സ്വവര്‍ഗാനുരാഗിയായ പഴയ ശിഷ്യനെ മാര്‍പാപ്പ വിളിച്ചുവരുത്തി ആശ്ലേഷിച്ചു; മാറുന്ന കാലത്തെ സഭാ പരമാധ്യക്ഷന്റെ നടപടിക്ക് ലോകത്തിന്റെ ആദരം

വാഷിംഗ്ടണ്‍: സെപ്റ്റംബര്‍ മാസം ആദ്യം സ്വവര്‍ഗാനുരാഗിയായ യായോ ഗ്രാസിക്ക് ഒരു ഫോണ്‍ വന്നു.

ഒബ്ഡുലിയോ ആണോ?

ചോദ്യം കേട്ടു ഗ്രാസി ആകെ ഞെട്ടി. അമ്പതു വര്‍ഷം മുമ്പു തന്നെ സ്‌കൂളിലെ ടീച്ചര്‍ വിളിച്ച പേരു വിളിക്കാന്‍ ഇപ്പോള്‍ ആരാണെന്നു സംശയം.

ആരാണിത്? ഗ്രാസി ചോദിച്ചു.

‘ഒബ്ഡുലിയോ എന്നു നിങ്ങളെ വിളിക്കാന്‍ ആരുണ്ട്?’

‘ഒരാള്‍ മാത്രം, പക്ഷേ, ആരാണെന്നു പറയാതെ ഞാന്‍ സംസാരം തുടരില്ല’ ഗ്രാസിയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘ ഇത് ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ, ഞാന്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ വരുമ്പോള്‍ എനിക്കു നിങ്ങളെയൊന്ന് ആലിംഗനം ചെയ്യണം’

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മറുപടി ഇത്രമാത്രമായിരുന്നു. ഗ്രാസിയെ ഒബ്ഡുലിയോ എന്നു വിളിച്ച അതേ ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ തന്നെ. കാലങ്ങള്‍ കടന്നപ്പോള്‍ ബെര്‍ഗോഗ്ലിയോ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി. ഫ്രാന്‍സിസ് മാര്‍പാപ്പയെന്നറിയപ്പെട്ടു. സ്വവര്‍ഗാനുരാഗിയുമായ ഗ്രാസിയോടു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു മാര്‍പാപ്പയുടെ സംസാരം. സെപ്റ്റംബര്‍ 23 നു അമേരിക്കയിലെ അപ്പസ്‌തോലിക് ന്യൂന്‍ഷ്യേറ്റില്‍ നടന്ന കൂടിക്കാഴ്ചയിലേക്കു ഫ്രാന്‍സിസ് മാര്‍പ്പയും ഗ്രാസിയും എത്തിയതിങ്ങനെയായിരുന്നു.

1964 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശിഷ്യനായി എത്തിയത്. അര്‍ജന്റീനന്‍ സാഹിത്യവും മനശാസ്ത്രവുമായിരുന്നു വിഷയം. അന്നാണ് ഗ്രാസിക്ക് വിളിപ്പേരിട്ടത്. പിന്നീട് ഇരുവരും തമ്മില്‍ വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. സ്വവര്‍ഗാനുരാഗികളോട് അനുകൂല നിലപാട് സ്വീകരിക്കുന്ന വത്തിക്കാന്റെയും സഭയുടെയും നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.

കാമുകന്‍ ഐവാനൊപ്പമായിരുന്നു ഗ്രാസി പാപ്പയെ കാണാന്‍ എത്തിയത്. എന്നാല്‍ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് സിഎന്‍എന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ അപൂര്‍വമായി മാത്രമാണ് ന്യൂന്‍ഷ്യേറ്റില്‍ പാപ്പ സന്ദര്‍ശകരെ അനുവദിക്കാറുള്ളൂ. പതിനഞ്ചു മിനുട്ടോളം കൂടിക്കാഴ്ച നീണ്ടുനിന്നു. ഗ്രാസിയെയും ഐവാനെയും ആലിംഗനം ചെയ്തും കവിളില്‍ ചുംബനവും നല്‍കിയാണ് പാപ്പ ഇരുവരെയും യാത്രയാക്കിയത്. വാര്‍ത്ത പുറത്തുവന്നതോടെ മാറുന്ന കാലത്തെ തിരിച്ചറിയുന്ന മാര്‍പാപ്പയുടെ ശ്രമത്തെ ലോകം ആദരവോടെയാണ് കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here