സിനിമാരംഗം വിടുന്നെന്ന വാർത്തകൾ നിഷേധിച്ച് മലയാളിയുടെ പ്രിയതാരം പാർവതി മേനോൻ. താൻ സിനിമാ രംഗത്ത് നിന്ന് പിൻവാങ്ങുന്നെന്ന വാർത്തകൾ വ്യാജമാണെന്നും ഇങ്ങനെ ഒരു പ്രസ്താവന ഒരു മാധ്യമത്തിനും നൽകിയിട്ടില്ലെന്നും പാർവതി പറഞ്ഞു.
വാർത്തകൾ നൽകുമ്പോൾ അതിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ടതിനു ശേഷം നൽകാനുള്ള കടമ മാധ്യമങ്ങൾക്കില്ലേയെന്നും പാർവതി ചോദിക്കുന്നു. ഗൗരവത്തോടെ സിനിമയെ സമീപിക്കുമ്പോൾ ഇത്തരം വ്യാജവാർത്തകൾ കെട്ടിച്ചമയ്ക്കുന്നത് കാണുമ്പോൾ സങ്കടമുണ്ടെന്നും പാർവതി മനോരമ ഓൺലൈനിനോട് പറഞ്ഞു. സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിൽ അത് താൻ വഴി തന്നെയായിരിക്കും പ്രേക്ഷകർ അറിയുന്നതെന്നും അല്ലാതെ മറ്റൊരു മീഡിയ വഴിയും അറിയേണ്ടി വരില്ലെന്നും പാർവതി പറയുന്നു.
തത്കാലം സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ പാർവതി തീരുമാനിച്ചെന്നാണ് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നത്. ചമയങ്ങളൊന്നുമില്ലാത്ത ലോകത്ത് സ്വസ്ഥമായിരിക്കാൻ ആഗ്രഹിക്കുന്നതായി പാർവതി സൂചിപ്പിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം നാലുവർഷം മുമ്പ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ പാർവതിക്ക് പക്ഷേ മികച്ച വേഷം കിട്ടാൻ കഴിഞ്ഞ വർഷം വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബാംഗ്ലൂർ ഡേയ്‌സ് ആണ് പാർവതിയെ വീണ്ടും ശ്രദ്ധേയയാക്കിയത്.
2006ൽ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മുന്നിലെത്തിയ പാർവതി നോട്ട്ബുക്ക്, വിനോദയാത്ര എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ മലയാളത്തിൽ സ്വന്തം സീറ്റുറപ്പിക്കുന്നതിനിടയിൽ തമിഴിലേക്കും കന്നഡയിലേക്കും ചേക്കേറി. 2007ൽ മിലാനയിലൂടെ കന്നഡയിലെത്തി. അതേവർഷം തന്നെ പുറത്തിറങ്ങിയ ഫ്‌ളാഷ് എന്ന ചിത്രത്തിനു ശേഷം മലയാളത്തിൽ നിന്ന് വിട്ടുനിന്നു. പിന്നീട് 2011ൽ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. പുതിയ ചിത്രമായ ചാർളിയുടെ തിരക്കിലാണ് ഇപ്പോൾ പാർവതി.
Get real time update about this post categories directly on your device, subscribe now.
Discussion about this post