കേരള വര്‍മ്മ കോളേജില്‍ അമ്പലമില്ല. കോളേജിലുള്ളത് അമ്പലമുണ്ടാക്കാനുള്ള ശ്രമമാണ്. ടീച്ചറെ പുറത്താക്കണമെന്ന മുറവിളി പെണ്‍ബലിക്കുള്ള കൊലവിളിയാണ്.
തൃശ്ശൂര്‍ കേരളവര്‍മ കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗോമാംസഭക്ഷണം വിതരണം ചെയ്തു. എബിവിപി പ്രവര്‍ത്തകര്‍ അതു ചോദ്യം ചെയ്തു. അടിയായി.
ഇന്നത്തെക്കാലത്ത് ഒരു കോളേജില്‍ ചിലര്‍ ഗോമാംസം വിതരണം ചെയ്യാനിറങ്ങുന്നതില്‍ ഒരു തെറ്റുമില്ല. അവരെ എതിര്‍ക്കാന്‍ വേറൊരു കൂട്ടര്‍ ഒരുമ്പെടുന്നതിലും അത്ഭൂതമില്ല. അതാകണം കോളേജ്.
പക്ഷേ, മറ്റൊന്നു കേട്ടതുകൊണ്ടാണ് ഈ കുറിപ്പ്. കേരളവര്‍മയില്‍ ഒരു ക്ഷേത്രമുണ്ടത്രെ. അതിനാല്‍ ക്യാമ്പസില്‍ മത്സ്യമാംസങ്ങള്‍ കയറ്റരുതത്രെ. അതു കേട്ടപ്പോള്‍ ഞെട്ടി. ഈയുള്ളവനും കേരളവര്‍മയില്‍ പഠിച്ചിട്ടുണ്ട്. അന്നവിടെ അമ്പലമില്ല. അത് മൂന്നരപ്പതിറ്റാണ്ടു മുമ്പായിരുന്നു. അതുകൊണ്ടു തന്നെ അന്വേഷിച്ചു. അറിഞ്ഞു.
ഉവ്വ്. കേരളവര്‍മയില്‍ ഇന്ന് ‘അമ്പല’മുണ്ട്. ഓഫീസിനു മുന്നില്‍. ആല്‍ത്തറയില്‍. അയ്യപ്പന്റേത്. ‘അങ്ങനെയൊന്ന് കണ്ടിട്ടില്ലല്ലോ?’ ഇപ്പോഴത്തെ ഓഫീസിന്റെ മുന്നിലാണ് അമ്പലം. നിങ്ങള്‍ പഠിക്കുമ്പോഴത്തെ ലൈബ്രറിക്കു മുന്നില്‍. അന്ന് അവിടെ ഒരാലുണ്ടായിരുന്നു. അതിന്റെ തറയില്‍ ഒരു ബിംബമുണ്ടായിരുന്നു.
‘ആ ബിംബം പൂജിക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായി?’ ‘പത്തു കൊല്ലമായിട്ടുണ്ടാകും’.
‘പത്തുകൊല്ലം മുമ്പ് എന്തേ അതില്‍ പൂജ തുടങ്ങാന്‍?’ ‘അതറിയില്ല. ഒരു ദിവസം കുട്ടികള്‍ കോളേജിലെത്തുമ്പോള്‍ ബിംബത്തിനു മുന്നില്‍ വിളക്കു കത്തുന്നുണ്ടായിരുന്നു’. ‘ആരാണ് അതു കൊളുത്തിയത്?’ ‘ആര്‍ക്കുമറിയില്ല’.
‘പിന്നെ എന്തുണ്ടായി?’ ‘വിളക്ക് പതിവായി. ബിംബത്തിന് മേല്‍ക്കൂര വന്നു. മുന്നില്‍ കളഭത്തട്ട് വന്നു. കാണിക്കപ്പെട്ടി വന്നു. പിന്നാലേ വൃശ്ചികം ഒന്നിനു പൂജ തുടങ്ങി. അന്നു മാത്രം ഒരു പൂജാരി വരാന്‍ തുടങ്ങി. ഇപ്പോള്‍ രശീതിയായി. പിരിവായി. ചില കുട്ടികള്‍ അവിടെ തൊഴും. കളഭമെടുത്ത് തൊടും’.
അപ്പോള്‍, അതാണ് കാര്യം.
