട്ടവര്‍ക്കാണു സംവരണം ലഭിക്കുന്നത്. പാവപ്പെട്ടവരുടെ താല്‍പര്യം ഇരു സംഘടനകളിലെയും നേതൃത്വത്തിന് താല്‍പര്യമില്ല.

സിപിഐഎമ്മിനെ സംബന്ധിച്ച് പാവപ്പെട്ടവര്‍ക്കെല്ലാം അര്‍ഹതപ്പെട്ട സംവരണം വേണമെന്നാണ് നിലപാട്. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കും നിശ്ചിത ശതമാനം സംവരണം നല്‍കണം. തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. ഇതു നവ ഉദാരവല്‍കരണ നയങ്ങളുടെ ബാക്കിയാണ്. സര്‍ക്കാര്‍ സര്‍വീസിലാണ് തൊഴിലുകളില്ലാതാകുന്നത്. അതിനാല്‍ സ്വകാര്യ മേഖലയിലും എസ് സി/ എസ് ടി സംവരണം വേണമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കാനും ബഹുജന പിന്തുണ നേടാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ഈ മാസം ഒമ്പതിന് സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളില്‍ ധര്‍ണ നടത്തും. കൃത്യമായ തെളിവുകളോടെയാണ് വി എസ് അച്യുതാനന്ദന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കാര്യങ്ങള്‍ പറഞ്ഞത്. എസ് എന്‍ ട്രസ്റ്റിലെ നിയമനങ്ങള്‍ക്കും വിദ്യാര്‍ഥി പ്രവേശനത്തിനും വെള്ളാപ്പള്ളി നടേശന്‍ വാങ്ങിയ കോഴയുടെ കണക്കു വെള്ളാപ്പള്ളി വെളിപ്പെടുത്തണം.

മീറ്റര്‍ റീഡിംഗിലെ അവ്യക്തകത പരിഹരിക്കാന്‍ വൈദ്യുതി വകുപ്പ് തയാറാകണം. സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നതു തോട്ടം ഉടമകളുടെ താല്‍പര്യമാണെന്നും കോടിയേരി പറഞ്ഞു. ബാര്‍ കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ആയുസ് നീട്ടാന്‍ വേണ്ടി മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News