ബിജെപി അധികാരത്തിലെത്തിയാല്‍ ബീഹാറില്‍ ബീഫ് നിരോധിക്കുമെന്ന് സുശീല്‍ കുമാര്‍ മോഡി; അക്രമം പേടിച്ച് ഉത്തര്‍പ്രദേശില്‍ ഹോട്ടലുകള്‍ ബീഫ് ഒഴിവാക്കി

ദില്ലി: എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ ബീഹാറില്‍ പൂര്‍ണ്ണമായി ബീഫ് നിരോധിക്കുമെന്ന് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി. ബീഹാര്‍ തെരഞ്ഞെടുപ്പ് ബീഫ് അനുകൂലികളുടേയും പ്രതികൂലികളുടേയും പോരാട്ടമായിരിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശില്‍ ഹോട്ടലുകളിലെ മെനുകാര്‍ഡില്‍ നിന്നു പോലും ബീഫ് ഒഴിവാക്കി.

ദാദ്രയില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ഗ്രഹനാഥനെ കൊലപ്പെടുത്തിയതില്‍ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമായതിന് പിന്നാലെയാണ് ബീഹാറില്‍ പൂര്‍ണ്ണമായി ബീഫ് നിരോധിക്കുമെന്ന ആഹ്വാനവുമായി ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി രംഗത്തെത്തിയത്. ബീഹാറില്‍ എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ അറവുശാലകള്‍ പൂര്‍ണ്ണമായി നിരോധിക്കുമെന്നും പ്രത്യേക നിയമം കൊണ്ടുവരുമെന്നും മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ബീഫ് കഴിക്കുന്നവരില്‍ ഹിന്ദുക്കളുമുണ്ടെന്ന ആര്‍ജെഡി നേതാവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും ബീഫ് അനുകൂലികള്‍ക്ക് നേരെയുള്ള പ്രതിഷേധമായിരിക്കും തെരഞ്ഞടുപ്പ് ഫലമെന്നും മോഡി പറഞ്ഞു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ക്ക് ഒപ്പം ബീഹാറും തലയുയര്‍ത്തി നില്‍ക്കുമെന്നും സുശീല്‍ കുമാര്‍ പറഞ്ഞു. ബീഫ് നിരോധനത്തെ അനുകൂലിച്ച് സംസാരിക്കാത്ത സോണിയേയും നിതീഷിനേയും കുറ്റപെടുത്തിയ സുശീല്‍ കുമാര്‍, നിതീഷ് കുമാര്‍ ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും പറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശില്‍ മുഴുവന്‍ ഹോട്ടലുകളും ഭക്ഷണ വിഭവങ്ങളില്‍ നിന്ന് ബീഫ് ഒഴിവാക്കി. ജീവന്‍ ഭയന്ന് ആരും ബീഫ് ഓര്‍ഡര്‍ ചെയ്യാറില്ലെന്നും ഭയംകൊണ്ട് ബീഫ് പാചകം ചെയ്യാന്‍ ആരും തയാറാകാറില്ലെന്നും ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here