കേരളവര്‍മയില്‍ അമ്പലമില്ല. ഉള്ളത് അമ്പലമുണ്ടാക്കാനുള്ള ശ്രമമാണ്. പത്തു കൊല്ലമായി നടക്കുന്ന ശ്രമം. വിഗ്രഹം നിന്നിടത്ത് ആദ്യം വിളക്ക്. പിന്നെ തകരമേല്‍ക്കൂര. കളഭത്തട്ട്. കാണിക്കപ്പെട്ടി. അതിനും പിന്നാലേ ആണ്ടു പൂജ.
ഇപ്പോഴിതാ, അവിടെ വിലക്കുകള്‍ വരുന്നു.
വിഗ്രഹത്തിനു മുന്നില്‍ വിളക്കുകളാവാം. വിഗ്രഹത്തിനു ചുറ്റും വിലക്കുകള്‍ വരുന്നത്, പക്ഷേ, മറ്റൊരു കാര്യമാണ്.
എത്ര വിദഗ്ധമായാണ് ഇരുട്ട് നീരാളിക്കൈകള്‍ നീട്ടുന്നതെന്നു നോക്കൂ. ഇന്നൊരാള്‍ വിചാരിച്ചാല്‍, പത്തു കൊല്ലത്തിനപ്പുറം എവിടെയും ഒരാരാധനാലയമുണ്ടാക്കാം. അവിടെ പിന്നെ വേറെയാണ് നിയമം. വേറെയാണ് നീതി.
അല്ലെങ്കില്‍ നോക്കൂ. ഗോമാംസവിവാദം ഇപ്പോള്‍ എവിടെയെത്തി? ഇപ്പോള്‍, ഗോമാംസം വിതരണം ചെയ്തവര്‍ക്കെതിരെയല്ല ഗോമാംസവിദ്വേഷികളുടെ രോഷം. പിന്നെയോ? കേരള വര്‍മയില്‍ ക്ഷേത്രമുണ്ടെന്നു വാദിച്ചാല്‍ നാളെ അശുദ്ധിയുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍ കോളേജില്‍ കയറരുത് എന്ന വാദം ഉയരില്ലേ എന്ന് ഫേസ്ബുക്കിലൂടെ ചോദിച്ച ടീച്ചര്‍ക്കതിരെയാണ്. ടീച്ചറെ പുറത്താക്കണമെന്ന് ഗോമാംസവിദ്വേഷികള്‍ കൊച്ചി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നു. ബോര്‍ഡ് ഓഫീസിലേക്കു ജാഥ നടത്തിയിരിക്കുന്നു. കോളജില്‍ കയറി ബഹളമുണ്ടാക്കിയിരിക്കുന്നു. തലമുറകളുടെ കണ്ണു തെളിച്ച കേരളവര്‍മയിലെ പ്രബുദ്ധമായ അധ്യാപകസമൂഹം അന്തിച്ചു നില്‍ക്കുന്നു.
ഇരുട്ടിനെന്തൊരു ഇരുട്ട്!
മുപ്പത്തിയഞ്ചു കൊല്ലം മുമ്പ് കോളജിലെ ഒരു മരച്ചോട്ടില്‍ ഞങ്ങളാരും ശ്രദ്ധിക്കാതെയിരുന്ന ആ ബിംബത്തിന് ഇത്ര ഊറ്റമോ? ആ വിഗ്രഹം മാനങ്ങളില്‍നിന്ന് മാനങ്ങളിലേക്ക് ഉയര്‍ന്നുയര്‍ന്നു പോകുന്നുവല്ലോ. അതിനു ചുറ്റുമുള്ള മനുഷ്യര്‍ പാതാളങ്ങളില്‍നിന്ന് പാതാളങ്ങളിലേക്ക് താഴ്ന്നുതാഴ്ന്നു പോകുന്നുവല്ലോ.
ഓര്‍ത്തുപോകുന്നു. ഞങ്ങളുടെ കേരളവര്‍മക്കാലത്താണ് നിലയ്ക്കല്‍ പ്രശ്‌നം പൊന്തിവന്നത്. ശബരിമലയില്‍ ഒരു കുരിശു കണ്ടെന്നും അവിടെ പള്ളി വേണമെന്നും ഒരു കൂട്ടര്‍. നടക്കില്ലെന്ന് മറ്റൊരു കൂട്ടര്‍.
