ബീഫ് കഴിച്ചതിന് മുഹമ്മദ് അഖലാഖിനെ കൊന്നവരില്‍ ബിജെപി നേതാവിന്റെ മകനും; പ്രതി ചേര്‍ക്കപ്പെട്ട 11 പേരില്‍ എട്ടും പ്രാദേശിക സഞ്ജയ് റാണയുടെ ബന്ധുക്കള്‍

ദാദ്രി: ദാദ്രിയില്‍ വീട്ടില്‍ മാംസാഹാരം സൂക്ഷിച്ചെന്ന പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖലാഖിനെ കൊന്നവരില്‍ ബിജെപി നേതാവിന്റെ മകനടക്കമുള്ള ബന്ധുക്കള്‍. പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്ന 11 പേരില്‍ എട്ടുപേരും പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ ബന്ധുക്കളാണ്. എല്ലാവരും 18നും 24നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍. എന്നാല്‍, ആര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പൊലീസ് പറഞ്ഞു. ഗൗതം ബുദ്ധ് നഗര്‍ ജില്ലയിലെ ബിസര ഗ്രാമത്തില്‍ താമസിക്കുന്നവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എല്ലാവരും.

ജില്ലയിലെ ബിജെപി നേതാവായ സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ ആണ് പ്രതിപ്പട്ടികയിലെ പ്രധാനി. 22ഉം 20 ഉം വയസ്സുള്ള വിവേക്, സച്ചിന്‍ എന്നീ സഹോദരങ്ങളും ശ്രീ ഓം, ഹരി എന്നീ മറ്റു രണ്ടു സഹോദരങ്ങളും എഫ്‌ഐആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൗരഭ്, ഗൗരവ്, ശിവം, സന്ദീപ്, രൂപേന്ദ്ര എന്നിവരാണ് എഫ്‌ഐആറില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവര്‍. ഇതില്‍ സൗരഭും ഗൗരവും സഹോദരങ്ങളാണ്. വിശാല്‍ തന്റെ മകനാണെന്നും സൗരഭ്, ഗൗരവ്, സന്ദീപ്, ശിവം, സച്ചിന്‍, വിവേക് എന്നിവര്‍ തന്റെ കുടുംബത്തില്‍ തന്നെയുള്ളവരാണെന്നും സഞ്ജയ് റാണ സമ്മതിച്ചിട്ടുണ്ട്. രൂപേന്ദ്ര, ഹരി ഓം, ശ്രീ ഓം എന്നിവര്‍ റാണയുടെ അയല്‍ക്കാരാണ്. ഇതില്‍ സച്ചിനും ഹരി ഓമും ഒളിവിലാണ്.

അഖലാഖിന്റെ ഭാര്യയുടെ മൊഴി പ്രകാരം വിശാലിനെയും ശിവത്തെയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ബിസര ഗ്രാമത്തലവനായ സഞ്ജയ് റാണ പറയുന്നത് ഇത്തരമൊരു സംഭവം അവിടെ ആദ്യമായാണെന്നാണ്. എന്നാല്‍, തന്റെ ബന്ധുക്കളെ കേസിലേക്ക് വലിച്ചിഴച്ചത് പൊലീസിന് തന്നോടുള്ള പ്രതികാര നടപടിയാണെന്നാണ് റാണ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here