കൊമ്പുകുലുക്കി വരുന്നുണ്ട് കൊമ്പന്‍മാര്‍; കപ്പിനും ചുണ്ടിനും ഇടയില്‍ വഴുതിപ്പോയ കിരീടം തിരിച്ചു പിടിക്കാന്‍ യുവശക്തിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ഹ്യുമിന് പകരമാകുമോ, പിയേഴ്‌സന്റെ വേഗതയോളം വരുമോ, സുശാന്ത് മാത്യു മാജിക് ഇനിയുമുണ്ടാകുമോ, ഐഎസ്എല്‍ രണ്ടാം സീണണിന് കേരള ബ്ലാസ്റ്റേഴ്‌സ് ബൂട്ടു കെട്ടുമ്പോള്‍ പുതിയ താരനിരയെ കുറിച്ച് ആരാധകരുടെ ആശങ്കകള്‍ നീളുകയാണ്. ബ്ലാസ്റ്റേഴ്‌സില്‍ മലയാളി സാന്നിധ്യം മരുന്നിന് മാത്രമാകുമ്പോഴും അത്രമേലാണ് മലയാളിയുടെ പ്രതീക്ഷകള്‍. മലയാളിയുടെ ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കി സ്വപ്നതുല്യമായ പടയോട്ടമാണ് ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. അതുകൊണ്ടു തന്നെ ഇത്തവണ സ്വന്തം സച്ചിന്റെ ടീമില്‍ നിന്ന മലയാളികള്‍ കിരീടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കൊല്‍ക്കൊത്ത മുതല്‍ ഡല്‍ഹി വരെ ആദ്യ സീസണിലെ പിഴവുകള്‍ തിരുത്തി മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ കഴിഞ്ഞ തവണത്തെ മികവ് നിലനിര്‍ത്തുക എന്നതാണ് ടീമിന്റെ പ്രധാന ദൗത്യവും വെല്ലുവിളിയും.

HUME
ആദ്യ സീസണിലെ ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസും ഇന്ത്യന്‍ വംശജന്‍ മൈക്കല്‍ ചോപ്രയും ഒഴികെയുള്ള വിദേശ താരങ്ങള്‍ അപരിചിതരായിരുന്നു. അന്താരാഷ്ട്ര രംഗത്ത് ശരാശരിക്കാരായ ഇവരെ കയ്യും മെയ്യും മറന്ന് പ്രോത്സാഹിപ്പിച്ച മലയാളികള്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തി. ഒടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും ആരാധകരുള്ള ടീം കേരളാ ബ്ലാസ്റ്റേഴ്‌സാണെന്ന് വരെ പറഞ്ഞു പരത്തി ഊറ്റം കൊണ്ടു. സ്വന്തം തട്ടകത്ത് മുക്കാല്‍ ലക്ഷം
കാണികളുടെ പിന്‍ബലത്തില്‍ സെമിയില്‍ ചെന്നൈയിനെ തകര്‍ത്തുവിട്ടപ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് അതിരില്ലായിരുന്നു. അതുകൊണ്ടു തന്നെ പുതിയ സീസണില്‍ പ്രതീക്ഷകളുടെ അമിതഭാരവുമായാണ് ടീം കളത്തിലിറങ്ങുന്നത്.

അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് മലയാളിയായ മുഹമ്മദ് റാഫിയെ ടീമിലെത്തിച്ചത് ഒഴിച്ചാല്‍ ആഭ്യന്തര താര ലേലത്തില്‍ കാഴ്ച്ചക്കാരന്റെ റോളിലായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ്. ഹൃദയം കൊണ്ട് പന്തുതട്ടുന്ന യുവതാരം സന്ദേശ് ജിങ്കനെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് ബുദ്ധികാണിച്ചു. ആഭ്യന്തര താരങ്ങളില്‍ വലിയ വിശ്വാസം അര്‍പ്പിക്കാത്ത കോച്ച് പീറ്റര്‍ ടെയ് ലറുടെയും അസിസ്റ്റന്റ് കോച്ച് ട്രവര്‍ മോര്‍ഗന്റെയും കണ്ണ് ഇംഗ്ലീഷ് യുവതാരങ്ങളിലായിരുന്നു. നോര്‍വെയുടെ ഇതിഹാസ താരം ആര്‍നെ റീസ മുതല്‍ ഇംഗ്ലണ്ട് മുന്‍ അണ്ടര്‍ 19 ടീം ഗോള്‍കീപ്പര്‍ സ്റ്റീഫന്‍ ബൈവാട്ടേഴ്‌സ് വരെ നീളുന്ന താരനിരയായിരുന്നു ടെയ്‌ലറുടെ മനസ്സില്‍. ആര്‍നെ റൈസേക്ക് വേണ്ടി ഡല്‍ഹി ഡൈനാമോസും വലയെറിഞ്ഞപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റി.

MARCHENA

ലോകകപ്പ് നേടിയ സ്പാനിഷ് ടീം അംഗമായ കാര്‍ലോസ് മര്‍ച്ചേന മാര്‍ക്വീ താരമായി ടീമില്‍ എത്തിയത് അപ്രതീക്ഷിതമായിരുന്നു. ലോകകപ്പിലും, ചാമ്പ്യന്‍സ് ലീഗിലും മെസ്സിയെയും ക്രിസ്റ്റ്യനോ റൊണാള്‍ഡോയെയും പ്രതിരോധിച്ച അനുഭവ സമ്പത്തുമായാണ് മര്‍ച്ചേന ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായം അണിയുന്നത്. ഇംഗ്ലണ്ടില്‍ നിന്ന് ക്രിസ്റ്റഫര്‍ ഡഗ്‌നല്‍, ആന്റണിയോ ജര്‍മെയ്ന്‍, സാഞ്ചേസ് വാട്ട്, പീറ്റര്‍ റാമേജ്, മാര്‍ക്കസ് വില്യംസ് തുടങ്ങിയ താരങ്ങളെ പീറ്റര്‍ ടെയ്‌ലര്‍ നേരിട്ടാണ് തെരഞ്ഞെടുത്തത്.

cris dagnall
29 കാരനായ ക്രിസ് ഡഗ്‌നല്‍, ട്രമര്‍ റോവേഴ്‌സ്, ബാണ്‍സ്ലി, ലെയ്ട്ടണ്‍ ഒറിയന്റ് ക്ലബുകള്‍ക്കായി ബൂട്ടു കെട്ടിയിട്ടുണ്ട്. ഇയാന്‍ ഹ്യൂമിന് പകരക്കാരനായി പീറ്റര്‍ ടെയ്‌ലറുടെ മനസിലുള്ളത് ഡെഗ്‌നനാലാണെന്നതിന് സംശയമില്ല. കരാര്‍ പുതുക്കാമെന്ന ലെയ്റ്റണ്‍ ഒറിയന്റിന്റെ വാഗ്ദാനം നിലനില്‍ക്കെയാണ് ഡെഗ്‌നല്‍ ബ്ലാസ്റ്റേഴുമായി കരാറില്‍ എത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷക്കണക്കിന് ആരാധകവൃന്ദമാണ് ഡഗ്‌നലിനെ ഇന്ത്യയില്‍ പന്തുതട്ടാന്‍ പ്രേരിപ്പിച്ചത്. മികച്ച ഫോമിലുള്ള ഡഗ്‌നല്‍ കഴിഞ്ഞ സീസണില്‍ 11 ഗോളുകളാണ് ഒറിയന്റിനായി നേടിയത്. മുന്നേറ്റ നിരയില്‍ റാഫിക്കൊപ്പം ഡഗ്‌നലിനായിരിക്കും ആക്രമണത്തിന്റെ ചുമതല.

