കാഞ്ചനയുടെ കഥ അനശ്വരമാകുന്നത് മൊയ്തീന്റെ മരണാനന്തരമുള്ള ജീവിതത്താല്‍; സിനിമയുടെ വിജയം മതം മനുഷ്യനെ വേര്‍തിരിക്കില്ലെന്ന സന്ദേശം; ഇരുവരുടെയും ജീവിതം പകര്‍ത്തിയ പി ടി മുഹമ്മദ് സാദിഖ് സംസാരിക്കുന്നു

sadiqഇരുവഴിഞ്ഞിപ്പുഴയുടെ ആഴങ്ങളിലേക്ക് ഉലഞ്ഞ തോണി മലയാളിയുടെ മനസില്‍ മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതസത്യത്തിന്റെ നോവായി പെയ്തിറങ്ങുകയാണ്. വെറും നോവല്ല, ഇഴപിരിയാത്ത ഹൃദയബന്ധത്തിനേറ്റ മുറിവിന്റെ പെരുത്തനോവ്. കാഴ്ചയുടെ ആഘോഷങ്ങളില്‍, നോവേറ്റ പ്രണയം മലയാളി മനസേറ്റുമ്പോള്‍ അതിലേറെ പറയാനുണ്ട് ഞങ്ങള്‍ക്കെന്നും ജീവിതം അടയാളപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകനായ പി ടി മുഹമ്മദ് സാദിഖ് എഴുതിയ മൊയ്തീന്‍ കാഞ്ചനമാല, ഒരപൂര്‍വ പ്രണജീവിതം എന്ന പുസ്തകമാണ് ഈ പ്രണയവും ജീവിതവും ഇടകലര്‍ന്ന സത്യത്തെ ലോകത്തിനു പരിചയപ്പെടുത്തിയത്.

പി ടി മുഹമ്മദ് സാദിഖുമായുള്ള അഭിമുഖം.


മൊയ്തീനും കാഞ്ചനമാലയും ജീവിച്ച അതേ മുക്കത്തുകാരനാണ് മുഹമ്മദ് സാദിഖ്. എഴുത്തുകാരന്റെ ദേശമെന്നതു വലിയൊരു കാര്യമാണ്. ഏതൊരു എഴുത്തുകാരനും ദേശത്തിന്റെ കഥകളറിഞ്ഞാണ് വളരുന്നത്. എന്തായിരുന്നു സ്വന്തം ദേശത്തെ ഈ പ്രണയജീവിതത്തെ എഴുത്തിലേക്കു കൊണ്ടുവരാനുള്ള സാഹചര്യം?

മുക്കമെന്ന ഞങ്ങളുടെ നാട്ടില്‍ എല്ലാവരും ഐതിഹ്യം പോലെ, ഇതിഹാസം പോലെ കാണുന്ന രണ്ടു കഥാപാത്രങ്ങളാണ് ബി പി മൊയ്തീനും കാഞ്ചനമാലയും. കാഞ്ചനമാല എന്ന പേര് അവരുടെ സ്‌കൂള്‍ ഹാജര്‍ പുസ്തകത്തില്‍ മാത്രമാണുള്ളത്. കാഞ്ചന കൊറ്റങ്ങല്‍ എന്ന പേരില്‍ കേരളമാകെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയാണവര്‍. മൊയ്തീനും കാഞ്ചനയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഇവര്‍ കല്യാണം കഴിച്ചിട്ടില്ലെങ്കിലും വിധവയായാണു ജീവിക്കുന്നതെന്നും. മുക്കം ഭാഗത്തെ നിരവധി എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും എഴുതാന്‍ ആഗ്രഹിച്ച കഥയാണ് ഇവരുടേത്. ഇവര്‍ ആര്‍ക്കും അഭിമുഖമൊന്നും കൊടുക്കില്ലായിരുന്നു. പുറത്തുവരുന്ന ഏതു കഥയ്ക്കും ഫീച്ചറിനും ഉള്ളിലേക്ക് സ്വന്തം കുടുംബങ്ങളെക്കൂടി വലിച്ചിഴക്കേണ്ടി വരുമെന്നതായിരുന്നു കാരണം. അവര്‍ക്കത് ഇഷ്ടമുണ്ടായിരുന്നില്ല. ആ സമയത്താണ് വനിതയില്‍ ചെറിയൊരു ഫീച്ചര്‍ വരുന്നത്. 2006ലോ 2007ലോ ആണ് അത്. വി ആര്‍ ജ്യോതിഷായിരുന്നു ലേഖകന്‍. അതു കഴിഞ്ഞ് ആര്‍ എസ് വിമലിന്റെതന്നെ ഒരു ഡോക്യുമെന്ററി വന്നു. നിരവധി ചലച്ചിത്രമേളകളില്‍ ഏറെ പ്രശംസിക്കപ്പെട്ടതായിരുന്നു ആ ഡോക്യുമെന്ററി.

