കാസര്‍ഗോഡ്: ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ സ്ലാബ് തുരന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. കുടക് സ്വദേശിയാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. കുടക് സ്വദേശിയുടെ നേതൃത്വത്തിലാണ് കവര്‍ച്ച നടത്തിയത്. ഇയാള്‍ തന്നെയാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ സുഹൃത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചത്. സുഹൃത്ത് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കെട്ടിടം വാടകയ്ക്ക് എടുത്ത മഞ്ചേശ്വരം സ്വദേശിയെന്ന് പരിചയപ്പെടുത്തിയയാളുടെ സുഹൃത്താണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ക്കായി പൊലീസ് ജാര്‍ഖണ്ഡിലും കര്‍ണാടകത്തിലും തെരച്ചില്‍ നടത്തും.
കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ താഴത്തെ നിലയിലെ മുറി വാടകയ്ക്ക് എടുത്തയാളുടെ രേഖാചിത്രം പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇയാളെ കെട്ടിടമുടമയ്ക്ക് പരിചയപ്പെടുത്തിയ തൃക്കരിപ്പൂരിലെ യൂസഫ്, മറ്റു പത്തോളം പേര്‍ എന്നിവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. യൂസഫാണ് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ മുഖ്യപ്രതി കുടക് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്.
കഴിഞ്ഞയാഴ്ചയാണ് കാസര്‍ഗോഡ് വിജയാ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയില്‍ സ്‌ട്രോംഗ് റൂമിന്റെ സ്ലാബ് തുരന്ന് സ്വര്‍ണവും പണവും കൊള്ളയടിക്കപ്പെട്ടത്. 4.95 കോടി രൂപയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയും ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ടു. റെയില്‍വേമേല്‍പാലം റോഡരികിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഒരു ആഭരണ ലോക്കറിലും മറ്റൊരു അലമാരയിലും സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. 19.75 കിലോഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. മൂന്നാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ നടന്ന രണ്ടാമത്തെ ബാങ്ക് കവര്‍ച്ച നാട്ടുകാരെ പരിഭ്രാന്തരാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here