പൊമ്പിളൈ ഒരുമൈ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു; ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് പെണ്ണൊരുമക്കാര്‍; മൂന്നാം പിഎല്‍സി യോഗം ആരംഭിച്ചു

തിരുവനന്തപുരം: തോട്ടം തൊഴിലാളി സമരം തീര്‍ക്കാന്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ മൂന്നാമത് കൂടിക്കാഴ്ച ഇന്ന് നടക്കാനിരിക്കെ മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് പെണ്ണൊരുമ നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പിഎല്‍സി യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. മുഖ്യമന്ത്രിയെ വിശ്വാസമുണ്ടെന്നും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. രാവിലെ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

അതേസമയം, മൂന്നാമത് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിലാണ് യോഗം. കഴിഞ്ഞയാഴ്ച ചേര്‍ന്ന രണ്ട് യോഗവും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത്. മിനിമം കൂലി 500 രൂപ എന്ന നിലപാടില്‍ തൊഴിലാളികളും ട്രേഡ് യൂണിയന്‍ നേതാക്കളും ഉറച്ചു നില്‍ക്കും.

മൂന്നാറിലെ അനിശ്ചിതകാല സമരം ഇപ്പോഴും തുടരുകയാണ്. പ്രശ്‌നത്തില്‍ പരിഹാരമായില്ലെങ്കില്‍ സമരം അനന്തമായി നീളുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു യോഗങ്ങളിലും തൊഴിലാളികളും ട്രേഡ് യൂണിയനുകളും തോട്ടം ഉടമകളും നിലപാടുകളില്‍ ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്. 500 രൂപ കൂലി നല്‍കാനാവില്ലെന്നാണ് തോട്ടം ഉടമകളുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News