ഐഎസില്‍ ശമ്പളം വെട്ടിക്കുറച്ചു; ഭീകരപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചവര്‍ മറ്റു സംഘടനകളിലേക്കു ചേക്കേറുന്നു

ബഗ്ദാദ്: ശമ്പളം വെട്ടിക്കുറച്ചതിനെത്തുടര്‍ന്നു നൂറുകണക്കിനു ജിഹാദികള്‍ ഇസ്ലാമിക് സ്റ്റേറ്റ് വിടുന്നു. മറ്റു ഭീകര സംഘടനകളിലേക്കാണ് ഇവര്‍ കളം മാറ്റുന്നത്. പത്തുവര്‍ഷത്തിനിടെ ഭീകരപ്രവര്‍ത്തനത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിക്കാനായെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഐഎസിനെ പ്രേരിപ്പിച്ചത്.

265 പൗണ്ടില്‍നിന്ന് 65 പൗണ്ടായാണ് പ്രതിമാസ ശമ്പളം വെട്ടിക്കുറച്ചത്. ഇരുനൂറോളം സജീവ ജിഹാദികള്‍ സംഘടന വിട്ടതായി ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാഖിലും സിറിയയിലും വ്യോമാക്രമണം നടത്താന്‍ ഐഎസിന് ഭീമമായ പണം ചെലവഴിക്കേണ്ടിവന്നതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ലോകത്ത് ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള ഭീകര സംഘടന ഐഎസ് ആണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. പോരാട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്കു നല്ല രീതിയിലാണ് ശമ്പളം നല്‍കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. അതിനു പിന്നാലെയാണ് ശമ്പളം വെട്ടിക്കുറച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഐഎസ് വിട്ട പലരും സിറിയയില്‍ പോരാടുന്ന മറ്റു സംഘടനകളില്‍ ചേര്‍ന്നതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാങ്കുകള്‍ കൊള്ളയടിച്ചും വീടുകള്‍ കൊള്ളയടിച്ചുമാണ് ഐഎസ് പണം കണ്ടെത്തിയിരുന്നത്. തട്ടിക്കൊണ്ടുപോകുന്നവരെ മോചിപ്പിക്കാന്‍ പണം വാങ്ങിയും ഐഎസ് സാമ്പത്തിക ഭദ്രത ഉറപ്പാക്കിയിരുന്നു. എന്നാല്‍ ചെലവു വര്‍ധിച്ചതും ആക്രമണങ്ങള്‍ വര്‍ധിച്ചതും ചെലവു ചുരുക്കാന്‍ ഐഎസിനെ നിര്‍ബന്ധിതമാക്കുകയായിരുന്നു. തുടര്‍ന്നാണ് ലാവിഷായി നല്‍കിയിരുന്ന ശമ്പളം വെട്ടിക്കുറച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തന മേഖല വടക്കന്‍ ആഫ്രിക്കയിലേക്കു വ്യാപിപ്പിക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാനും ഐഎസ് തീരുമാനിച്ചതായി സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here