ഇളയദളപതി വിജയുടെ പുതിയ ചിത്രമായ പുലിയുടെ പ്രദർശനത്തിനിടെ പ്രേക്ഷകർ തീയേറ്റർ വിടുന്ന വീഡിയോ വൈറൽ. ചിത്രം പുലി മോശമായതിനാലാണ് പ്രേക്ഷകർ ബഹളം വച്ചതെന്ന് ഒരു വിഭാഗം പറയുന്നു. എന്നാൽ തീയേറ്ററിന്റെ ശബ്ദസംവിധാനത്തിലെ പിഴവാണ് കാരണമെന്ന് മറ്റൊരു വിഭാഗം അവകാശപ്പെടുന്നു.
കൂഡല്ലൂർ പൻരുത്തിയിലെ വിജയാ തീയേറ്ററിൽ നിന്നാണ് പ്രേക്ഷകർ ബഹളം വച്ച് ഇറങ്ങി പോയത്. ചിത്രം ആരംഭിച്ച് ആദ്യ പകുതിയിലാണ് കാണികൾ തീയേറ്റർ വിട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു ചിമ്പു ശിവന്റെ പുലി. എന്നാൽ കടുത്ത അതൃപ്തിയാണ് ചിത്രത്തിനെതിരെ ഉയർന്നത്. ഗ്രാഫിക്‌സുകളുടെ അമിതമായ ഉപയോഗവും പ്രേക്ഷകനെ അലോസരപ്പെടുത്തുന്നുവെന്നാണ് വിമർശകർ പറയുന്നത്.
2014 നവംബറിൽ ചിത്രീകരണം ആരംഭിച്ച പുലി വിജയിയുടെ 58-ാമത് ചിത്രമാണ്. തായ്‌ലൻഡിൽ നിന്നുളള സ്റ്റണ്ട് കൊറിയോഗ്രാഫർ യോങ് ആണ് ചിത്രത്തിന്റെ സംഘടനം നിർവഹിച്ചിരിക്കുന്നത്. വിക്രമിന്റെ ഐയുടെ കലാസംവിധാനം നിർവഹിച്ച ടി. മുത്തുരാജ് ആണ് കലാസംവിധായകൻ. ചൈതന്യ റാവു ആണ് വസ്ത്രാലങ്കാരം നിർവഹിച്ചത്.

Get real time update about this post categories directly on your device, subscribe now.