ഗ്രേറ്റര്‍നോയ്ഡ: ‘ എന്റെ മകന്‍ കൊല്ലപ്പെട്ടു. കൊച്ചുമകന്‍ മരണത്തോടു മല്ലടിക്കുന്നു. ഇപ്പോള്‍ പൊലീസ് സംരക്ഷണം നല്‍കുന്നുണ്ട്. പക്ഷേ, അവര്‍ക്ക് ഗ്രാമത്തില്‍ സ്ഥിരമായി നില്‍ക്കാനാവില്ല. ഇത്തരം ആക്രമണങ്ങള്‍ വീണ്ടും ഉണ്ടാകുമെന്നു ഞങ്ങള്‍ ഭയക്കുന്നു. ഞങ്ങള്‍ ബന്ധുക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയാണ്. ഈ ഗ്രാമം വിട്ടു സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന ഒരു സ്ഥലത്തേക്കു പോകാന്‍ ആഗ്രഹിക്കുകയാണ്. ഉടനെ അതുണ്ടാവും…’ ബീഫ് കഴിച്ചെന്ന പേരില്‍ മതഭ്രാന്തന്‍മാരുടെ കൈയൂക്കിനിരയായി ജീവന്‍ നഷ്ടപ്പെട്ട മുഹമ്മദിന്റെ മാതാവ് എഴുപത്തെട്ടുകാരിയായ അസ്ഗരിയുടെ വാക്കുകളാണിത്. കഴിഞ്ഞദിവസം മകന്‍ കൊല്ലപ്പെട്ടതു മുതല്‍ അസ്ഗരി ചിന്തിക്കുന്നതു പോലെ ചിന്തിക്കുകയാണ് ബിസാദ ഗ്രാമത്തിലെ മുസ്ലിംകളൊക്കെയും.
അമ്പതു കുടുംബങ്ങൡലായി പതിനാലായിരത്തോളം മുസ്ലിംകളാണ് ഇവിടെയുള്ളത്. മുഹമ്മദ് കൊല്ലപ്പെട്ട ദിവസം തന്നെ ഇവരൊക്കെയും ഇവിടം വിട്ടുപോകാന്‍ മനസുകൊണ്ടു തയാറെടുത്തെങ്കിലും സുരക്ഷ ഉറപ്പാക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ വാക്കുകേട്ടു തീരുമാനത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. ബന്ധുക്കളും ഇവരോട് ഗ്രാമം വിട്ടു തങ്ങളുടെ അടുത്തേക്കു വരാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഗ്രാമത്തില്‍നിന്ന് എന്നെന്നേക്കുമായി പോവുന്നതാണ് തങ്ങളുടെ ജീവനു സുരക്ഷ്‌ക്കു നല്ലതെന്നാണ് ഭൂരിഭാഗം മുസ്ലിംകളും വിശ്വസിക്കുന്നത്. ‘ ഇതു ഞങ്ങള്‍ ജനിച്ച ഇടമാണ്. പക്ഷേ, ഭീതിയോടെ ജീവിക്കാനാവില്ല. നിരവധി കുടുംബങ്ങള്‍ നാടുവിട്ടുപോയി. ഞങ്ങളുടെ ദുഖം കാണാന്‍ ആരുമില്ല. ഗ്രാമത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള സാധ്യതയൊന്നും വരും നാളുകളിലും കാണുന്നില്ലെ’ന്നും ഗ്രാമവാസിയായ ഇല്യാസ് പറഞ്ഞു.
അഡീഷല്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് യാദവ് സുരക്ഷ ഉറപ്പാക്കുമെന്ന വാക്കു നല്‍കിയതു വിശ്വസിച്ചാണ് കൂടുതല്‍പേരും ഗ്ര്ാമത്തില്‍തന്നെ തങ്ങുന്നത്. മുസ്ലിം ഭവനങ്ങള്‍ക്കെല്ലാം പൊലീസിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. എഡിഎം തന്റെ പേഴ്‌സണല്‍ നമ്പര്‍ അടക്കം എല്ലാ കുടുംബങ്ങള്‍ക്കും നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ നടപടികള്‍ സ്വീകരിച്ചശേഷം എല്ലാ കുടുംബങ്ങളുമായും എഡിഎം കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് ഗ്രാമം വിട്ടുപോകരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here