കട്ടക്ക്: കട്ടക്കില്‍ നടന്ന രണ്ടാം ട്വന്റി – 20 മത്സരത്തിലും ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. ഇത്തവണ ഇന്ത്യ പരാജയപ്പെട്ടത് 6 വിക്കറ്റിന്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇതോടെ ദക്ഷിണാഫ്രിക്ക 2-0ത്തിന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 17.2 ഓവറില്‍ 92 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 96 റണ്‍സെടുത്തു. കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് കളി ഇടക്ക് തടസപ്പെട്ടു.

22 റണ്‍സ് വീതം എടുത്ത രോഹിത് ശര്‍മയും സുരേഷ് റെയ്‌നയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. രോഹിത് ശര്‍മയെ മില്ലര്‍ റണ്‍ ഔട്ടാക്കി. സുരേഷ് റെയ്‌ന ഇമ്രാന്‍ താഹിറിന്റെ പന്തില്‍ അംലയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. 11 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാനും ആര്‍ അശ്വിനും മാത്രമാണ് പിന്നീട് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. ആറ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ മടങ്ങി. അമ്പാട്ടി റായുഡു, ഹര്‍ബജന്‍ സിംഗ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ സംപൂജ്യരായി മടങ്ങി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മോര്‍ക്കല്‍ 3ഉം ഇമ്രാന്‍ താഹിറും ക്രിസ് മോറിസും 2 വിക്കറ്റ് വീതവും വീഴ്ത്തി.

പുറത്താകാതെ 30 റണ്‍സെടുത്ത ജെപി ഡുമിനിയാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ് 19ഉം ഡു പ്ലേസിസ് 16ഉം റണ്‍സെടുത്തു. ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വിന്‍, എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ട്വന്റി – 20 പരമ്പര 2-0ത്തിന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. അവസാന മത്സരം എട്ടിന് കൊല്‍ക്കത്തയില്‍ നടക്കും. ട്വന്റി -20 പരമ്പരയ്ക്ക് ശേഷം 5 മത്സരങ്ങല്‍ അടങ്ങിയ ഏകദിന പരമ്പരയും 4 മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയും നടക്കും.