അഭിഭാഷകനില്‍ നിന്ന് ഭരണതലപ്പത്തേക്ക്; ബിസിസിഐയെ ശുദ്ധീകരിക്കാന്‍ മിസ്റ്റര്‍ ക്ലീന്‍ പ്രസിഡന്റ്; ശശാങ്ക് എത്തുമ്പോള്‍ അന്ത്യമാകുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ ശ്രീനി യുഗത്തിന്

നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി ശശാങ്ക് മനോഹറെന്ന അഭിഭാഷകനെ ബിസിസിഐയുടെ തലപ്പത്തെത്തിച്ചത് എന്തെന്ന ചോദ്യത്തിന് ആര്‍ക്കും മറിച്ചൊരു ഉത്തരം നല്‍കാനുണ്ടാവില്ല. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും മിസ്റ്റര്‍ ക്ലീന്‍ ഇമേജും തന്നെ. ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിച്ച ശശാങ്ക് മനോഹര്‍ എന്ന നാഗ്പൂരുകാരന്‍ അഭിഭാഷകന്‍ ഒരിക്കല്‍ കൂടി ഇന്ത്യയെ നയിക്കാനെത്തുമ്പോള്‍ പ്രതീക്ഷകളും വാനോളം. അടുത്തിടെ എന്‍ ശ്രീനിവാസന്‍ എന്ന ഏകാധിപതിയുടെ ഭരണത്തിന്‍ കീഴില്‍ അഴിമതിക്കറ പുരണ്ട ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ നഷ്ടപ്പെട്ട ഇമേജ് തിരികെ നല്‍കുക എന്നതുതന്നെയാകും ശശാങ്ക് മനോഹറുടെ പ്രാഥമിക ദൗത്യം. എത്തിക്‌സ് കമ്മിറ്റി രൂപീകരിക്കുമെന്നും സ്വതന്ത്ര ഓഡിറ്റിംഗ് നടത്തുമെന്നതും അടക്കമുള്ള, ചുമതലയേറ്റതിന് തൊട്ടുപുറകെ നടത്തിയ വാര്‍ത്താസമ്മേളനം തന്നെ ഇതിന് തെളിവാണ്.

ബിസിസിഐയെ ഭരിച്ച മൂന്നു വര്‍ഷവും അദ്ദേഹം കാത്തുസൂക്ഷിച്ച ഒരു പേരുണ്ടായിരുന്നു. മികച്ച പ്രതിച്ഛായയുള്ള ഭരണാധികാരി. നാലുവര്‍ഷങ്ങള്‍ക്കിപ്പുറം അന്നുതന്നെ തോല്‍പിച്ച ശ്രീനിവാസന്‍ യുഗത്തിന് അന്ത്യം കുറിക്കാന്‍ അനുരാഗ് ഥാക്കൂറും സംഘവും ശശാങ്കിനെത്തന്നെ തെരഞ്ഞെടുക്കാനും കാരണം മറ്റൊന്നുമല്ല. നിലപാടുകളിലെ കാര്‍ക്കശ്യവും മിസ്റ്റര്‍ ക്ലീന്‍ ഇമേജും തന്നെയായിരുന്നു. 2008-ല്‍ ബിസിസിഐയുടെ 29-ാമത് പ്രസിഡന്റായിട്ടായിരുന്നു ശശാങ്ക് മനോഹറുടെ ആദ്യ ഊഴം. അദ്ദേഹത്തിന്റെ ഭരണപാടവം മറ്റേതൊരു ഭരണാധികാരിയേക്കാളും ഇന്ത്യന്‍ ക്രിക്കറ്റിനെ ഉന്നതങ്ങളിലേക്കു നയിച്ചു. അക്കാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കാനും മനോഹര്‍ക്ക് സാധിച്ചു. ഒടുവില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യ ലോകകിരീടത്തില്‍ മുത്തമിട്ട ശേഷമാണ് മനോഹര്‍ ബിസിസിഐയുടെ പടിയിറങ്ങിയത്.