moitheen-1

വനിതയിലെ ഫീച്ചറും വിമലിന്റെ ഡോക്യുമെന്ററിയും എഴുത്തിന് പ്രേരണയായി എന്നാണോ? ഒരു ഫീച്ചറിലോ ഡോക്യുമെന്ററിയിലോ ഒതുക്കാനാവാത്തതാണ് എപ്പോഴും ജീവിതം?

പ്രേരണയാവുകയായിരുന്നില്ല. ഇവരുടെ ജീവിതം എഴുതണമെന്നതു ഞാന്‍ അടക്കം മുക്കത്തെ നിരവധിപേരുടെ ആഗ്രഹമായിരുന്നു എന്നു പറഞ്ഞല്ലോ. പക്ഷേ, അത്രയും കാലം കാഞ്ചനമാല അതിനു തയാറായിരുന്നില്ല. തങ്ങളുടെ കഥ പുറത്തുവരുന്നതില്‍ കുഴപ്പമില്ല എന്നു മനസിലായത് ആ ഫീച്ചറും ഡോക്യുമെന്ററിയും വന്നപ്പോഴാണ്. അതോടെ പുസ്തകമെന്ന ആശയവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. അവരുടെ സമ്പൂര്‍ണ ജീവിതകഥ എഴുതണം, ഇന്നത്തെ സാഹചര്യത്തില്‍ ലോകമറിയേണ്ട കഥയാണ് എന്നു തോന്നിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.

വളരെ സങ്കീര്‍ണമായ ഒരു പ്രണയവും പ്രണയാനന്തര ജീവിതവുമായിരുന്നു കാഞ്ചനയുടെയും മൊയ്തീന്റെയും. എഴുത്ത് എത്ര അനായാസകരമായ കാര്യമാവില്ല. എഴുത്ത് എങ്ങനെയായിരുന്നു?

