വരുന്നുണ്ട് ചിലര്‍, ഗോള്‍മുഖത്ത് കൊടുങ്കാറ്റാകാന്‍; സൂപ്പര്‍ ലീഗിന്റെ ഇഷ്ടങ്ങളാകാന്‍-അനന്ത് കെ ജയചന്ദ്രന്‍ എഴുതുന്നു

ഐഎസ്എല്‍ കഴിഞ്ഞ സീസണില്‍ ഗോള്‍ വലയെ ലക്ഷ്യം വച്ചവരിലധികവും വിദേശ താരങ്ങളായിരുന്നു. രണ്ടാം സീസണ്‍ എത്തുമ്പോഴും കാര്യങ്ങള്‍ക്ക് വലിയ വ്യത്യാസമൊന്നും കാണാനിടയില്ല. ജെജെ ലാല്‍പെക്‌ലുവ, മുഹമ്മദ് റാഫി, റോമിയോ, സുനില്‍ ഛേത്രി തുടങ്ങി ചുരുക്കം ഗോള്‍ സ്‌കോറര്‍മാര്‍ മാത്രമാണ് രണ്ടാം സീസണെ സജീവമാക്കുന്ന ഇന്ത്യക്കാര്‍. പ്രായം 30 കടന്നവരും, പോര്‍മുഖങ്ങള്‍ക്ക് ആവശ്യമില്ലാത്തവരുമായെങ്കിലും വിദേശ താരങ്ങള്‍ ഇന്ത്യയ്ക്ക് പ്രിയപ്പെട്ടവരാണ്. രണ്ടാം സീസണിലും ഇവരുടെ ബൂട്ടുകളില്‍ തന്നെയാണ് ടീമുകളുടെ പ്രതീക്ഷകളത്രയും. ഗോളടി വീരന്‍മാര്‍ ഏറെയുണ്ടെങ്കിലും സൂപ്പര്‍ ലീഗിന്റെ താരമായേക്കാന്‍ സാധ്യതയുള്ള ചില താരങ്ങളെ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

1. ഹെല്‍ഡര്‍ പൊസ്റ്റിഗ

helder-postiga-1

ഒരുകാലത്ത് പോര്‍ച്ചുഗല്‍ അടക്കിവാണ മുന്നേറ്റനിര താരം. പോര്‍ട്ടോയ്ക്ക് വേണ്ടിയും, വലന്‍സിയയ്ക്ക് വേണ്ടിയും ഗോള്‍വല നിറച്ച താരമായിരുന്നു പൊസ്റ്റിഗ. 15 വര്‍ഷത്തെ ക്ലബ്ബ് കരിയറില്‍ പൊസ്റ്റിഗ ആകെ നേടിയത് 102 ഗോളുകള്‍. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കു വേണ്ടി ആദ്യമത്സരത്തില്‍ തന്നെ ഇരട്ട ഗോളുകള്‍ നേടി പൊസ്റ്റിഗ വരവറിയിച്ചിട്ടുണ്ട്. പോര്‍ച്ചുഗലിനായി 71 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 27 ഗോളുകള്‍ നേടി. 2 ലോകകപ്പുകളിലും 3 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്തു. 2004 യൂറോ കപ്പിന്റെ ഫൈനലില്‍ വരെ എത്തിയ പറങ്കിപ്പടയുടെ മുന്നേറ്റനിര താരമായിരുന്നു. ഡ്രിബിളിംഗ് പാടവവും, വേഗതയും തന്നെയാണ് പൊസ്റ്റിഗയുടെ കരുത്ത്.

2.എലാനോ ബ്ലൂമര്‍

Elano Blumer of Chennaiyin FC celebrates a goal during match 15 of the Hero Indian Super League between Chennaiyin FC and Mumbai City FC held at the Jawaharlal Nehru Stadium, Chennai, India on the 28th October 2014. Photo by:  Vipin Pawar/ ISL/ SPORTZPICS

