വിജയ ബാങ്ക് കവർച്ച; മുഖ്യപ്രതി ഉൾപ്പെടെ നാലു പേർ പിടിയിൽ; സംഘം കുടക് കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരിൽ പ്രധാനികൾ

കാസർഗോഡ്: ചെറുവത്തൂർ വിജയ ബാങ്ക് കവർച്ച കേസിൽ മുഖ്യപ്രതി ഉൾപ്പെടെ നാലു പേർ പിടിയിൽ. കുടക് നിവാസിയായ മലയാളിയും കാസർഗോഡ് സ്വദേശികളായ അബ്ദുൾ ലത്തീഫ്, അബ്ദുൾ ഖാദർ, ബഷീർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

പിടിയിലായവരെല്ലാം ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്നും കവർച്ച ചെയ്യപ്പെട്ട പണവും സ്വർണ്ണവും കണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. കുടക് കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘമാണ് പിടിയിലായത്. മറ്റൊരാളിൽ നിന്ന് ഇയാളുടെ മൊബൈലിലേക്ക് പോയ ഫോൺകോളാണു മുഖ്യപ്രതിയെ കുടുക്കിയതെന്നാണ് സൂചന. ബാങ്കിന്റെ താഴത്തെ നിലയിലെ കടമുറികൾ വാടകയ്ക്ക് എടുത്തത് ഇയാൾ തന്നെയാണെന്നും കട ഉടമയോടും പരിസരവാസികളോടും പറഞ്ഞ, ഇസ്മായിൽ എന്ന പേര് വ്യാജമാണെന്നും അന്വേഷണ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച്ചയാണ് വിജയാ ബാങ്കിന്റെ ചെറുവത്തൂർ ശാഖയിൽ കവർച്ച നടന്നത്. 5.11 കോടി രൂപ വിലമതിക്കുന്ന 20.460 കിലോഗ്രാം സ്വർണവും 2.95 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയുടെ കോൺക്രീറ്റ് മേൽക്കൂര തുരന്ന് മുകളിലെ നിലയിലെ സ്‌ട്രോംഗ്‌റൂമിൽ കടന്നായിരുന്നു കവർച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News