പാത്രത്തിൽ തൊട്ടതിന് ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചു; ശിക്ഷയായി കക്കൂസ് കഴുകിച്ചു

ദില്ലി: രാജസ്ഥാനിൽ ഉച്ചഭക്ഷണ പാത്രത്തിൽ തൊട്ടതിന് അഞ്ചാം ക്ലാസുകാരനായ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ തല്ലി ചതച്ചു. ഓഹ്ഷ്യാൻ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകനായ ഹേമറാം ചൗധരിയാണ് വിദ്യാർത്ഥിയായ ദിനേശ് മേഘ്‌വാളിനെ മർദ്ദിച്ചത്. തുടർന്ന് ശിക്ഷയായി സ്‌കൂളിലെ മുഴുവൻ ശൗചാലയങ്ങളും കഴുകിക്കുകയും ചെയ്തു.

ഉത്തർപ്രദേശിൽ ശിവക്ഷേത്രത്തിൽ പ്രവേശിച്ച 90 വയസുകാരനായ ദളിതനെ ജീവനോടെ തീകൊളുത്തി കൊന്നതിന്റെ പ്രതിഷേധം വ്യാപകമാകുന്നതിനിടയിലാണ് വിദ്യാർത്ഥിക്ക് നേരെയുള്ള പീഡന വാർത്തകൾ പുറത്ത് വരുന്നത്. ഉച്ചഭക്ഷണത്തിനുള്ള പാത്രത്തിൽ തൊട്ടതിന്റെ പേരിലാണ് 10 വയസുകാരനായ വിദ്യാർത്ഥിയെ ജോദ്പൂറിലെ സർക്കാർ സ്‌കൂളിൽ അധ്യാപകൻ തല്ലി ചതച്ചത്.

മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദളിത് വിദ്യാർഥികൾക്കും ഉയർന്ന ജാതിക്കാരായ വിദ്യാർത്ഥികൾക്കും വേവ്വേറെയാണ് ഭക്ഷണം പാചകം ചെയ്ത് നൽകുന്നതെന്നും കുട്ടി വെളിപ്പെടുത്തി. മിക്ക ദിവസങ്ങളും ശൗചാലയം കഴുകിക്കാറുണ്ടെന്നും വിദ്യാർത്ഥി പറഞ്ഞു. സംഭവം അന്വേഷിക്കാനെത്തിയ പിതാവ് മാനാറാം മേഘ്‌വാളിനെ സ്‌കൂൾ ജീവനക്കാർ മർദ്ദിച്ചതായും പരാതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News