ചെന്നൈയിന്‍ എഫ്‌സിയുടെ വിശ്വസ്തനായ കളിക്കാരന്‍. മധ്യനിരയില്‍ കളി മെനഞ്ഞ് ഗോളടിപ്പിക്കാനും ഒപ്പം ഗോളടിക്കാനും മിടുക്കന്‍. പ്രഥമ ഐഎസ്എല്‍ സീസണ്‍ ഗോള്‍ഡന്‍ ബോള്‍ ജേതാവ്. 8 ഗോളുകള്‍ നേടി. രണ്ടാം സീസണിലെ ആദ്യ പോരാട്ടത്തില്‍ ടീം പരാജയപ്പെട്ടെങ്കിലും എലാനോ ഗോള്‍ കണ്ടെത്തി. ക്ലബ്ബ് മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിന്റെ പ്രിയതാരമായിരുന്നു. പ്രായം 34. കൃത്യതയാര്‍ന്ന ഫ്രീകിക്കുകളും, ലോംഗ് ഷോട്ടുകളുമാണ് എലാനോയെ ശ്രദ്ധേയനാക്കുന്നത്. ബ്രസീലിനായി 50 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.
3. ക്രിസ് ഡഗ്‌നല്‍

cris dagnall

ഹ്യൂമേട്ടന്റെ വിടവ് നികത്താന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയ താരം. ദേശീയ ടീമില്‍ ഇടം കണ്ടെത്താനായില്ലെങ്കിലും ക്ലബ്ബ് മത്സരങ്ങളില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുകളാണ് ഈ 29കാരനെ ശ്രദ്ധേയനാക്കുന്നത്. വേഗത തന്നെയാണ് ഈ ഇംഗ്ലണ്ടുകാരന്റെ പ്രധാന സവിശേഷത. എല്ലാ അര്‍ത്ഥത്തിലും ഒരു സ്‌ട്രൈക്കറായ ഡഗ്നല്‍, പ്രതിരോധത്തെ ഛിന്നഭിന്നമാക്കാനും കഴിവുള്ള ആളാണ്. ഏജീസിനെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയാണ് ഡഗ്നല്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.

4. നിക്കോളാസ് അനല്‍ക്ക

NICOLAS ANELKA - 14.08.2011 - Stoke City / Chelsea - 1ere journee de Premier League Photo: Sports / Icon Sport

ആദ്യ സീസണില്‍ വൈകിയെത്തി ശ്രദ്ധിക്കപ്പെടാതെ പോയ താരം. ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരി എന്ന ലേബലിലാണ് 36 കാരനായ അനല്‍ക്കയെ മറ്റു ടീമുകള്‍ കാണുന്നത്. ഐഎസ്എല്‍ കളിക്കാരില്‍ ഏറ്റവും മികച്ച ട്രാക്ക് റെക്കോര്‍ഡ്. അഴ്‌സണല്‍, ലിവര്‍പൂള്‍, റയല്‍ മാഡ്രിഡ്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങി പ്രമുഖ ക്ലബ്ബുകളില്‍ പ്രതാപ കാലം. ഫ്രാന്‍സിനായി 14 ഗോളുകള്‍. ക്ലബ്ബ് കരിയറില്‍ 210 ഗോളുകള്‍. ഏത് ആങ്കിളില്‍ ന
ിന്നും ഗോളിലേക്ക് ലക്ഷ്യം വയ്ക്കാനുള്ള കഴിവാണ് നിക്കോളാസ് അനല്‍ക്കയെന്ന മുംബൈ താരത്തിനെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാക്കുന്നത്.

5. ഫ്ളോറന്റ് മലൂദ

florent maluda

ചെല്‍സിയില്‍ അനല്‍ക്കയുടെ കൂട്ടുകാരന്‍. ചെല്‍സിക്കായും, ലിയോണിനായും നൂറിലേറെ മത്സരങ്ങള്‍. ഫ്രാന്‍സ് ദേശീയ ടീമില്‍ 80 മത്സരങ്ങള്‍. ഇടതുവിംഗില്‍ ആക്രമണങ്ങള്‍ മെനയാന്‍ മിടുക്കന്‍. ഇടതു വിംഗില്‍ നിന്ന് നിലംപറ്റി എത്തുന്ന ത്രൂ ബോളുകളും, ബോക്‌സിനുള്ളിലേക്ക് വളഞ്ഞെത്തുന്ന ക്രോസുകളും മലൂദ സ്‌പെഷ്യലാണ്. 2006 ലോകകപ്പ് ഫൈനല്‍ കളിച്ച ഫ്രഞ്ച് ടീമില്‍ സിദാനൊപ്പം കളിച്ചു. സീസണില്‍ ഡല്‍ഹിയുടെ താരം