മൂന്നു വര്‍ഷത്തോളം കാഞ്ചനേടത്തിയുമായും മൊയ്തീനുമായി രാഷ്ട്രീയത്തിലും സാമൂഹിക – സാംസ്‌കാരിക മേഖലയില്‍ സഹപ്രവര്‍ത്തകരായിരുന്നവരുമായും സംസാരിച്ചു. മൊയ്തീന്റെ മരണമുണ്ടായ വഞ്ചിയപകടത്തില്‍ സഹയാത്രികരായിരുന്നവരുമായും സംസാരിച്ചു. കാഞ്ചനയും മൊയ്തീനും തമ്മില്‍ വിചിത്രഭാഷയില്‍ നടത്തിയ കത്തിടപാടുകള്‍ ഉണ്ട്. അതു പലപ്പോഴായി കാഞ്ചനേടത്തി വായിച്ചു പരിഭാഷപ്പെടുത്തി തന്നു. അങ്ങനെയാണ് എഴുതിത്തുടങ്ങുന്നത്. മുക്കത്തിന്റെ പശ്ചാത്തലത്തില്‍ എസ് കെ പൊറ്റക്കാട് നാടന്‍പ്രേമം എന്ന നോവല്‍ എഴുതിയിട്ടുണ്ട്. നാടന്‍ പ്രേമം വായിക്കുമ്പോഴും അതിനേക്കാള്‍ വലിയ പ്രണയമുള്ള നാടാണ് ഇതെന്നു നാട്ടുകാര്‍ക്ക് അറിയാം. മൊയ്തീന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ കാഞ്ചനമാല വീട്ടുതടങ്കലിലാകുന്നു. എന്നിട്ടും കല്യാണം കഴിക്കാതെ പരസ്പരം കത്തുകളിലൂടെ മാത്രം ജീവിക്കുന്ന പ്രണയാത്മാക്കളാണ് ഇരുവരും. നാല്‍പത്തഞ്ചുവയസിനോടടുക്കുമ്പോള്‍ മൊയ്തീന്‍ വഞ്ചിയപകടത്തില്‍ മരിക്കുന്നു. അതിനു ശേഷം മൊയ്തീന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു സ്മാരകമായി ജീവിക്കുകയായിരുന്നു കാഞ്ചനമാല. നാടന്‍ പ്രേമത്തേക്കാള്‍ ഐതിഹാസികമായ ജീവിതമാണ് മൊയ്തീന്‍-കാഞ്ചനമാല എന്നു തോന്നിയതുകൊണ്ടാണ് എഴുതാന്‍ തീരുമാനിക്കുന്നത്.

moitheen-2

ജീവിതമെഴുതുക എന്നതു സംഘര്‍ഷം നിറഞ്ഞ ശ്രമകരമായ ദൗത്യമാണെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. രണ്ടരപതിറ്റാണ്ടായി മാധ്യമപ്രവര്‍ത്തകനായ സാദിഖിന് എഴുത്തൊരു ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ, വളരെ തീക്ഷ്ണമായ ഒരു ജീവിതത്തെ പകര്‍ത്തുന്നത് നല്‍കിയ അനുഭവമെന്തായിരുന്നു?

യഥാര്‍ഥത്തില്‍ മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ആസ്പദമാക്കി നോവല്‍ എഴുതാനായിരുന്നു ആദ്യശ്രമം. നോവലിന്റെ അപ്പുറം പറയാനുണ്ട് എന്നു തിരിച്ചറിഞ്ഞതോടെ ജീവിതമെഴുത്തിനെക്കുറിച്ചാലോചിച്ചു. ഇത്രയും ജീവിതഗന്ധിയായ കാര്യം നോവലില്‍ ഒതുക്കിക്കഴിഞ്ഞാല്‍ ആളുകള്‍ കഥയായി മാത്രം കാണും. പില്‍കാലത്ത് ഇതൊരു ഫിക്ഷന്‍ മാത്രമാണെന്നു ജനങ്ങള്‍ കരുതുമെന്നും ഞാന്‍ ആലോചിച്ചു. ജീവിതാനുഭവങ്ങളെഴുതുമ്പോള്‍തന്നെ അത് ഒരു നോവല്‍ പോലെയോ നീണ്ടകഥപോലെയോ ജനങ്ങളെ വായിപ്പിക്കുന്നതാകണമെന്നും ആഗ്രഹിച്ചു. കാഞ്ചനമാലയെ ദിവസവുമെന്ന പോലെ പോയിക്കണ്ടാണ് എഴുത്തിലേക്കു വന്നത്. മണിക്കൂറുകളോളം സംസാരിച്ചാണ് അവരുടെ ജീവിതത്തെ തിരിച്ചറിഞ്ഞത്.

moitheen-5

മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം പ്രണയത്തില്‍ മാത്രമൊതുങ്ങുന്നില്ല എന്നതാണ് അവരെ വ്യത്യസ്തരാക്കുന്നത്. ആ രീതിയില്‍ അവരുടെ ജീവിതത്തെ വായിക്കാന്‍ കഴിയുക അത് അടുത്തറിഞ്ഞ സാദിഖിനു തന്നെയായിരിക്കും. അതൊന്നു ചുരുക്കി പറഞ്ഞാല്‍?

