ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് സോണിയാ ഗാന്ധി; വ്യാജവാഗ്ദാനങ്ങളല്ലാതെ ഒന്നും നൽകാൻ മോഡിക്ക് സാധിച്ചിട്ടില്ല

ദില്ലി: ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സംവരണ വിഷയത്തിൽ ആർഎസ്എസും ബിജെപിയും ഒത്തു കളിക്കുകയാണെന്നും സോണിയ ആരോപിച്ചു. ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ സോണിയാ ഗാന്ധി ആഞ്ഞടിച്ചത്.

ജാതി മത വർഗീയതയിലൂടെ ബീഹാറിലെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സോണിയാഗാന്ധി കുറ്റപ്പെടുത്തി. വർഗീയ ദ്രുവീകരണം നടത്തുന്ന ബിജെപിയെ ജനങ്ങൾ അവഗണിക്കണം. വ്യാജവാഗ്ദാനങ്ങളല്ലാതെ ജനങ്ങൾക്ക് ഒന്നും നൽകാൻ മോഡിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ബീഹാറിലെ രണ്ട്് നിയോജകമണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് റാലികളിലാണ് സോണിയാ ഗാന്ധി മോഡിയെയും ബിജെപിയെയും കണക്കിന് പ്രഹരിച്ചത്. പിന്നോക്ക സംവരണ കാര്യത്തിൽ ബിജെപിയും ആർഎസ്എസും നടത്തുന്ന ഒത്തുകളി ജനങ്ങൾ തിരിച്ചറിയണമെന്നും സോണിയ ഗാന്ധി പറഞ്ഞു. പിന്നോക്ക സംവരണം നിലനിർത്തുന്ന കാര്യത്തിൽ കോൺഗ്രസ് പ്രത്ജ്ഞാബന്ധമാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

ബീഹാർ പ്രചരണത്തിലുടനീളം സംഘപരിവാറിന്റെ വർഗീയ അജണ്ടയും മോഡി സർക്കാറിന്റെ വാഗ്ദാന ലംഘനങ്ങളും തുറന്നുകാട്ടാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. രണ്ട് തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്ത് മടങ്ങിയ സോണിയ ഗാന്ധി 17 തീയ്യതി വീണ്ടും പ്രചരണത്തിനായി ബീഹാറിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News