ദേശീയ അവാർഡ് ജേതാവും നടിയുമായ മീരാ ജാസ്മിനെതിരെ ആരോപണങ്ങളുമായി സംവിധായകൻ കമൽ. ഷൂട്ടിംഗ് സെറ്റുകളിൽ സഹപ്രവർത്തകരുമായി കയർക്കുന്നത് മീരയുടെ പതിവായിരുന്നെന്നും അസിസ്റ്റന്റുമാരോടും, ടെക്‌നീഷ്യൻമാരോടൊക്കെ മോശമായി പെരുമാറിയ മീരയെ പലവട്ടം താക്കീത് ചെയ്തിട്ടും കാര്യമൊന്നും ഉണ്ടായില്ലെന്ന് കമൽ പറയുന്നു.
മാധ്യമം ആഴ്ചപ്പതിപ്പിലെ എന്റെ വെയിൽഞരമ്പിലെ പച്ചയും പൂക്കളും എന്ന ജീവിതമെഴുത്തിലാണ് കമൽ ഇക്കാര്യങ്ങൾ പറയുന്നത്. മീരാ ജാസ്മിൻ സ്വയമസ്തമിച്ച പകൽ എന്ന തലക്കെട്ടോടെയാണ് കമൽ തന്റെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നത്.
ഗ്രാമഫോൺ സിനിമയിലെ കോസ്റ്റ്യൂമറുമായും മീര പ്രശ്‌നമുണ്ടാക്കിയിരുന്നു. മൂന്നുപ്രാവശ്യം ദേശീയ അവാർഡ് നേടിയ എസ്.ബി സതീഷ് നൽകിയ വസ്ത്രം ധരിക്കാൻ പറ്റില്ലെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ മുന്നിൽവച്ച് വലിച്ചുകീറി കളഞ്ഞെന്നും കമൽ പറയുന്നു. തനിക്കെല്ലാവരോടും സ്‌നേഹവും സൗഹൃദവും കാണിക്കാൻ പറ്റില്ലെന്നും താൽപര്യമുളളവരോടും വേണ്ടപ്പെട്ടവരോടും മാത്രമേ സ്‌നേഹം കാണിക്കുവാൻ പറ്റുവെന്നാണ് ഇതിന് ന്യായീകരണമായി മീര പറഞ്ഞത്.
സ്വപ്‌നക്കൂടിന്റെ ലൊക്കേഷനിൽ വച്ചും സമാനപെരുമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. താനവരുടെ ശത്രുവാണെന്ന രീതിയിലാണ് മീര പെരുമാറിയത്. അതിന്റെ കാരണമെന്തെന്ന് ഇന്നും അറിയില്ലെന്നും കമൽ പറയുന്നു.
തന്റെ സെറ്റിൽ ഒരുനടിയും ഇതുപോലെ പെരുമാറിയിട്ടില്ലെന്നും, അറിവില്ലായ്മകൊണ്ടും പക്വതക്കുറവ് കൊണ്ടുമാണ് ഇങ്ങനെ പെരുമാറുന്നതെന്ന് മീരയോട് താൻ പറഞ്ഞെന്നും അദ്ദേഹം പറയുന്നു. സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സെറ്റിൽ മോഹൻലാൽ അടക്കമുള്ളവർ മീരാ ജാസ്മിനെ മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതായും കമൽ കുറിക്കുന്നു.

Get real time update about this post categories directly on your device, subscribe now.