ബാര്‍ കോഴയില്‍ കോടതിയില്‍ വാദപ്പോര്; കേസ്ഡയറി പുറത്തുകൊടുത്തത് തെറ്റെന്ന് കോടതി; സുകേശന്റെ പൂര്‍വചരിത്രം ശരിയല്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെതിരേ വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വകാര്യ അഭിഭാഷകന് കേസ് ഡയറി കൈമാറിയത് ഗുരുതരമായ കുറ്റമാണെന്നു കോടതി കണ്ടെത്തി. ഇത്തരത്തില്‍ രേഖകള്‍ പുറത്തു കൊടുക്കാന്‍ പാടില്ലായിരുന്നെന്ന കോടതി നിരീക്ഷണം വിജിലന്‍സ് സമ്മതിച്ചു. തെറ്റുപറ്റിയതായി കോടതിയില്‍ വിജിലന്‍സിന്റെ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി സുകേശനെതിരേ വിജിലന്‍സ് അഭിഭാഷകന്‍ പരസ്യമായി രംഗത്തെത്തി.

അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. വിചാരണയില്‍ മാധ്യമങ്ങളെ വിലക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. ഡയറക്ടറുടെ ഓഫീസ് പോസ്റ്റ് ഓഫീസ് മാത്രമല്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി സുകേശന്‍ മികച്ച ഉദ്യോഗസ്ഥനല്ലെന്നും പൂര്‍വചരിത്രം ശരിയല്ലെന്നും വിജിലന്‍സ് അഭിഭാഷകന്‍ ഉച്ചയ്ക്കു ശേഷം കോടതിയില്‍ പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ നിലപാടുകള്‍ അങ്ങനെയല്ല. സുതാര്യമാണെന്നും സുകേശന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വിശ്വാസമില്ലെങ്കില്‍ സുകേശന്‍ എന്തുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായി തുടരുന്നതെന്നു കോടതി ചോദിച്ചു. പ്രതിഭാഗമായിരുന്നു ഇതു പറഞ്ഞിരുന്നതെങ്കില്‍ മനസിലാക്കാമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു.

ഇന്നലെയും വിജിലന്‍സിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാണിയെ രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ ശ്രമിച്ചെന്ന ഗുരുതരമായ നിരീക്ഷണമാണ് ഇന്നലെ കോടതി നടത്തിയത്. കേസിന്റെ അന്വേഷണച്ചുമതല എസ് പി സുകേശനു നല്‍കാനും കോടതി തീരുമാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here