കമലാ സുരയ്യയ്ക്കു തിരുവനന്തപുരത്തു സ്മാരകം വേണമെന്നു ജോര്‍ജ് ഓണക്കൂര്‍; അയ്മനം ജോണ്‍, ഗ്രേസി, ജോസ് പനച്ചിപ്പുറം, അംബികാസുതന്‍ മാങ്ങാട് എന്നിവരുടെ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മലയാളം കണ്ട ഏറ്റവും മികച്ച എഴുത്തുകാരിയായ കമലാ സുരയ്യയ്ക്കു അവരുടെ കലാ സപര്യക്കു വെള്ളവും വെളിച്ചവും നല്‍കിയ തിരുവനന്തപുരത്ത് ഉചിതമായ സ്മാരകം വേണമെന്നു പ്രശസ്ത എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍. തിരുവനന്തപുരത്തു നടക്കുന്ന ഡിസി രാജ്യാന്തര പുസ്തകോല്‍സവത്തില്‍ നാലു ചെറുകഥാകൃത്തുക്കളുടെ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു ഓണക്കൂര്‍. കമലയ്ക്കു സ്മാരകം നിര്‍മിക്കാന്‍ കഥാകൃത്തുക്കള്‍ അടക്കമുള്ള എല്ലാ എഴുത്തുകാരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

അയ്മനം ജോണിന്റെ ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം, ഗ്രേസിയുടെ ഉടല്‍വഴികള്‍ എന്നീ കഥാസമാഹാരങ്ങള്‍ ജോര്‍ജ് ഓണക്കൂറും അംബികാസുതന്‍ മാങ്ങാടിന്റെ രണ്ടു മത്‌സ്യങ്ങള്‍, ജോസ് പനച്ചിപ്പുറത്തിന്റെ മണ്‍സൂണ്‍ ബാത്‌റൂം എന്നീ പുസ്തകങ്ങള്‍ കെ എസ് രവികുമാറും പ്രകാശനം ചെയ്തു.

എഴുത്തിലും സാമൂഹികരംഗങ്ങളിലും ഇന്നു മാനവികത നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും അതു തിരിച്ചറിഞ്ഞു കൊണ്ടുള്ള കഥകള്‍ കഥാകൃത്തുക്കളുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും പ്രശസ്ത നിരൂപകന്‍ കെ എസ് രവികുമാര്‍ പറഞ്ഞു. കഥാകൃത്തുക്കളായ അയ്മനം ജോണ്‍, ഗ്രേസി, ജോസ് പനച്ചിപ്പുറം, അംബികാസുതന്‍ മാങ്ങാട് എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here