ജഗ്മോഹന്‍ ഡാല്‍മിയ

വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിട്ടായിരുന്നു ശശാങ്ക് മനോഹറുടെ തുടക്കം. ബിസിസിഐ പ്രസിഡന്റായിരിക്കെ അദ്ദേഹം എടുത്ത ധീരമായ തീരുമാനമായി അന്നത്തെ ബിസിസിഐ വെസ് പ്രസിഡന്റായിരുന്ന ലളിത് മോദിയുടെ സ്ഥാനം തെറിപ്പിച്ചു. ക്രിക്കറ്റിനും ബോര്‍ഡിനും ഒരുപോലെ കളങ്കമുണ്ടാക്കിയ ലളിത് മോദിയുടെ നടപടിയെ തുടര്‍ന്ന് ലളിതിന് ബിസിസിഐ അച്ചടക്ക നടപടി നേരിടേണ്ടി വന്നു. അന്ന് ലളിതിനെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടായിരുന്നു ശശാങ്ക് ബോര്‍ഡിന്റെ മാനം രക്ഷിച്ചത്. തൊട്ടുപുറകെ ഇന്ത്യയിലാകമാനം ക്രിക്കറ്റ് ബോര്‍ഡുകളില്‍ അദ്ദേഹം പുതിയ പരിഷ്‌കാരങ്ങളും കൊണ്ടുവന്നു. അന്ന് ലളിത് മോദിക്കെതിരെ നടപടി എടുത്ത ഒറ്റ സംഭവം മതിയായിരുന്നു മനോഹറുടെ നിലപാടുകളിലെ കാര്‍ക്കശ്യം മനസ്സിലാക്കാന്‍.

2011-ല്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷവും ക്രിക്കറ്റുമായി ശശാങ്ക് മനോഹര്‍ നിരന്തരം ബന്ധം പുലര്‍ത്തിപ്പോന്നു. 2013-ല്‍ ഐപിഎല്‍ ഒത്തുകളി വിവാദം വിവാദത്തില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്കെതിരെ തുറന്നടിച്ച് മനോഹര്‍ രംഗത്തെത്തി. അന്നു സീസണിലെ എല്ലാ മത്സരങ്ങളും അന്വേഷിക്കണമെന്നു മനോഹര്‍ ആവശ്യപ്പെട്ടു. ഇതോടെ ബിസിസിയുടെ കെയര്‍ടേക്കറാകുമെന്ന വാര്‍ത്തകളും സജീവമായിക്കൊണ്ടിരുന്നു. എന്നാല്‍, ശ്രീനിവാസന്‍ പ്രസിഡന്റായി തുടരുന്ന ബിസിസിഐയുടെ കെയര്‍ടേക്കറാകാനില്ലെന്നു തുറന്നടിച്ച് തന്റെ നിലപാടുകള്‍ അദ്ദേഹം ഒന്നുകൂടി കര്‍ക്കശമാക്കി. അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുന്നതിനെയും അദ്ദേഹം ശക്തമായി എതിര്‍ത്തു. രണ്ട് അധ്യക്ഷപദം ബിസിസിഐ ഭരണഘടനയില്‍ അനുശാസ്യമല്ലെന്ന് പറഞ്ഞ അദ്ദേഹം നിലപാടുകള്‍ വീണ്ടും കടുപ്പിച്ചു. 2014-ല്‍ ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം ഏപ്രിലില്‍ ചേര്‍ന്ന ബിസിസിഐ അടിയന്തര യോഗത്തില്‍ ശശാങ്ക് മനോഹറെ തിരിച്ചെത്തിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. മനോഹറിന് മാത്രമേ ബിസിസിഐയുടെ വിശ്വാസ്യത വീണ്ടെടുക്കാനാകൂ എന്ന് മിക്ക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും ആവശ്യപ്പെട്ടു.

എന്‍ ശ്രീനിവാസന്‍

ഇത് രണ്ടാം ഊഴമാണ്. ശ്രീനിവാസന്‍-പവാര്‍ സമവായത്തെ എക്കാലവും എതിര്‍ത്ത വിട്ടുവീഴ്ചയില്ലാത്ത മനോഹറെത്തന്നെ പ്രസിഡന്റാക്കുകയെന്നത് അനുരാഗ് ഥാക്കൂറിന്റെ തീരുമാനമായിരുന്നു. പവാറും ഥാക്കൂറിന്റെ തീരുമാനത്തെ യാതൊരു എതിര്‍പ്പും കൂടാതെ ശിരസാവഹിച്ചു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും കൂടിക്കാഴ്ച നടത്തിയ അനുരാഗ് ഥാക്കൂര്‍ മനോഹര്‍ തന്നെ പ്രസിഡന്റ് എന്ന് ഉറപ്പിച്ചു. ബിസിസിഐയുടെ മുഖച്ഛായ തന്നെ മാറ്റിയ ജഗ്മോഹന്‍ ഡാല്‍മിയയ്ക്ക് ഒരു പകരക്കാരനെയായിരുന്നു ബിസിസിഐക്ക് ആവശ്യം. അതിന് മനോഹറേക്കാള്‍ മികച്ച ഒരു പിന്‍ഗാമിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റിനെ നാണക്കേടിന്റെ പടുകുഴിയില്‍ തള്ളിയ ശ്രീനിയുഗത്തിനു കൂടി ഇവിടെ അന്ത്യമാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കാന്‍ ഒരിക്കല്‍ കൂടി ക്ലീന്‍ പ്രസിഡന്റിന് അവസരവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News