കേരളത്തിലും ബീഫ് നിരോധിക്കാൻ നീക്കം; കോൺഗ്രസിന്റെ നിലപാട് അറിയാൻ ദിഗ് വിജയ് സിംഗിന് കേന്ദ്രമന്ത്രി കത്തയ്ക്കും

ദില്ലി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗോവധം നിരോധിക്കുന്നത് സംബന്ധിച്ച് നിലപാടറിയാൻ എഐസിസി ജനറൽ സെക്രട്ടറി ദിഗ് വിജയ് സിംഗിന് കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രി സഞ്ജീവ് ബല്യാൺ കത്തയ്ക്കും. ഗോവധം നിരോധനമേർപ്പെടുത്തിയത് കോൺഗ്രസെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ കത്ത്.

കേരളത്തിൽ ബീഫ് നിരോധിക്കാൻ കോൺഗ്രസ് സർക്കാറിനെ മുസാഫിർ നഗർ എംപി കൂടിയായ സഞ്ജീവ് ബല്യാൺ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. കേരളത്തിലടക്കം ഭക്ഷ്യ ഉത്പന്നങ്ങളിൽ ഗോമാംസം നിരോധിക്കാൻ ഭക്ഷ്യ വകുപ്പ് അതോറിറ്റിയുടെ യോഗം കേന്ദ്രസർക്കാർ വിളിച്ചിട്ടുണ്ട്. ബഫ്‌ല്ലോ ഉൽപനങ്ങൾ എന്നരീതിയിൽ കയറ്റുമതി ചെയ്യുന്ന ഭക്ഷ്യോത്പന്നം ഗോമാംസം ആണോയെന്ന് പരിശോധിച്ചുള്ള റിപ്പോർട്ടും യോഗത്തിൽ വകുപ്പ് തല ഉദ്യോഗസ്ഥർ നൽകും.

രാജ്യവ്യാപകമായി ഗോവധം നിരോധിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്ന് ഇന്ത്യ ടുഡേ ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ ദിഗ് വിജയ് സിംഗ് വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഗോവധം നിരോധിക്കാനുള്ള നിയമത്തിന് രൂപം നൽകിയത് കോൺഗ്രസ് ആയിരുന്നു. മുഗൾ ഭരണ കാലത്തുപോലും ഗോവധത്തിൽ ഹിന്ദുക്കളുടെ മനോവികാരം ഭരണ കർത്താക്കൾ മാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് രാജ്യവ്യാപകമായി ഗോവധം നിരോധിക്കണമെന്ന ആവശ്യമുയർന്നത്.

രാജ്യത്ത് പോത്തിറച്ചിയെന്ന പേരിൽ ഗോമാംസം കയറ്റുമതി ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കുന്നതിനായി അഗ്രികൾച്ചർ ആന്റ് പ്രൊസസ്സ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുമായി ചൊവ്വാഴ്ച ചർച്ച നടത്തുമെന്നും സഞ്ജീവ് അറിയിച്ചു.

അതേസമയം, ദാദ്രിയിൽ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ഗ്രഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ റിപ്പോർട്ട് യുപി സർക്കാർ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു. നിരോധനമുള്ള മൃഗ മാംസം കഴിച്ചതാണ് മുഹമ്മദിന്റെ മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബീഫ് സൂക്ഷിച്ചെന്ന ആരോപിച്ച മുഹമ്മദിന്റെ കല്ലെറിഞ്ഞും തല്ലിയും കൊലപ്പെടുത്തിയ കാര്യങ്ങൾ ഒന്നും റിപ്പോർട്ടിൽ ഇല്ല. ക്ഷേത്രത്തിൽ നിന്നും ആഹ്വാനം ചെയ്തതനുസരിച്ച് ബിജെപി പ്രവർത്തകരായ ആളുകൾ എത്തിയ കാര്യവും റിപ്പോർട്ടിൽ മറച്ചു വച്ചു. പകരം സംഗീത് സോം മഹേഷ് ശർമ്മ അടക്കമുള്ള ബിജെപി എംഎൽഎമാർ മുഹമ്മദിന്റെ വീട് സന്ദർശിച്ച കാര്യമാണ് റിപ്പോർട്ടിൽ പറയുന്നത്. ആർഎസ്എസ് രാജ്യത്തെ ഹിന്ദുത്വവത്കരിക്കാൻ ശ്രമിക്കുകയാണെന്നും, ബീഫ് നിരോധനത്തിൽ യുഎൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ യുഎൻ സെക്രട്ടറി ജനറൽ ബാൻകീമൂണിന് കത്തയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News