ഇരുവരും വ്യത്യസ്ത മതസ്ഥരായിരുന്നു എന്നതുതന്നെയാണ് എടുത്തുപറയേണ്ട കാര്യം. അതാണ് അവരുടെ പ്രണയം സാക്ഷാല്‍കരിക്കാന്‍ വിഘാതമാകുന്നത്. മൊയ്തീന്റെ ഉമ്മയാണ് ഈ ജീവിതത്തില്‍ ഒരു ഘട്ടത്തിനു ശേഷം കരുത്തുറ്റ കഥാപാത്രമാകുന്നത്. മൊയ്തീന്റെ മരണത്തോടു കൂടി ആത്മഹത്യക്കു ശ്രമിക്കുന്ന കാഞ്ചനമാലയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നത് മൊയ്തീന്റെ ഉമ്മയായ എ എം ഫാത്തിമയാണ്. പ്രണയം തീക്ഷ്ണമായിരിക്കുമ്പോള്‍ കാഞ്ചനമാലയാകട്ടെ വീട്ടുതടങ്കലിലായി. തനിക്കു സ്വന്തമായ ജീവിതം നഷ്ടമാവുമ്പോള്‍ മൊയ്തീന്‍ പുതിയ അര്‍ഥം കണ്ടെത്തുന്നത് സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ്. മൊയ്തീന്‍ കാഞ്ചനമാലയ്‌ക്കെഴുതുന്ന കത്തില്‍ പറയുന്നുണ്ട്. നിന്നെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം മരക്കച്ചവടക്കാരനായി അവസാനിക്കുമായിരുന്നുവെന്ന്. സാമൂഹിക, ജീവകാരുണ്യ, രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കാരണമായത് കാഞ്ചനയാണ് എന്നും മൊയ്തീന്‍ പറയുന്നു. നാടിന്റെ കരുത്തുറ്റ നായകനായാണ് മൊയ്തീന്‍ ജീവിക്കുന്നത്. അങ്ങനെ ജീവിക്കുന്ന മൊയ്തീന്‍ ഒരു തോണിയപകടത്തില്‍ മരിക്കുമ്പോള്‍, മൊയ്തീന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ കാഞ്ചന മാത്രമേയുള്ളൂവെന്ന് ഉമ്മ ഓര്‍മപ്പെടുത്തുന്നു. അങ്ങനെയാണ് മൊയ്തീന്റെ ഓര്‍മകള്‍ നിലനില്‍ക്കാന്‍ താന്‍ ജീവിച്ചിരിക്കണമെന്ന് കാഞ്ചന തിരിച്ചറിയുന്നത്. അതേസമയം, മൊയ്തീന്റെ മരണത്തോടെ കാഞ്ചന ആത്മഹത്യ ചെയ്യുകയോ മറ്റൊരു വിവാഹത്തിനു തയാറാവുകയോ ചെയ്തിരുന്നെങ്കില്‍ ഈ പ്രണയം ഒരു അനശ്വര ഗാഥയായി കൊണ്ടാടപ്പെടുമായിരുന്നില്ല. ഒരു പുസ്തകമോ സിനിമയോ വിജയിക്കുമ്പോള്‍ നമ്മള്‍ തെറ്റിദ്ധരിക്കുന്ന കാര്യം മതങ്ങള്‍ വേര്‍പിരിക്കുന്ന മനസുകളാണ് കേരളത്തിലുള്ളത് എത് തെറ്റാണെന്നു മനസിലാക്കണം. സത്യത്തില്‍ മതങ്ങള്‍ നമ്മുടെ മനസുകളെ വേര്‍തിരിക്കുന്നില്ല. വേര്‍തിരിക്കുമായിരുന്നെങ്കില്‍ മൊയ്തീന്‍- കാഞ്ചന മാല പ്രണയം മലയാളികള്‍ സ്വീകരിക്കുമായിരുന്നില്ല. പുതിയ തലമുറകള്‍ ഇതു തിരിച്ചറിയണം. ഞാന്‍ എന്റെ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് എന്റെ മക്കളായ ബാദിര്‍, ദയ എന്നിവര്‍ക്കാണ്. മതം മലയാളിയുടെ മനസിനെ വേര്‍തിരിക്കാന്‍ പാടില്ല, അതു മനുഷ്യനു നഷ്ടം മാത്രമേ നല്‍കൂ എന്ന സന്ദേശം പകരാന്‍മാത്രമേ ഈ പുസ്തകത്തിലൂടെ ഉദ്ദേശിച്ചിരുന്നുള്ളൂ.

