മിശ്രവിവാഹിതരായ ഹിന്ദു പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാന്‍ സംഘപരിവാര്‍; ഓര്‍മ മരവിപ്പിക്കാന്‍ കൊച്ചിയിലടക്കം കേന്ദ്രങ്ങള്‍; ഞെട്ടിക്കുന്ന വിവരങ്ങളുമായി കോബ്രാ പോസ്റ്റിന്റെ ഓപറേഷന്‍ ജൂലിയറ്റ്

operation-juliet

ദില്ലി: മുസ്ലിം യുവാക്കളുമായി പ്രണയത്തിലായി വിവാഹം ചെയ്യാന്‍ ആലോചിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാന്‍ സംഘപരിവാറിന്റെ പ്രത്യേക കേന്ദ്രങ്ങളും സംഘങ്ങളും രംഗത്ത്. കേരളത്തില്‍ കൊച്ചിയിലടക്കം രാജ്യത്തു വിവിധ ഇടങ്ങൡലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോബ്രാപോസ്റ്റും ഗുലൈല്‍ ഡോട് കോമും നടത്തിയ ഓപ്പറേഷന്‍ ജൂലിയറ്റ് എന്ന സ്റ്റിംഗ് ഓപ്പറേഷനില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് നിയന്ത്രണത്തിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മുസ്ലിം യുവാവുമായുള്ള ബന്ധത്തില്‍നിന്നു പിന്‍മാറാന്‍ തയാറാകാത്തവരെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും ബന്ധത്തില്‍നിന്ന് മാറ്റാനാണ് സംഘത്തിന്റെ ശ്രമം. ഒരു തരത്തിലും പിന്‍മാറാന്‍ തയാറാകാത്തവരെ ഓര്‍മ മരവിപ്പിക്കുന്ന ചികിത്സയ്ക്കു വിധേയമാക്കും. ഇത്തരത്തില്‍ കൊച്ചിയിലാണ് കേരളത്തിലെ സംഘപരിവാര്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

മുസ്ലിംകളെ വിവാഹം കഴിച്ച ഹിന്ദുയുവതികളെയും ഇത്തരത്തില്‍ ബന്ധത്തില്‍നിന്നു പിന്‍വലിയാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ബിജെപി എന്നീവയുടെ നേതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ വെളിച്ചത്തിലാണ് കോബ്രാപോസ്റ്റിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സഞ്ജീവ് കുമാര്‍ ബല്യാന്‍, താന ഭവനിലെ ബിജെപി എംഎല്‍എ സര്‍ധന സംഗീത് സോം, മുസാഫര്‍ നഗറിലെ ബിജെപി നേതാവ് സഞ്ജയ് അഗര്‍വാള്‍, വിഎച്ച്പി മുസാഫര്‍ നഗര്‍ യൂണിറ്റ് മേധാവി ലളിത് മഹേശ്വരി, കര്‍ണാടകയില്‍ അടുത്തകാലത്തു ബിജെപിയില്‍നിന്നു പുറത്തായ ശ്രീകാര്‍ പ്രഭു, മംഗലാപുരത്തുനിന്നുള്ള എംഎല്‍സി കാപ്റ്റന്‍ ഗണേഷ് കാര്‍ണിക്, വിഎച്ച്പി മംഗലാപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജഗദീഷ് ശെനാവ തുടങ്ങി നിരവധി പേരുമായാണ് കോബ്രാ പോസ്റ്റ് സംഭാഷണം നടത്തിയത്.

മറ്റു മതസ്ഥരെ വിവാഹം ചെയ്ത ഹിന്ദു പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരാന്‍ ബലം പ്രയോഗിച്ചും പണം നല്‍കിയും ശ്രമം നടത്തുന്നതായാണ് വിവരം ലഭിച്ചത്. മുസ്ലിം യുവാക്കളില്‍നിന്നു ഗര്‍ഭിണിയായിട്ടുണ്ടെങ്കില്‍ രാജ്യത്തു നിരവധി പെണ്‍കുട്ടികളെ ഗര്‍ഭഛിദ്രത്തിനും വിധേയമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യാജരേഖ നിര്‍മിച്ച് ഭര്‍ത്താവോ, കാമുകനോ ആയ യുവാവിനെ കേസില്‍ കുടുക്കിയതായും കണ്ടെത്തി. ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നതു തടയാനാണ് സംഘപരിവാറിന്റെ പദ്ധതി. കേരളത്തിലടക്കം ഇത്തരം സംഭവങ്ങള്‍ നടന്നതായി വിവിധ സംഭവങ്ങള്‍ വിവരിച്ചാണ് കോബ്രാ പോസ്റ്റ് പുറത്തുവിടുന്നത്.

