വോട്ടർമാരെ ആക്രമിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണം; മാധ്യമപ്രവർത്തകരെ മർദ്ദിച്ചത് തൃണമുൽ കോൺഗ്രസ് ഗുണ്ടായിസം പുറംലോകം അറിയാതിരിക്കാനെന്ന് പിബി അംഗം

ദില്ലി: പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിനിടെ വോട്ടർമാരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ച തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം. തൃണമൂൽ അതികൃമങ്ങൾ പുറംലോകം അറിയാതിരിക്കാനാണ് മാധ്യമങ്ങളെ അടിച്ചോടിച്ചതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം പറഞ്ഞു. ശാരദ ചിട്ടി തട്ടിപ്പ് അന്വേഷണം വഴിമുട്ടി നിൽക്കുന്നത് മമതാ ബാനർജിയും മോഡിയും തമ്മിലുള്ള ഒത്തുകളി കാരണമാണെന്നും സലീം ആരോപിച്ചു.

ശനിയാഴ്ച പശ്ചിമബംഗാളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെയാണ് തൃണമൂൽ പ്രവർത്തകർ മാധ്യമങ്ങൾക്കും സിപിഐഎം പ്രവർത്തകർക്കും നേരെ വ്യാപകമായ അക്രമം അഴിച്ചു വിട്ടത്. 15 മാധ്യമപ്രവർത്തകർക്ക് തൃണമൂൽ ആക്രമണത്തിൽ പരുക്കേറ്റു. എന്നാൽ ആക്രമകാരികൾക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ മമതാ ബാനർജി സർക്കാർ തയ്യാറായിട്ടില്ല. ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസിന് പങ്കില്ല എന്നാണ് ന്യായീകരണം. ഈ സാഹചര്യത്തിലാണ് ആക്രമണകാരികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമപ്രവർത്തകരെ ആക്രമിച്ചതും ക്യാമറകൾ തല്ലി തകർത്തതും തൃണമുൽ കോൺഗ്രസ് ഗുണ്ടായിസം പുറം ലോകം അറിയാതിരിക്കാനാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം മൂഹമ്മദ് സലീം പറഞ്ഞു.

ശാരദ തട്ടിപ്പ് കേസ് ഉൾപ്പെടെ തൃണമൂൽ മന്ത്രിമാരും നേതാക്കളും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസുകൾ എങ്ങുമെത്താത്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിലുള്ള ഒത്തുകളി മൂലമാണന്നെും മുഹമ്മദ് സലീം ആരോപിച്ചു. സാമ്പത്തിക തട്ടിപ്പ് കേസുകൾ കാര്യക്ഷമമായി അന്വേഷിക്കണമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ധനകാര്യ വകുപ്പും തട്ടിപ്പിനിരയായവർക്ക് പണം തിരിച്ചു കിട്ടാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News