moitheen-3

വിമലിന്റെ സിനിമയ്ക്കു മുമ്പേ മലയാളി കാഞ്ചനയുടെയും മൊയ്തീന്റെയും ജീവിതം വായിച്ചറിഞ്ഞത് സാദിഖിന്റെ പുസ്തകത്തിലൂടെ തന്നെയാണ്. എന്തായിരുന്നു പ്രതികരണങ്ങള്‍. ഓര്‍ത്തെടുക്കാനാവുമോ?

പുസ്തകരചനയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇവരെക്കുറിച്ചു ഫീച്ചര്‍ എഴുതി. അതിന് അഭൂതപൂര്‍വമായ പ്രതികരണമുണ്ടായി. മാതൃഭൂമി ബുക്‌സാണ് പുസ്തകം 2012-ല്‍ പുറത്തിറക്കിയത്. പുസ്തകം പ്രകാശനം ചെയ്യുന്നത് ആഷിഖ് അബുവും റീമാ കല്ലിങ്കലുയിരുന്നു. ജാതിമതചിന്തകള്‍ക്ക് അതീതമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരായിരുന്നു അവര്‍. അതിലും ഒരു സന്ദേശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് അവരെ തെരഞ്ഞെടുത്തത്. പുസ്തകത്തെക്കുറിച്ചു വന്ന റിവ്യൂകളില്‍ എഴുത്ത് നോവല്‍ പോലെയെന്നു പലരും വിശേഷിപ്പിച്ചിരുന്നു. ജനങ്ങളെ പുസ്തകം കൈയിലെടുത്താല്‍ നിലത്തുവയ്ക്കാതെ വായിപ്പിക്കണമെന്ന ആഗ്രഹത്തില്‍ എഴുത്തില്‍ വല്ലാതെ സംഘര്‍ഷം അനുഭവിച്ചിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഫീച്ചറായി പ്രസിദ്ധീകരിച്ചപ്പോള്‍ നിരവധി സംവിധായകര്‍ സിനിമയാക്കാന്‍ എത്തിയിരുന്നു. നിരവധി പേര്‍ കാഞ്ചനമാലയെ കാണാന്‍ വന്നിരുന്നു. കൂടുതലും സ്ത്രീകളായിരുന്നു. സിനിമ വന്നതിനു ശേഷം പുസ്തകം തേടി ഒരുപാടുപേര്‍ വരുന്നുണ്ട്. അടുത്തകാലത്തു മൂന്നാം പതിപ്പു പുറത്തിറങ്ങി. നാലാം പതിപ്പ് ഉടന്‍ വരും.

കാഞ്ചനമാലയെ സംബന്ധിച്ച് തന്റെ അനിതരസാധാരണമായ ജീവിതം പകര്‍ത്തപ്പെടുന്നത് അതെഴുതുന്ന എഴുത്തുകാരനെന്ന പോലെതന്നെ സംഘര്‍ഷമുണ്ടാക്കുന്ന കാര്യമാണ്. അവരുടെ പ്രതികരണമെന്തായിരുന്നു?

