ഇന്ദ്രാണിക്ക് വിഷം കൊടുത്തതായി സംശയമുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ; അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്‌തേക്കും

മുംബൈ: ഷീന ബോറ വധക്കേസ് മുഖ്യപ്രതി ഇന്ദ്രാണി മുഖർജി ആശുപത്രിയിലായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര സർക്കാർ. ജയിലിലായിരുന്ന ഇന്ദ്രാണിക്ക് ആരെങ്കിലും വിഷം കൊടുക്കാനുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

കൈവശം സൂക്ഷിച്ച ഗുളികകൾ ഒരുമിച്ച് വിഴുങ്ങുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇന്ദ്രാണിക്ക് മരുന്ന് കിട്ടാനുള്ള സാധ്യതയെയാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇന്ദ്രാണി തന്നെ മരുന്ന് കൈവശം വച്ച് ഉപയോഗിച്ചതിന് സാധ്യത കുറവാണെന്നും ആരെങ്കിലും വിഷം കൊടുത്തെന്ന നിഗമനത്തിലാണ് പൊലീസ്. ജയിൽ ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ മാത്രമേ മരുന്ന് ഉപയോഗിക്കാവൂ എന്ന നിയമമുള്ളതിനാലാണ് കൈവശം സൂക്ഷിച്ചുപയോഗിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നത്.

അതേസമയം, ഇന്ദ്രാണി അപകടനില തരണം ചെയ്‌തെന്നും ചികിൽസയോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ഇന്ന് ഇന്ദ്രാണിയെ പൊലീസ് ചോദ്യം ചെയ്യാൻ എത്തിയേക്കുമെന്നും സൂചനയുണ്ട്. വെള്ളിയാഴ്ചയാണ് അമിതമായി മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഇന്ദ്രാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മകളായ ഷീനാ ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 25നാണ് ഇന്ദ്രാണി മുഖർജി പിടിയിലായത്. ഷീന വധക്കേസിൽ കൂട്ടുപ്രതികളായ മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംറായ് എന്നിവരും സിബിഐ കസ്റ്റഡിയിലാണ്. സംസ്ഥാന പൊലീസിൽനിന്നു കേസ് ഏറ്റെടുത്ത സിബിഐ എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ടുപോകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News