സംഗീത കുലപതിക്കപ്പുറത്തെ ചെമ്പൈ; യുവത്വത്തിന്റെ ഭാഷയില്‍ ജീവിതം പറഞ്ഞ് ‘ചെമ്പൈ; മൈ ഡിസ്‌കവറി ഓഫ് എ ലെജെന്‍ഡ്’

സംഗീത കുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു. 70 വര്‍ഷത്തോളം നീണ്ട സപര്യയും സംഗീത ജീവിതവും പ്രമേയമായ, ചെമ്പൈ; മൈ ഡിസ്‌കവറി ഓഫ് എ ലെജെന്‍ഡ്’ എന്ന ഡോക്യുമെന്ററി യുവനടി സൗമ്യ സദാനന്ദനാണ് സംവിധാനം ചെയ്തത്. സംഗീത ചക്രവര്‍ത്തിയുടെ പ്രിയ ശിഷ്യന്‍ ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ് ചെമ്പൈയില്‍ നടത്തുന്ന സംഗീതകച്ചേരിയിലൂടെയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. സാധാരണക്കാരന് മനസിലാകുന്ന രീതിയില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം യുവത്വത്തിന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. സംഗീത കുലപതി എന്നതിനപ്പുറത്തെ ചെമ്പൈ എന്ന മനുഷ്യനെയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്. ചെമ്പൈ ഗ്രാമം പശ്ചാത്തലമാക്കിയാണ് ഡോക്യമെന്ററി നിര്‍മ്മിച്ചത്.

ചെമ്പൈയുടെ ശിഷ്യന്‍മാരായ പത്മഭൂഷണ്‍ ടിവി ഗോപാലകൃഷ്ണന്‍, ഡോ. കെജെ യേശുദാസ്, കെജി ജയന്‍ എന്നിവരുടെ അനുഭവങ്ങളിലൂടെയാണ് പ്രമേയം പുരോഗമിക്കുന്നത്. ഡോക്യുമെന്ററി ഞായറാഴ്ച തിരുവനന്തപുരം കലാഭവന്‍ തീയറ്ററില്‍ രാവിലെ 9മണിക്ക് പ്രദര്‍ശിപ്പിക്കും. നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ചെമ്പൈ ഏകാദശി സംഗീതോത്സവത്തിന് പിന്നിലെ മുഖങ്ങളെപ്പറ്റിയും ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നു. മനു ചന്ദ്രന്‍, വിനു ജനാര്‍ദ്ദനന്‍ എന്നിവരുടേതാണ് തിരക്കഥ. അജയ് രാഹുലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സൈക്കി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിച്ച ഡോക്യുമെന്ററി ഫിലിമിന് സംഗീതം നല്‍കിയത് ജിഎസ് ജയ്ഹരിയാണ്. ചെമ്പൈ ഗ്രാമത്തിലും ഡോക്യുമെന്ററി ഫിലിംഫെസ്റ്റുകളിലും പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ് ‘ചെമ്പൈ; മൈ ഡിസ്‌കവറി ഓഫ് എ ലെജെന്‍ഡ്.’
ഡോക്യുമെന്ററി ഫിലിമിന്റെയും ഗാന ഗന്ധര്‍വന്‍ ഡോ. കെജെ യേശുദാസ് ചെമ്പൈയെ അനുസ്മരിക്കുന്നതിന്റെയും ട്രെയ്‌ലര്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News