മൊയ്തീന്റെ വലിയ ആഗ്രഹമായിരുന്നു ജീവിതം എഴുതണമെന്നത്. ആത്മകഥയാണ് അദ്ദേഹം ആഗ്രഹിച്ചത്. രണ്ടുപേര്‍ക്കും അറുപതോ എഴുപതോ വയസാകുമ്പോള്‍ എഴുതും എന്നായിരുന്നു കാഞ്ചനമാലയോടു മൊയ്തീന്‍ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ, ഞാന്‍ പുസ്തകരചന എന്ന ആശയവുമായി സമീപിച്ചപ്പോള്‍ അവര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കാലങ്ങള്‍ കഴിഞ്ഞാലും തങ്ങളുടെ ജീവിതം മാഞ്ഞുപോകരുതെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. അതേസമയം, തങ്ങളുടെ ജീവിതം അച്ഛന്‍, അമ്മ അടക്കമുള്ള കുറേ ബന്ധുക്കളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് കാഞ്ചനമാല പറഞ്ഞിരുന്നു. അവരോടൊക്കം മാപ്പു പറയാന്‍ പുസ്തകം സഹായകമായി എന്നും പറയുകയുണ്ടായി. കാഞ്ചനമാല ഇരുപത്തിനാലു മണിക്കൂറും സാമൂഹിക സേവന പ്രവര്‍ത്തനങ്ങൡലാണ്. അത്രയും ആക്ടീവായ ഒരു സാമൂഹിക സേവന രംഗത്താണ് അവരുള്ളത്. ലോകത്തൊരു കാമുകിയും കാമുകനുവേണ്ടി അനുഭവിച്ചിട്ടില്ലാത്ത ജീവിതമാണ് കാഞ്ചനമാല നയിക്കുന്നത്. സിനിമയില്‍ നമ്മള്‍ കാണാത്ത ജീവിതമാണ് അത്. സിനിമയില്‍ കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയം മാത്രമാണുള്ളത്. യഥാര്‍ഥത്തില്‍ ഈ കഥ അനശ്വരമാകുന്നത് മൊയ്തീന്റെ മരണശേഷമുള്ള കാഞ്ചനയുടെ ജീവിതം കൊണ്ടുകൂടിയാണ്. അതുമാത്രമാണ് സിനിമയുടെ ന്യൂനത. മലയാളികള്‍ക്ക് ഏറെ പഠിക്കാനുള്ള പുസ്തകമാണ് അവരുടെ ജീവിതം.


sadiq-2പി ടി മുഹമ്മദ് സാദിഖ്

കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തുള്ള മുക്കത്തെ പാഴൂര്‍ ഗ്രാമമാണ് സ്വദേശം. പഠനത്തിനുശേഷം 1988-ല്‍ മാധ്യമം ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി ചേര്‍ന്നു. പിന്നീട് ഗള്‍ഫിലുള്ള മലയാളം ന്യൂസ് പത്രത്തില്‍ ജോലി ചെയ്തു. പ്രവാസം അവസാനിപ്പിച്ച് 2009-ല്‍ തിരികെ കേരളത്തിലെത്തി ഫ്രീലാന്‍സ് ജേണലിസ്റ്റായി. പി ടി കുഞ്ഞുമുഹമ്മദിന്റെ കൂടെ വീരപുത്രന്‍ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. പിന്നീട് ടി വി ന്യൂ,
ഇന്ത്യാവിഷന്‍ ചാനലുകളില്‍ ജോലി ചെയ്തു. ഇപ്പോള്‍ സുപ്രഭാതം പത്രത്തില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. പ്രവാസ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി യത്തീമിന്റെ നാരങ്ങമിഠായി എന്ന മറ്റൊരു പുസ്തകം കൂടിയെഴുതിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News