അധ്യാപകന്റെ ആത്മഹത്യ; സ്‌കൂള്‍ മാനേജരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

പാലക്കാട്: മുന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ.കെ. അനീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജരെ അറസ്റ്റ് ചെയ്തു. പാലക്കാട് ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്നിയൂര്‍ സ്‌കൂള്‍ മാനേജര്‍ വി.പി സെയ്തലവിയാണ് പിടിയിലായത്. പലതവണ ആവശ്യപ്പെട്ടിട്ടും നോട്ടീസ് അയച്ചിട്ടും സെയ്തലവി ക്രൈംബ്രാഞ്ചിനു മുമ്പാകെ ഹാജരായിരുന്നില്ല. ഇന്ന് ഹാജരായപ്പോഴാണ് സെയ്തലവിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

മുന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകനായിരുന്നു അനീഷ്. 34 കാരനായ അനൂപിനെ കഴിഞ്ഞവര്‍ഷം സെപ്തംബര്‍ രണ്ടിനാണ് പാലക്കാട്ടെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2013 ഫെബ്രുവരി അഞ്ചിന് മൂന്നിയൂര്‍ സ്‌കൂളില്‍ നടന്ന പ്രശ്‌നമാണ് അനീഷിന്റെ സസ്‌പെന്‍ഷനിലും പിരിച്ചുവിടലിലും കലാശിച്ചതെന്നാണ് ആരോപണം. കമ്പ്യൂട്ടര്‍ ലാബില്‍ ചെരിപ്പിട്ട് കയറിയതിനെ തുടര്‍ന്ന് അറ്റന്‍ഡറുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.

തര്‍ക്കം ആദ്യം പറഞ്ഞവസാനിപ്പിച്ചെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അറ്റന്‍ഡര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും അടിപിടിക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതേത്തേുടര്‍ന്ന് 2013 മാര്‍ച്ച് രണ്ടിനാണ് സ്‌കൂളില്‍നിന്ന് അനീഷിനെ സസ്‌പെന്റ് ചെയ്തത്.

പുറത്താക്കി ഒരു വര്‍ഷവും നാല് മാസവും പിന്നിട്ടിട്ടും ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ കൂട്ടാക്കാതിരുന്നതോടെ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാനേജരുടെ വാശിയാണ് കാരണമെന്നും നോട്ടീസ് കൊടുക്കാതെയാണ് പുറത്താക്കലുണ്ടായതെന്നും ആരോപണമുണ്ടായിരുന്നു. അനീഷിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ അധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസറും അനീഷിന് അനുകൂലമായ നിലപാടാണെടുത്തത്. സസ്‌പെന്‍ഷന്‍ പുനപരിശോധിക്കണമെന്നായിരുന്നു ഡിഇഒയുടെ റിപ്പോര്‍ട്ട്. അനീഷിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു മുന്നിയൂര്‍ പഞ്ചായത്ത് ഓഫീസ്, സ്‌കൂള്‍, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ ദിവസങ്ങള്‍ നീണ്ട സമരവും നടന്നു. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ഗോപി വിരമിക്കുന്ന ദിവസമാണ് അനീഷിനെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങിയത്. തുടര്‍ന്ന് അനീഷ് പാലക്കാട്ടെ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News