ഐഎസ്എല്ലില്‍ ഗോവ എഫ്‌സിക്ക് ആദ്യജയം; ഡല്‍ഹിയെ തോല്‍പിച്ചത് ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക്

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ എഫ്‌സി ഗോവയ്ക്ക് ജയം. ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഗോവ തോല്‍പിച്ചത്. 3-ാം മിനിറ്റിലെ സൗവിക് ചക്രബര്‍ത്തിയുടെ സെല്‍ഫ് ഗോളും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ റെയ്‌നാള്‍ഡോ നേടിയ ഗോളുമാണ് ഗോവയ്ക്ക് ജയം സമ്മാനിച്ചത്. നന്നായി കളിച്ച ഡല്‍ഹിക്ക് പക്ഷേ ഗോള്‍ മടക്കാനായില്ല. സ്വന്തം തട്ടകത്തില്‍ ഗോവ മികച്ച മത്സരം തന്നെ കാഴ്ചവച്ചു.

ഇരുടീമുകളും ആക്രമിച്ചു കളിച്ചാണ് തുടങ്ങിയത്. പ്രതിരോധത്തിലെ പാളിച്ച ഇരുടീമുകളിലും തുടക്കത്തില്‍ തന്നെ കണ്ടിരുന്നു. ഇതിനിടയില്‍ 3-ാം മിനിറ്റില്‍ തന്നെ ഗോവ ലീഡെടുത്തു. ഡല്‍ഹിയുടെ പ്രതിരോധത്തിന്റെ ദൗര്‍ബല്യം എടുത്തു കാണിച്ച സംഭവം. റോമിയോയില്‍ നിന്ന് ലഭിച്ച പന്ത് മന്ദര്‍ റാവു ദേശായ് തട്ടി വലയിലാക്കിയെങ്കിലും പന്ത് സൗവിക് ചക്രബര്‍ത്തിയുടെ ദേഹത്ത് തട്ടിയതിനാല്‍ സെല്‍ഫ് ഗോളായി. വൈകാതെ ലീഡുയര്‍ത്താനുള്ള ഗോവയുടെ ശ്രമം തലനാരിഴയ്ക്ക് നഷ്ടമായി. റോമിയോയുടെ ഷോട്ട് ഗോളി തടുത്തിട്ടു. ആദ്യപകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കവെയാണ് ലീഡ് ഗോള്‍ പിറന്നത്. ജോഫ്രി എടുത്ത ഫ്രീകിക്ക് റെയ്‌നാള്‍ഡോയുടെ തുടയില്‍ തട്ടി നേരെ വലയിലേക്ക്.

രണ്ടാം പകുതിയില്‍ ഡല്‍ഹിയുടെ മാര്‍ക്വീ താരം കൂടിയായ റോബര്‍ട്ടോ കാര്‍ലോസും ഇറങ്ങിയെങ്കിലും ഗുണമുണ്ടായില്ല. ഹാന്‍സ് മുള്‍ഡര്‍ക്ക് പകരക്കാരനായാണ് കാര്‍ലോസ് ഇറങ്ങിയത്. ഐഎസ്എല്ലിലെ കാര്‍ലോസിന്റെ ആദ്യമത്സരമായിരുന്നു ഇത്. ഡല്‍ഹിയുടെ പരിശീലകനും കൂടിയാണ് കാര്‍ലോസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News