SANCHES-WATT

ആഴ്‌സണലിന്റെ തട്ടകത്തില്‍ വളര്‍ന്ന സാഞ്ചസ് വാട്ടും ക്യൂന്‍സ് പാര്‍ക്ക് റോജേഴ്‌സിലൂടെ കളി തുടങ്ങിയ അന്റോണിയോ ജെര്‍മെയ്‌നുമാണ് ഏവരും ഉറ്റുനോക്കുന്ന രണ്ട് യുവതാരങ്ങള്‍. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ റോളിലായിരിക്കും അന്റോണിയോ ജെര്‍മെയ്ന്‍. റാംബോ എന്ന വിളിപ്പേരുള്ള പീറ്റര്‍ റാമേജ് ന്യൂകാസിലിന്റെയും ക്രിസ്റ്റല്‍ പാലസിന്റെയും പ്രതിരോധക്കോട്ട കാത്തിട്ടുണ്ട്. ഷെഫീല്‍ഡ് യുണൈറ്റഡ്, സ്‌കെന്‍തോര്‍പ്പ് യുണൈറ്റഡ് ക്ലബുകളുടെ ഫുള്‍ബാക്കായിരുന്നു മാര്‍ക്കസ് വില്യംസ്.

BRUNO
ടീമിലെ ഏക ബ്രസീലിയന്‍ സാന്നിധ്യമാണ് ബ്രൂണോ പെറോണ്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രകടനമാണ് പെറോണിനെ ടീമില്‍ എത്തിച്ചത്. ബ്രസീലിയന്‍ ടീമായ കൊറിന്ത്യന്‍സിലും ഫിഗ്വെയ്‌റെന്‍സ് എഫ്‌സിയിലും പെറോണ്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഹെങ്ബര്‍ട്ടിന്റെയും കോളിന്‍ ഫാല്‍വെയുടെയും സെന്റര്‍ ബാക് പൊസിഷനിലേക്കാണ് ആറടി നാലിഞ്ച് ഉയരമുള്ള ബ്രൂണോ എത്തുന്നത്. ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയുടെ ചുമതല പോര്‍ച്ചുഗല്‍ താരം ജോവോ കോയിമ്പ്രക്കാണ്. അതായത് പിയേഴ്‌സന്റെ റോള്‍. വേഗതയില്‍ പിയേഴ്‌സനോളം വരില്ലെങ്കിലും കോയിമ്പ്ര മധ്യനിരയില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ള താരമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ബാഴ്‌സലോണയുടെ യൂത്ത് ടീമില്‍ അംഗമായിരുന്ന സ്പാനിഷ് താരം 22 കാരനായ ജോസു പെരിറ്റോയും ഇത്തവണ മധ്യനിയിലുണ്ട്. ദക്ഷിണ കൊറിയക്കാരനായ ഈസ്റ്റ് ബംഗാള്‍ താരം ഡു ജോംഗ് ഹ്യുന്‍ ആണ് ടീമിലെത്തിയ അവസാനത്തെയാള്‍. മെസ്സിയെ പോലെയയാണെന്നും ഇടംകാലനും അപാര ഡ്രിബ്ലിംഗ് പാടവമാണെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും പകരക്കാരന്റെ റോളില്‍ മാത്രമെ ഇറങ്ങാന്‍ സാധ്യയുള്ളു. ടീമില്‍ നിലനിര്‍ത്തിയ സ്‌പെയിന്‍താരം പുള്‍ഗെയായിരിക്കും ഇത്തവണ ടീമിനെ നയിക്കുക. വലകാക്കുന്നതിലെ ഒന്നാമന്‍ ബൈവാട്ടേഴ്‌സ് ആണെങ്കിലും 40 കഴിഞ്ഞ സന്ദീപ് നന്ദിക്കും തുല്യ അവസരം ലഭിച്ചേക്കും. കഴിഞ്ഞ തവണ ഡേവിഡ് ജെയിംസിന് പകരക്കാരനായി ഇറങ്ങി ബാറിന് കീഴില്‍ മികവുറ്റ പ്രകടനമാണ് മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ കാഴ്ചവച്ചത്. പെര്‍ണോ-മര്‍ച്ചേന-ജിങ്കന്‍-ഗുര്‍വീന്ദര്‍ പ്രതിരോധ നിരയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തെന്ന് നിസ്സംശയം പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News