കോബ്രാ പോസ്റ്റ് കണ്ടെത്തിയ കാര്യങ്ങളുടെ ചുരുക്കം:

  • മറ്റു മതസ്ഥരെ വിവാഹം കഴിച്ചവരെ ലവ്‌ ജിഹാദെന്ന പേരില്‍ തിരികെ കുടുംബത്തിലേക്കു കൊണ്ടുവരാന്‍ ബലം പ്രയോഗിക്കുന്നു.
  • മിശ്ര വിവാഹങ്ങള്‍ അസാധുവാക്കാന്‍ പൊതു ജനങ്ങളുടെയും പൊലീസിന്റെയും ഭരണകൂടത്തിന്റെയും സഹായം ഉപയോഗിക്കുന്നു
  • ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന മുസ്ലിം യുവാവിനെ കേസില്‍ കുടുക്കാന്‍ വ്യാജ ബലാത്സംഗക്കുറ്റവും തട്ടിക്കൊണ്ടുപോകല്‍ കേസും കെട്ടിച്ചമയ്ക്കുന്നു
  • പെണ്‍കുട്ടി പ്രായപൂര്‍ത്തിയായില്ലെന്നു കാട്ടി വ്യാജരേഖ ചമച്ചു യുവാവിനെ കേസില്‍ കുടുക്കുന്നു
  • മുസ്ലിം യുവാവിനെതിരെ കോടതിയിലും പൊലിസിലും മൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നു. വഴങ്ങാത്തവരെ ബലം പ്രയോഗിച്ചും വൈകാരികമായി ബ്ലാക് മെയില്‍ ചെയ്തും വരുതിക്കുവരുത്തുന്നു
  • മിശ്രവിവാഹബന്ധത്തില്‍നിന്നു വേര്‍പെടുത്താന്‍ പെണ്‍കുട്ടികളെ ബലമായി അംനേഷ്യയ്ക്കു മരുന്നു നല്‍കുന്നു.
  • ലവ്ജിഹാദിന് താന്‍ ഇരയായി എന്ന് ഒരു പെണ്‍കുട്ടിയും പറയുന്നില്ല. ഇവരാരും സംഘപരിവാറിന്റെ സഹായം തേടിയിട്ടുമില്ല.
  • വാദം ഉറപ്പിക്കാന്‍ വിഷലിപ്തമായ ആശയങ്ങളടങ്ങിയ ലഘുലേഖകളും പുസ്തകങ്ങളും വിതരണം ചെയ്യുന്നു.
  • മറ്റു മതസ്ഥരെ വിവാഹം ചെയ്ത ഹിന്ദു യുവതികളെ മനംമാറ്റാന്‍ രാജ്യത്താകെ കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മിശ്രബന്ധം ഒഴിവാക്കി ഒരു ഹിന്ദുവിനെത്തന്നെ വിവാഹം ചെയ്യാന്‍ യുവതികളെ പ്രേരിപ്പിക്കുന്നതാണ് ഇവിടെ നടക്കുന്ന കൗണ്‍സിലിംഗ്
  • പെണ്‍കുട്ടിക്കു ബന്ധമുണ്ടായിരുന്ന യുവാവിനെ മോശക്കാരനായും ഈ ബന്ധം മതത്തിനു വിരുദ്ധമാണെന്നും യുവതിയെ വിശ്വസിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കുമെന്ന ഭീഷണിയും മുഴക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ മിശ്രവിവാഹം ചെയ്ത ഹിന്ദു പെണ്‍കുട്ടികളെ ബന്ധത്തില്‍നിന്നു വേര്‍പെടുത്തിയതായി കോബ്രാ പോസ്റ്റ് കണ്ടെത്തി. ഈ സംഭവങ്ങളുടെ ചെറുവിവരണവും പുറത്തുവിട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍, മീററ്റ്, കര്‍ണാടകയിലെ മംഗലാപുരം, കേരളത്തില്‍ കാസര്‍ഗോഡ്, എറണാകുളം എന്നിവിടങ്ങളിലാണ് കോബ്രാപോസ്റ്റിന്റെ സംഘം അന്വേഷണം നടത്തിയത്. ഇവിടെയുള്ള കേന്ദ്രങ്ങളില്‍ നിരവധി പെണ്‍കുട്ടികളെ കൊണ്ടുവന്നു മനം മാറ്റിയതായും ഓര്‍മ മരവിപ്പിച്ചതായും കണ്ടെത്തി. ഉത്തരേന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളെ കൗണ്‍സിലിംഗിനായി കൊച്ചിയിലെ കേന്ദ്രത്തിലാണ് എത്തിക്കുന്നതെന്നും കണ്ടെത്തി. ഗുലൈല്‍ ഡോട് കോമിന്റെ ഷാസിയ നിഗര്‍, കോബ്രാപോസ്റ്റിന്റെ ശിശുപാല്‍ കുമാര്‍ എന്നിവര്‍ വിവിധ ബ്യൂറോകളുടെ സഹായത്തോടെയാണ് ഓപ്പറേഷന്‍ ജൂലിയറ്റ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News