ലോകം കണ്ട പ്രധാനമന്ത്രിയോടൊരു ചോദ്യം; അങ്ങ് ഇന്ത്യ കണ്ടിട്ടുണ്ടോ? നരേന്ദ്രമോദിക്കൊരു തുറന്ന കത്ത്; എസ്.വി പ്രദീപ് എഴുതുന്നു

ഡിയര്‍ മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ;

താങ്കളുടെ അമേരിക്കന്‍ അയര്‍ലന്‍ഡ് സന്ദര്‍ശനത്തെയും മുന്‍കാല വിദേശയാത്രകളേയും പ്രാദേശിക ദേശീയ മാധ്യമങ്ങളില്‍ കൂടി വളരെ അടുത്ത് മനസിലാക്കാന്‍ ശ്രമിച്ച ഒരു സാധാരണ ഇന്ത്യക്കാരനാണ് ഞാന്‍. ലോകനേതാക്കളുമായുളള ഇടപെടലിലെ താങ്കളുടെ ശരീരഭാഷയും സന്ദര്‍ഭങ്ങളെ മുഴുവന്‍ അതിലേക്ക് ആകര്‍ഷിച്ച് നിര്‍ത്തുന്നതില്‍ താങ്കള്‍ പുലര്‍ത്തിയ കരവിരുതും പ്രശംസനീയം തന്നെ. താങ്കള്‍ അധികാരമേറ്റെടുത്ത് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നടത്തിയ വളരെയധികം വിദേശയാത്രകളിലും അതിലൂടെ താങ്കള്‍ നേടിയെടുത്ത മാധ്യമശ്രദ്ധയിലും താങ്കളെപ്പോലെ ഞാനും ഏറെ അഭിമാനിക്കുന്നു. താങ്കളെക്കുറിച്ചുളള അഭിമാനം ഭ്രാന്തമായ ആരാധനയിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ഒരു പുലര്‍കാല സ്വപ്നത്തില്‍ എന്റെ ഗ്രാമത്തിലെ ശിവന്‍ചേട്ടന്‍ എന്റെ ചെവിക്ക് പിടിച്ചത്.

അതുവരെ താങ്കളും അമേരിക്കയും അയര്‍ലന്‍ഡും സുക്കര്‍ബര്‍ഗും സിലിക്കോണ്‍വാലിയും അവിടുത്തെ ഐ ടി ഭീമന്‍മാരുടെ വര്‍ണക്കാഴ്ചകളിലുമായിരുന്ന ഞാന്‍ തലയ്ക്കടിയേറ്റപോലെ ശിവന്‍ ചേട്ടന്റെ ചോദ്യങ്ങള്‍ക്ക് പിന്നാലെ പോയി. താങ്കള്‍ ശിവന്‍ ചേട്ടനെ അറിയാന്‍ വഴിയില്ല. ശിവന്‍ ചേട്ടന്‍ ഇന്ത്യയുടെ ഒട്ടുമിക്ക ഗ്രാമങ്ങളും വളരെ അടുത്തറിഞ്ഞ വ്യക്തിയാണ്. അടുത്തകാലത്ത് ദുരന്തമറിഞ്ഞ കൃഷിക്കാരനാണ്. സ്വപ്നത്തില്‍ ശിവന്‍ ചേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു.

1. രാജ്യത്ത് കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച അപകടകരമായി വര്‍ദ്ധിക്കുന്നു
2. വിളനാശം തടയാന്‍ ഫലപ്രദമായ നടപടികള്‍ ഇല്ല
3. പ്രാഥമികവിദ്യാഭ്യാസരംഗം അതിഭീകരമാം വിധം കുത്തഴിഞ്ഞിരിക്കുന്നു
4. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ നടപടിയില്ല
5. പൊതുഗതാഗത സംവിധാനം അതിദയനീയം
6. എല്ലാ ഗ്രാമങ്ങളെയും ബന്ധിപ്പിച്ച് റോഡില്ല; ഉളളതിന്റെ അവസ്ഥയോ?
7. വൈദ്യുതി ലഭിക്കാത്ത ലക്ഷക്കണക്കിന് ഗ്രാമീണര്‍
8. ശൗചാലയങ്ങളുടെ അവസ്ഥ! അവ ഉണ്ടോ?
9. പോഷകാഹാര കുറവിനെ കുറിച്ച്, സ്ത്രീകളുടെ അവസ്ഥയെകുറിച്ച് ഐക്യരാഷ്ട്രസഭ എന്താണ് പറഞ്ഞത്?
10. ഗ്രാമീണ ഇന്ത്യയില്‍ ആരോഗ്യമേഖലയുടെ സ്ഥിതി എന്ത്? ആശുപത്രികള്‍, ചേരികള്‍, ആദിവാസികള്‍, തൊഴില്‍ രംഗം, ഇവയുടെയെല്ലാം അവസ്ഥ എന്താണ്.?
11. മൊബൈല്‍ ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലെ വലിയകണക്കു പറയുകയും അതിനെ ഡിജിറ്റല്‍ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കാനും താങ്കള്‍ നടത്തുന്ന ശ്രമത്തില്‍, അവരുടെ കൈയിലുള്ള മൊബൈല്‍ ഫോണിന് ഇതൊക്കെ ഉള്‍ക്കൊള്ളാനുള്ള സാങ്കേതിക തികവുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ടോ?