6. സിമാവോ സമ്പ്രോസ

Simao-Sabrosa

പോര്‍ച്ചുഗലിന്റെ വിംഗര്‍. പ്രായം 35. ഇടതു വിംഗിലും വലതു വിംഗിലും ഒരു പോലെ തിളങ്ങുന്ന താരം. പോര്‍ച്ചുഗലിനായി 85 മത്സരങ്ങളില്‍ നിന്ന് 22 ഗോളുകള്‍ നേടിയിട്ടുണ്ട്. ബെന്‍ഫിക്കയുടെയും, അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും സുവര്‍ണതാരം. സ്പാനിഷ് വമ്പന്‍മാരായ ബാര്‍സിലോണയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇക്കുറി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി ബൂട്ടു കെട്ടും.

7. അഡ്രിയാന്‍ മുട്ടു

adriyan muttu
പൂണെ സിറ്റിയുടെ താരം. പ്രതാപം ഒരുപാട് പറയാനുണ്ട് അഡ്രിയാന്‍ മുട്ടുവെന്ന റൊമേനിയന്‍ സൂപ്പര്‍ഫാസ്റ്റിന്. പ്രായം 36 കഴിഞ്ഞെങ്കിലും പേടിക്കേണ്ടതുണ്ട് ഈ മുന്നേറ്റക്കാരനെ. റൊമേനിയയ്ക്കായി 77 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകള്‍. പാര്‍മ, യുവന്റസ്, ചെല്‍സി, ഫിയോറിന്റെ തുടങ്ങിയ വമ്പന്‍മാര്‍ക്ക് വേണ്ടി അനായാസം ഗോളുകള്‍ കണ്ടെത്തി. 19 വര്‍ഷത്തെ ക്ലബ്ബ് ചരിത്രത്തില്‍ 201 ഗോളുകള്‍ നേടിയ പാരമ്പര്യമുണ്ട് മുട്ടുവിന്. രണ്ടുവട്ടം ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടിട്ടുള്ള താരം നീണ്ടകാലം കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. ഇറ്റാലിയന്‍ ലീഗ് ചിരിത്രത്തിലെ മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് അഡ്രിയാന്‍. സ്‌ട്രൈക്കര്‍ സ്ഥാനത്തെങ്കിലും, വിംഗുകളിലൂടെയുള്ള അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ക്കുള്ള മിടുക്കാണ് അഡ്രിയാന്‍ മുട്ടുവിനെ ശ്രദ്ധേയനാക്കുന്നത്.

8. റെയ്‌നാള്‍ഡോ

reinaldo

36കാരനായ ബ്രസീലിയന്‍ താരം ഗോവയ്ക്കായി ആദ്യമത്സരത്തില്‍ തന്നെ ലക്ഷ്യം കണ്ടു. സാവോപോളോ, സാന്റോസ് തുടങ്ങി ബ്രസീലിലെ പ്രമുഖ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. 1999 മുതല്‍ ഇതുവരെ 78 ഗോളുകള്‍. എണ്ണത്തേക്കാളേറെ പല ഗോളുകളും നിര്‍ണായക സമയങ്ങളിലെന്നത് ശ്രദ്ധേയം. ലൂസിയോ അടങ്ങുന്ന പ്രതിരോധ നിരയില്‍ നിന്നും പിന്നോട്ടിറങ്ങി പന്ത് സ്വീകരിക്കാനും, ഒറ്റയ്ക്ക് മുന്നേറാനുമുള്ള കഴിവാണ് റെയ്‌നാള്‍ഡോയുടെ സവിശേഷത.

ഇനി കാത്തിരിക്കാം. ഇന്ത്യയുടെ പച്ചപ്പുല്‍ മൈതാനങ്ങളില്‍ പുതിയ വിദേശ താരകങ്ങളുടെ ഉയിര്‍പ്പിനായി. അവരുരയര്‍ത്തുന്ന കൊടുങ്കാറ്റിന്റെ ഹുങ്കാരങ്ങള്‍ക്കായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News