ജനങ്ങളെ പിഴിയാന്‍ കെഎസ്ഇബിയുടെ ഉട്ടോപ്യന്‍ നയം; മീറ്ററിന് സെക്യൂരിറ്റി ഡെപ്പോസിറ്റും പുതിയ കണക്ഷന് പ്രോസസിംഗ് ഫീയും

തിരുവനന്തപുരം: മീറ്റര്‍ റീഡിംഗിന് ആള്‍ വരുമ്പോള്‍ വീട് പൂട്ടിക്കിടന്നാല്‍ ഫൈന്‍ അടയ്ക്കണം എന്ന വിവാദ ഉത്തരവിന് പിന്നാലെ ജനങ്ങളെ പിഴിയാന്‍ ലക്ഷ്യമിട്ട് കെഎസ്ഇബിയുടെ പുതിയ ഉത്തരവ്. മീറ്റര്‍ വാടകയ്ക്ക് പിന്നാലെ മീറ്ററിന് ഉപഭോക്താക്കളില്‍ നിന്നു തന്നെ പണം ഈടാക്കാനാണ് കെഎസ്ഇബിയുടെ പുതിയ തീരുമാനം. സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന പേരില്‍ മീറ്ററിന് പണം ജനങ്ങളില്‍ നിന്ന് ഈടാക്കാനാണ് നീക്കം. നിലവില്‍ മാസാമാസം മീറ്റര്‍ വാടക എന്ന പേരില്‍ നിശ്ചിതതുക ബില്ലില്‍ ഈടാക്കുന്നതിന് പുറമേയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. സിംഗിള്‍ ഫേസ് കണക്ഷന്‍ ഉള്ളവരില്‍ നിന്ന് 700 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കാന്‍ ഉദ്ദേശിക്കുന്നത്. ത്രീ ഫേസ് കണക്ഷനുള്ള ഉപഭോക്താക്കളില്‍ നിന്ന് 2,100 രൂപയും ഈടാക്കും.

പുതിയ കണക്ഷന് പ്രോസസിംഗ് ഫീ ഈടാക്കാനും കെഎസ്ഇബിക്ക് ഉദ്ദേശമുണ്ട്. വിവിധ കണക്ഷനുകള്‍ക്കായി 1,000 രൂപ വരെ പ്രോസസിംഗ് ഫീ ഈടാക്കാനാണ് ലക്ഷ്യം. 5 കിലോവാട്ട് വരെയുള്ള വൈദ്യുതി കണക്ഷന്‍ എടുക്കുന്നവരില്‍ നിന്ന് 180 രൂപ പ്രോസസിംഗ് ഫീ ആയി ഈടാക്കാനാണ് ഉത്തരവിലെ നിര്‍ദേശം. 5 കിലോവാട്ട് മുതല്‍ 20 കിലോവാട്ട് വരെയുള്ള കണക്ഷന് 1,000 രൂപയും പ്രോസസിംഗ് ഫീ ആയി ഈടാക്കും. സെപ്തംബര്‍ ഒന്നുമുതലുള്ള മുന്‍കാല പ്രാബല്യത്തോടെ തീരുമാനം നടപ്പാക്കും. ഇതിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെഎസ്ഇബിക്ക് അനുമതി നല്‍കി. മീറ്ററിന് പണം ഈടാക്കുന്നത് പ്രധാനമായും കേടായ മീറ്റര്‍ മാറ്റിവയ്ക്കുന്നവരെയാണ് ബാധിക്കുക. കേടായ മീറ്റര്‍ മാറ്റിവയ്ക്കുന്ന 16 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് തീരുമാനം തിരിച്ചടിയാകും.

മീറ്റര്‍ റീഡിംഗിന് ആള്‍ എത്തുമ്പോള്‍ വീട് പൂട്ടിക്കിടക്കുകയാണെങ്കില്‍ 250 രൂപ മുതല്‍ 500 രൂപ വരെ പിഴ ഈടാക്കാന്‍ നിര്‍ദേശിച്ച് കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉത്തരവിറക്കിയത്. ഉത്തരവ് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. വിവാദമായതോടെ ഉത്തരവ് പുനഃപരിശോധിക്കാമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News