
കൊല്ലം: കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 20 സീറ്റ് ആവശ്യപ്പെട്ട ആർഎസ്പിക്ക് തിരിച്ചടി. എൽഡിഎഫിൽ ഉണ്ടായിരുന്നപ്പോൾ ലഭിച്ച സീറ്റുകൾ പോലും ആർഎസ്പിക്ക് കോൺഗ്രസ് പാർട്ടി നൽകിയില്ല. ആർഎസ്പിയും ആർഎസ്പിബിയും കഴിഞ്ഞ തെരഞ്ഞെടുപ്പൽ 15 സീറ്റുകളിൽ മത്സരിച്ചിരുന്നു. അതേ സമയം, ലീഗ് ആവശ്യപ്പെട്ട സീറ്റുകൾ നൽകുകയും ചെയ്തു.
ആർഎസ്പി 20 സീറ്റും മുസ്ലീം ലീഗ് അഞ്ചു സീറ്റുമായിരുന്നു ചോദിച്ചിരുന്നത്. എന്നാൽ യുഡിഎഫ് യോഗത്തിൽ ആർഎസ്പിയ്ക്ക് 11 സീറ്റു മാത്രം നൽകി ഒതുക്കി. കോൺഗ്രസ് മത്സരിച്ചിരുന്ന ലോക്‌സഭാ സീറ്റ് ആർ.എസ്.പിക്ക് വിട്ടുകൊടുത്തത് ചൂണ്ടികാട്ടിയായിരുന്നു കോൺഗ്രസിന്റെ ഒതുക്കൽ തന്ത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർ.എസ്.പിക്ക് എൽ.ഡി.എഫ് 12 സീറ്റുകൾ നൽകിയിരുന്നു. ഏഴ് സീറ്റിൽ വിജയിച്ചു യുഡിഎഫ് ഷിബു ബേബിജോണിന്റെ പാർട്ടിക്ക് മൂന്നു സീറ്റുകൾ നൽകി ഒരു സീറ്റിൽ വിജയിച്ചു.
രണ്ട് ആർ.എസ്.പികളും കൂടി 15 സീറ്റുകളിൽ മത്സരിച്ചപ്പോൾ എട്ട് സീറ്റുകളിൽ വിജയിച്ചു. ഇക്കാര്യങ്ങൾ മറച്ചുവെച്ചാണ് ആർ.എസ്.പി തങ്ങൾ തൃപ്തരാണെന്നു പറഞ്ഞ് അണികളെ വഞ്ചിച്ചത്. നിലവിൽ 8 അംഗങ്ങളുള്ള ആർഎസ്പിയുടെ വാർഡുകൾ തന്നെ നൽകും. ബാക്കി മൂന്ന് വാർഡുകൾ എതൊക്കെയാണെന്ന കാര്യം പിന്നീട് തീരുമാനിക്കും. മുസ്ലീം ലീഗിന് അവരുടെ ആവശ്യം പോലെ അഞ്ചു സീറ്റുകൾ തന്നെ നൽകും. ഘടക കക്ഷികളുടമായുള്ള പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതായും സീറ്റുകളുടെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
സീറ്റ് വിഭജനത്തിൽ തൃപ്തരാണെന്ന് മുസ്ലീംലീഗ് നേതാക്കൾ അറിയിച്ചു. ആർഎസ്പിയുടെയും, മുസ്ലീംലീഗിന്റെയും സീറ്റുകളുടെ കാര്യത്തിൽ മാത്രമെ ധാരണയായിട്ടുള്ളു. മറ്റ് ഘടകകക്ഷികളുമായി ആലോചിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here