ഇവയൊക്കെ കുറിച്ച് ശിവന്‍ ചേട്ടന്‍ അടുത്തറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞു കേട്ടപ്പോ തന്നെ ഞാന്‍ ശിവന്‍ ചേട്ടനെ തടഞ്ഞു. വെറുതെ വിമര്‍ശിക്കരുതെന്ന് വിലക്കി. എന്നിട്ട് അങ്ങ് കൂടിക്കാഴ്ച നടത്തിയ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ക്വാല്‍കം, ഫേസ്ബുക്ക്, ആപ്പിള്‍ തുടങ്ങി സിലിക്കോണ്‍വാലി കാഴ്ചകളില്‍ കൂടി അങ്ങു പറയുന്ന മെയ്ക്ക് ഇന്‍ ഇന്ത്യയേയും ഡിജിറ്റല്‍ ഇന്ത്യയേയും വിവരിച്ചു കൊടുത്തു.

ഡിയര്‍ പ്രൈംമിനിസ്റ്റര്‍, അതൊക്കെ കേട്ടിട്ട് ശിവന്‍ചേട്ടന്‍ പൊട്ടിച്ചിരിച്ചുകോണ്ട് ചോദിക്കുകയാ ‘പണ്ട് കേട്ട ഇന്ദിര ഗാന്ധിയുടെ ഗരീബി ഹഠാവോയും രാജീവ് ഗാന്ധിയുടെ പൂര്‍ണ ഗ്രാമവികസനവും നരസിംഹ റാവുവിന്റെ സമഗ്രസാമ്പത്തിക വികസനവും വാജ്‌പേയിയുടെ ഇന്ത്യ തിളങ്ങുന്നുവും ഡോ. മന്‍മോഹന്‍ സിംഗിന്റെ ലോക സാമ്പത്തികശക്തി മുദ്രാവാക്യങ്ങള്‍ക്കും കൂടുതലായി അങ്ങ് എന്തു പറയുന്നെന്ന്. ഈ മുദ്രാവാക്യങ്ങള്‍ കബളിപ്പിച്ചത് പോലെ അങ്ങും ഗ്രാമീണ ഇന്ത്യയെ കളിയാക്കുകയാണെന്ന്. അസംതുലിത വികസനം എന്ന നവലിബറല്‍ ശാപത്തെ അതിജീവിക്കാന്‍ അങ്ങേയ്ക്ക് മുദ്രാവാക്യങ്ങള്‍ ഇല്ലെന്ന്. അങ്ങ് ഗ്രാമീണ ഇന്ത്യയെ ഭ്രമിപ്പിച്ച് മുതലാളി രാജ്യങ്ങളുടെ വിപണിയാക്കി മാറ്റാന്‍ അവസരം സൃഷ്ടിക്കുന്നെന്ന്. എല്ലാ ലോക രാജ്യങ്ങളും അടുത്തറിയാനായി യാത്രയ്ക്ക് ഷഡ്യൂള്‍ ചെയ്യുന്ന അങ്ങ് ഇന്ത്യയിലെ എല്ലാ ഉള്‍ ഗ്രാമങ്ങളും എന്തിന് മുക്കാല്‍ ഭാഗം ഗ്രാമങ്ങളെങ്കിലും കണ്ടിട്ടുണ്ടോ എന്ന്? അടുത്തറിഞ്ഞിട്ടുണ്ടോ എന്ന്? പിന്നെ എങ്ങനെ അങ്ങ് വ്യത്യസ്തനാകുമെന്ന്? ഇതൊക്കെ കേട്ട് ഞാന്‍ ശിവന്‍ ചേട്ടനെ പുലര്‍കാലസ്വപ്നത്തില്‍ നിന്നും തട്ടിയകറ്റി. ആട്ടിപ്പായിച്ചു.
വിമര്‍ശകനാണെങ്കിലും ശിവന്‍ചേട്ടന്‍ നല്ലൊരു കര്‍ഷകനായിരുന്നു. പക്ഷേ പിന്നീട് കടം കയറി ആത്മഹത്യ ചെയ്തു. ഇപ്പോള്‍ കുടുംബവും കഷ്ടപ്പാടില്‍. ഡിയര്‍ പ്രൈം മിനിസ്റ്റര്‍, നവംബറില്‍ അങ്ങ് ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്നറിയുന്നു. അവിടെ വെംബ്ലി സ്റ്റേഡിയം ജനസാഗരമാക്കാന്‍ പിആര്‍ വര്‍ക്ക് തുടങ്ങിയെന്നും അറിഞ്ഞു. അവിടേയ്ക്ക് പോകും മുമ്പ് ഇടയ്‌ക്കെപ്പോഴെങ്കിലും അങ്ങ് ഈ ഗ്രാമീണന്റെ കത്ത് വായിക്കുമോ. ഇതില്‍ ശിവന്‍ ചേട്ടന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഗൗരവം ഉളളതാണോ. ഭാവിയില്‍ എന്നെങ്കിലും ശിവന്‍ ചേട്ടന്‍ സ്വപ്നത്തില്‍ ശല്യം ചെയ്താല്‍ ശക്തമായ മറുപടി കൊടുത്ത് അങ്ങയെ ന്യായീകരിച്ച് വാദിക്കാന്‍ എനിക്കാകുമോ. എന്നെപ്പോലെ എല്ലാ ഗ്രാമീണര്‍ക്കും. അങ്ങയെ സ്‌നേഹിക്കുന്ന എന്നാല്‍ അങ്ങയെ ആരാധിക്കാന്‍ ശിവന്‍ ചേട്ടന്‍ സമ്മതിക്കാത്തതിനാല്‍ മടിച്ച് നില്‍ക്കുന്ന

എസ് വി പ്രദീപ്
(ഒപ്പ്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News