മൂന്നടിയില്‍ ചെന്നൈയെ തളച്ച് ആദ്യജയം കൊല്‍ക്കത്തയ്ക്ക്; ജയം രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് ജയം. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പിച്ചത്. ആദ്യപകുതിയില്‍ ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ രപിരിഞ്ഞ ഇരുടീമുകളും രണ്ടാംപകുതിയില്‍ രണ്ടു ഗോള്‍ വീതം നേടി. ഹെല്‍ഡര്‍ പോസ്റ്റിഗയുടെ ഇരട്ടഗോളുകളാണ് കൊല്‍ക്കത്തയ്ക്ക് ജയം സമ്മാനിച്ചത്. വാല്‍ദോ ഒരു ഗോള്‍ നേടി. ചെന്നൈയക്കു വേണ്ടി ജെജെ ലാല്‍പെക്‌ലുവയും എലാനോ ബ്ലൂമറും ഓരോ ഗോള്‍ വീതം നേടി.

കളി തുടങ്ങിയത് കൊല്‍ക്കത്തയുടെ ആക്രമണത്തോടെയായിരുന്നു. നിരന്തരം ചെന്നൈയിന്‍ ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ട കൊല്‍ക്കത്ത 13-ാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ടു. ബോര്‍ജ ഫെര്‍ണാണ്ടസ് എടുത്ത ഫ്രീകിക്ക് പിടിച്ചെടുക്കാനുള്ള എഡെലിന്റെ ശ്രമം വീഴ്ചയില്‍ കലാശിച്ചു. തൊട്ടടുത്ത് നിന്നിരുന്ന പോസ്റ്റിഗ ഒട്ടും സമയം കളയാതെ പന്ത് വലയിലാക്കി. ഒരു ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ചെന്നൈ ഗോള്‍ മടക്കാനുള്ള ശ്രമം ആരംഭിച്ചു. 26-ാം മിനിറ്റില്‍ എലാനോയുടെ അടി രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ പാഞ്ഞു. 31-ാം മിനിറ്റിലായിരുന്നു ചെന്നൈ ഗോള്‍ മടക്കിയത്. അതിന് വഴിയൊരുക്കിയതും എലാനോയായിരുന്നു. എലാനോ ഫിക്രുവിന് നല്‍കിയ പന്ത് അര്‍മീന്ദര്‍ സിംഗ് തട്ടിയകറ്റിയെങ്കിലും പന്ത് ലഭിച്ച ജെജെ കൃത്യമായി പന്ത് വലയിലാക്കി.

രണ്ടാം പകുതിയില്‍ പോസ്റ്റിഗ ഒരിക്കല്‍ കൂടി ചെന്നൈയുടെ വല കുലുക്കി. 70-ാം മിനിറ്റിലായിരുന്നു അത്. മെന്‍ഡി കാണിച്ച ഒരു വലിയ പിഴവിന് വിലയ വില തന്നെ നല്‍കേണ്ടി വന്നു ചെന്നൈയ്ക്ക്. മെന്‍ഡിയുടെ ബാക്ക് പാസ് വഴിതെറ്റി എത്തിയത് പോസ്റ്റിഗയുടെ കാലുകളില്‍. ഗോളി എഡെലിന്റെ കാലുകള്‍ക്കിടയിലൂടെ പോസ്റ്റിഗ പന്ത് വലയിലേക്ക് പായിച്ചു. ഇതേതുടര്‍ന്ന് പരുക്കേറ്റ് പുറത്തു പോയ പോസ്റ്റിഗയ്ക്ക് പകരക്കാരനായി വന്ന വാല്‍ദോയുടെ വകയായിരുന്നു കൊല്‍ക്കത്തയുടെ മൂന്നാം ഗോള്‍. ബോക്‌സില്‍ ഹ്യൂം നല്‍കിയ ക്രോസ് കൃത്യമായി വാല്‍ദോ വലയിലാക്കി. നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ചെന്നൈയിന്‍ തങ്ങളുടെ രണ്ടാം ഗോളും നേടി. ജെജെയുടെ കിക്ക് അര്‍ണാബിന്റെ കയ്യില്‍ തട്ടിയതിന് അല്‍പം വൈകിയാണെങ്കിലും റഫറി അനുവദിച്ച പെനാല്‍റ്റി എലാനോ ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News