ദില്ലി: ബീഫ് വീട്ടിൽ സൂക്ഷിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ തല്ലിക്കൊന്ന സംഭവത്തെ ന്യായീകരിച്ച് ബിജെപി എംപി സാധ്വി പ്രാചി. ബീഫ് കഴിക്കുന്നവർ അത്തരത്തിലുള്ള ശിക്ഷ നടപടികൾ അർഹിക്കുന്നവരാണെന്ന് സാധ്വി പറഞ്ഞു. ഗോമാതാവിനെ കഷ്ണം കഷ്ണമായി വെട്ടി നുറുക്കിയവരാണവർ. മുഹമ്മദിനെ ആരും മനപൂർവ്വം കൊലപ്പെടുത്തിയിട്ടില്ല. ജനങ്ങളുടെ പ്രതിഷേധമാണ് അവിടെ കണ്ടതെന്നും പ്രാച്ചി മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി നേതാവിന്റെ മകനടക്കം രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സാധ്വിയുടെ വിവാദ പ്രസ്താവന. 20കാരായ വിശാൽ റാണ, ശിവം കുമാർ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകനാണ് വിശാൽ റാണ. വിശാൽ ആണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരിലൊരാൾ. മുഹമ്മദ് അഖ്‌ലാഖിനെയും കുടുംബത്തെയും ആക്രമിക്കാൻ ഇയാളുടെ നേതൃത്വത്തിൽ രഹസ്യ യോഗം വിളിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ദില്ലിയിൽ ഒരു പരസ്യഏജൻസിയിലെ ജീവനക്കാരനാണ് വിശാൽ.
തിങ്കളാഴ്ചയാണ് ബീഫ് കഴിച്ചെന്നാരോപിച്ച് ഒരുസംഘമാളുകൾ മുഹമ്മദിനെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഗ്രാമത്തിൽ നിന്ന് കാണാതായ പശുവിന്റെ ഇറച്ചി ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ മൈക്കിലൂടെ വിളിച്ചു പറയുന്നതു കേട്ട് സംഘടിച്ചെത്തിയവരാണ് കൊല നടത്തിയത്. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ മകൻ ഡാനിഷ് ആശുപത്രിയിലാണ്. സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഒൻപതു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here