അന്ന് ഈയുള്ളവന്‍ എഴുതി കേരളവര്‍മ കോളജ് പാടിയ ഒരു സംഘഗാഥയുണ്ട്. ഈ ബിംബത്തിന്റെ മുന്നിലൂടെയും കൂടിയാണ് ഞങ്ങള്‍ അതു പാടി നടന്നത്:
‘അമ്പലങ്ങള്‍ വേണമോ നെഞ്ചകങ്ങളില്‍ മതി
പള്ളിയിനിയും പണിയണോ ഉള്ളിനുള്ളിലാകണം’
ആ സംഘഗാഥയുടെ മണ്ണില്‍ തന്നെ പുതിയ ഒരമ്പലം പൊന്തിയിരിക്കുന്നു. അമ്പലമല്ലാത്ത മ്പലമായിട്ടുപോലും അത് അപകടവും അനര്‍ത്ഥവുമുണ്ടാക്കുന്നു.
അമ്പലം അപകടമാണോ? അനര്‍ത്ഥമുണ്ടാക്കുമോ? സംശയമുണ്ടെങ്കില്‍ കേട്ടോളൂ, തൃശ്ശൂരു നിന്നുതന്നെ കേട്ട മറ്റൊന്ന്. ഒരമ്പലത്തിനടുത്ത് സര്‍ക്കാര്‍ വക മൃഗാസ്പത്രിയുണ്ട്. ഈയിടെ ചില അമ്പലക്കൂറ്റന്മാര്‍ക്ക് വെളിപാടു കിട്ടി. ആസ്പത്രിയുടെ സ്ഥലം അമ്പലത്തിന്റേതാണ്. അതു തിരിച്ചു കിട്ടണം. തീര്‍ന്നില്ല. അമ്പലത്തിനും ആസ്പത്രിക്കുമിടയ്ക്കുള്ള പൊതുവഴി അമ്പലത്തിന്റേതാണ്. അതിലേ മീന്‍വില്‍പനക്കാര്‍ പൊയ്ക്കൂടാ.
എങ്ങോട്ടാണ് ഈ നാടു പോകുന്നത്?
ഫാസിസത്തിന്റെ ഒളിത്താവളമാണ് മതവും മതസ്ഥാപനങ്ങളും എന്ന പല്ലവി പഴകി. ഇക്കാലത്ത് ഫാസിസത്തിന്റെ പടപ്പാളയങ്ങളാണ് മതവും മതസ്ഥാപനങ്ങളും.
ഇന്ന് ഒരു മരച്ചുവട്ടിലോ, വഴിവക്കിലോ, വെളിയിടത്തിലോ ആരും തിരിഞ്ഞു നോക്കാതെ നില്‍ക്കുന്ന ഒരു കല്ലോ, കുറ്റിയോ, മാട്ടമോ, പോതോ മതി നാളെ മനുഷ്യച്ചോര കൊതിക്കുന്ന നീചവിഗ്രഹങ്ങളുമായി ഒരാരാധനാലയം പൊന്തി വരാന്‍.
അന്നു കേരളവര്‍മ പാടിയ സംഘഗാഥയിലെ ചില വരികളെങ്കിലും ചെറുപ്പത്തിന്റെ അവിവേകത്തോടെയാണ് എഴുതിപ്പോയതെന്ന് ഈയുള്ളവന് പിന്നീട് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ തോന്നുന്നു, അന്നെഴുതിയ ‘അവിവേക’ത്തിന്റെ വരികള്‍ പോലും ശരിയെന്ന്;
‘വിഗ്രഹങ്ങള്‍ വേണ്ടിനി വെച്ചുപൂജ വേണ്ട
വിശ്വമാനവന്‍ ജനിച്ചു വിപ്ലവം ജനിച്ചു’
കേരളവര്‍മയില്‍ ഗോമാംസം വിതരണം ചെയ്ത അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കുമൊപ്പം നിന്ന്, അഭിപ്രായം പറഞ്ഞതിന് ബ്രാഹ്മണവിചാരണ നേരിടുന്ന ഒരധ്യാപികയ്‌ക്കൊപ്പം നിന്ന്, ഈയുള്ളവന്‍ വിഷാദിക്കുന്നു; അന്ന് സ്വന്തം ചുറ്റുവട്ടത്തെ ആരാധനയില്ലാത്ത ആ പാഴ് ബിംബം പുഴക്കിയെറിയാന്‍ ഞങ്ങള്‍ക്കു തോന്നിയില്ലല്ലോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here