ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ പോരാട്ടം തുടങ്ങുകയാണ്. ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ അതലറ്റിക്കോ ഡി കൊല്‍ക്കത്തയും, ടൂര്‍ണമെന്റിലെ ശക്തരായ ചെന്നൈയിന്‍ എഫ്‌സിയും തമ്മിലാണ് ആദ്യ പോരാട്ടം. കഴിഞ്ഞ സീസണിലേക്ക് എത്തിനോക്കിയാല്‍ പോയിന്റ് ടേബിളില്‍ ഒന്നാമതായാണ് ചെന്നൈ സെമി യോഗ്യത നേടിയത്. കൊല്‍ക്കത്തയാകട്ടെ മൂന്നാമതായും. മുഖാമുഖം വന്നപ്പോഴും വിജയികളെ നിശ്ചയിക്കാന്‍ കഴിയാതെ വന്നു. ആദ്യ പോരാട്ടത്തില്‍ ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചപ്പോള്‍ രണ്ടാം മത്സരം ഗോള്‍ രഹിത സമനിലയുമായി.
പരസ്പരം ശക്തി ദൗര്‍ബല്യങ്ങള്‍ നോക്കിയാല്‍ മുന്‍തൂക്കം ഇക്കുറി ചെന്നൈയ്ക്കാണെന്ന് പറയേണ്ടി വരും. സ്വന്തം കാണികളുടെ പിന്തുണ. കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ബോള്‍ ജേതാവ് എലാനോ ബ്ലൂമറുടെ സാന്നിധ്യം. എലാനോ എന്ന അപകടകാരിയെ എങ്ങനെ മെരുക്കുമെന്നതിലാണ് കളി ഇരിക്കുന്നത്. ബ്ലൂമറുടെ പരുക്കായിരുന്നു കഴിഞ്ഞ വട്ടം ചെന്നൈയിന്‍ എഫ്‌സിയെ സെമിയില്‍ തടയാന്‍ കേരളത്തെ സഹായിച്ചതും. 8 ഗോളുകളാണ് എലാനോ ഐഎസ്എല്‍ ആദ്യ സീസണില്‍ അടിച്ചുകൂട്ടിയത്.
കഴിഞ്ഞ സീസണില്‍ അത്‌ലറ്റിക്കോയുടെ ഗോളടി യന്ത്രമായിരുന്ന ഫിക്രു ടഫേര ഇന്ന് ചെന്നൈയ്‌ക്കൊപ്പമാണ്. എലാനോയ്‌ക്കൊപ്പം ആക്രമണ നിരയില്‍ ഫിക്രുവുണ്ട്. പക്ഷെ, പരുക്കിന്റെ പിടിയിലായ ഫിക്രു ഇന്ന് കളിക്കുമോയെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. വലതു വിംഗില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ മെന്‍ഡിയുടെ സാന്നിധ്യം ഉപകരിക്കും. മധ്യനിരയെ ബ്രസീലിയന്‍ സമ്പത്തുകൊണ്ട് നിറയ്ക്കുകയാണ് ചെന്നൈ. മുന്‍നിരയില്‍ ഇന്ത്യന്‍ മുന്നേറ്റ താരം ബല്‍വന്ത് സിംഗും , പ്രതിരോധത്തില്‍ അഭിഷേക് ദാസും ശക്തിപകരും.
മറുവശത്ത് മാര്‍ക്വീ താരം ഹെല്‍ഡര്‍ പെസ്റ്റിഗയുടെ സാന്നിധ്യമാണ് കൊല്‍ക്കത്തയെ കൂടുതല്‍ അപകടകാരികളാക്കുന്നത്. കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ ഹൃദയം കീഴടക്കിയ പ്രിയ ഹ്യൂമേട്ടന്‍ പെസ്റ്റിഗയ്ക്ക് പന്ത് എത്തിച്ചു കൊടുക്കും. നാഡ്‌ജോങ്ങ് ബൂട്ടിയയും, സുശീല്‍ കുമാര്‍ സിംഗും മുന്നേറ്റത്തില്‍ കൊല്‍ക്കത്തയുടെ ഇന്ത്യന്‍ സാന്നിധ്യമാണ്. മിഡ്ഫീല്‍ഡില്‍ ബോര്‍ജയും, വലാഡോയുമൊക്കെ കൂട്ടിനുണ്ട്. പ്രതിരോധത്തിലേക്ക് നോക്കിയാല്‍ ഇന്ത്യന്‍ കരുത്തില്‍ തന്നെയാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍. സെയ്ദ് റഹീം നബി, റിനോ ആന്റോ, അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ഡെന്‍സില്‍ അങ്ങനെ നീളുന്നു പ്രതിരോധ താരങ്ങളുടെ പട്ടിക.
മലാഗയുടെയും, വിയ്യാറയലിന്റെയും, ലിവര്‍പൂളിന്റെയുമൊക്കെ പ്രതിരോധം കാത്ത ജോസെമിയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ പ്രതിരോധത്തെ നയിക്കുന്നത്. കഴിഞ്ഞ സീസണിലെ കുതിപ്പു തുടരാന്‍ കൊല്‍ക്കത്ത എത്തുമ്പോള്‍, പാതിയില്‍ കൈവഴുതിപ്പോയ കിരീടം തിരിച്ചുപിടിക്കാനാണ് ചെന്നൈ എത്തുന്നത്. പോരാട്ടം ആദ്യം മുതലേ കനക്കും. രണ്ടാം സീസണോടെ സൂപ്പര്‍ ലീഗിന്റെ യഥാര്‍ത്ഥ ശക്തികളെ തിരിച്ചറിയാം എന്നതു കൊണ്ട് കിരീടത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകളും പ്രതീക്ഷിക്കുന്നുമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here