പ്രധാനമന്ത്രിയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍; മുഖ്യമന്ത്രി സ്ഥാനം താല്‍പര്യമില്ല; ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ മോദി വരുമെന്നും വെള്ളാപ്പള്ളി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച ശുഭകരമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തൊഴിലില്ലായ്മ, പട്ടികജാതി വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, കേരളത്തിന്റെ സമഗ്ര വികസനം, തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സംവരണ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. എല്ലാവര്‍ക്കും വീട് വേണം എന്ന് ആവശ്യപ്പെട്ടു. എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സിന് സഹായം അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ സാഹചര്യങ്ങള്‍ മൂന്നാം ചേരിക്ക് അനുകൂലമാണ്. ഹിന്ദു കൂട്ടായ്മയാണ് എസ്എന്‍ഡിപിയുടെ ലക്ഷ്യം. കേന്ദ്രമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കില്ല. താന്‍ ഒന്നിന്റെയും നേതൃത്വം ഏറ്റെടുക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ തനിക്ക് താല്‍പര്യമില്ല. പഞ്ചായത്ത് മെമ്പര്‍ ആകാന്‍ പോലും താനില്ല. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ഒന്നും ചര്‍ച്ച ചെയ്തില്ല. എല്ലാ പാര്‍ട്ടിക്കാരും ഉള്‍പ്പെടുന്നതാണ് എസ്എന്‍ഡിപി യോഗം. എസ്എന്‍ഡിപിയ്ക്ക് ആര് സീറ്റ് തന്നാലും സ്വീകരിക്കും. ബിജെപി തനിക്ക് ഓഫര്‍ ഒന്നും തന്നിട്ടില്ല. ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചുവെന്നും എത്തും എന്ന് പ്രധാനമന്ത്രി അറിയിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News