കേരളവര്‍മ്മയില്‍ വേണ്ടത് ശാന്തിദൗത്യം

തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍നിന്നു വരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിക്കുന്നതാണ്.

കോളേജിലെ ഗോമാംസവിതരണത്തിലെ പ്രതിഷേധം അപകടകരമായ വിതാനങ്ങളിലേയ്ക്കു വളര്‍ന്നു വലുതാവുകയോ വഷളാവുകയോ ആണ്.

ഗോമാംസവിതരണവിരുദ്ധര്‍ കോളേജ് അച്ചടക്കസമിതിയോട് ഇന്നലെ സംസാരിച്ചു. അവരുടെ ആവശ്യങ്ങള്‍ ഇത്രയുമാണ്.
1. ഗോമാംസവിതരണം നടത്തിയവരും അതില്‍ പങ്കെടുത്തവരുമായ മുഴുവന്‍ കുട്ടികളെയും കോളേജില്‍ നിന്നു പുറത്താക്കണം.
2.പ്രതിഷേധത്തെ ഫെയ്‌സ് ബുക്കില്‍ പിന്തുണച്ച അധ്യാപികയെ പിരിച്ചു വിടണം.
3. പ്രതിഷേധവുമായി സഹകരിച്ച അധ്യാപകരെ ഫോട്ടോ നോക്കിക്കണ്ടെത്തി പിരിച്ചു വിടണം.

ഇക്കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ വെള്ളിയാഴ്ച വരെ കോളേജിനു സമയം കൊടുത്തിരിക്കുന്നു. അന്നതു പ്രാവര്‍ത്തികമായില്ലെങ്കില്‍ തുടര്‍നടപടികളുണ്ടാകും. അതു വരെ കോളേജ് നടക്കേണ്ട. ഇങ്ങനെ ഒരു കോളേജ് ഇത്തരത്തില്‍ നടക്കാതിരിക്കയാണ് നല്ലത്. ഈ ആവശ്യങ്ങള്‍ ചര്‍ച്ചയ്ക്കു വേണ്ടി മുന്നോട്ടുവയ്ക്കുന്ന നിലപാടുകളല്ല. കോളേജ് തുറക്കണമെങ്കില്‍ കോളേജ് നിവര്‍ത്തിക്കേണ്ട ഉപാധികളാണ്. ഇവ നടക്കില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന ഒന്നിനും തങ്ങള്‍ ഉത്തരവാദികളല്ല. ഇത് അവസാന ചര്‍ച്ചയാണ്. ഇനി ചര്‍ച്ചയില്ല. ആവശ്യങ്ങള്‍ അംഗീകരിച്ചത് അറിയിക്കാനല്ലാതെ ഒരു ചര്‍ച്ചയ്ക്കു തങ്ങളെ വിളിക്കുകയും വേണ്ട.

ഗോമാംസവിതരണവിരുദ്ധരായി ഇന്നലെ കോളേജില്‍ ചര്‍ച്ചയ്‌ക്കെത്തിയതു കേരളവര്‍മ്മയിലെ വിദ്യാര്‍ത്ഥികളല്ല. സംസ്ഥാനത്തിന്റെ നാനാ ഭാഗത്തുനിന്നുമായി വന്നെത്തിയവരാണ്.

ഗോമാംസവിതരണത്തിനെതിരേ കോളേജിനു മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയിരിക്കുന്നത് ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയല്ല. ചില ഭക്തസംഘങ്ങളാണ്.

കോളേജ് മാനേജ്‌മെന്റായ കൊച്ചി ദേവസ്വം ബോര്‍ഡിലേയ്ക്ക് ശനിയാഴ്ച ഒരു മാര്‍ച്ച് നടന്നിരുന്നു. അതു സംഘടിപ്പിച്ചതും ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയല്ല. ബോര്‍ഡ് ഭാരവാഹികളോട് സംസാരിച്ചതും വിദ്യാര്‍ത്ഥികളല്ല. അവര്‍ ഉന്നയിച്ചതും തിങ്കളാഴ്ച കോളേജിലെത്തിയവര്‍ ഉന്നയിച്ച കാര്യങ്ങളാണ്.

ശ്രദ്ധിക്കുക: ഗോമാംസവിതരണ പ്രതിഷേധം നടത്തിയത് കുട്ടികളാണ്. അതിനെതിരായ സമരം നടത്തുന്നത് കുട്ടികളല്ല. ഒരു കോളേജിനും നടപ്പാക്കാനാവാത്ത ഉപാധികളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. ഒരു മാനേജ്‌മെന്റിനും പരിഗണിക്കാനാവാത്ത നിബന്ധനകളാണ് അവര്‍ മുന്നോട്ടു വയ്ക്കുന്നത്.

അവരുടെ ആവശ്യങ്ങള്‍ക്കു പിന്നിലുള്ളതോ, ഒരു വിഷയമല്ല. വികാരമാണ്. കോളേജിനു മുന്നിലുയര്‍ത്തിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അതു വിളിച്ചു പറയുന്നു ‘കോളേജിലെ അയ്യപ്പ വിഗ്രഹം കളങ്കപ്പെട്ടിരിക്കുന്നു.’

പ്രശ്‌നം മതവത്കരിക്കപ്പെടുകയാണ് എന്നു ചുരുക്കിയും പ്രതിഷേധം കലാപവത്കരിക്കപ്പെടുകയാണ് എന്നു വിശദമാക്കിയും ഇതു പറയാം.

തുടക്കത്തില്‍ പ്രശ്‌നത്തിന്റെ ഇരുവശത്തും കുട്ടികളായിരുന്നു. പക്ഷേ, നോക്കിനില്‍ക്കുമ്പോള്‍ അതു മാറിയിരിക്കുന്നു.

ഇനി ഈ വിഷയം കുട്ടികള്‍ കൈകാര്യം ചെയ്യേണ്ടതല്ല. അധ്യാപകര്‍ക്കോ മാനേജ്‌മെന്റിനോ പരിഹരിക്കാവുന്നതുമല്ല. കക്ഷിരാഷ്ട്രീയാതീതമായി മതത്തിനും ജാതിക്കും ഉപരിയായി ഒരുമിച്ചു നിന്ന് സമൂഹം കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. സാംസ്‌കാരികനായകരും ആധ്യാത്മികനേതാക്കളും മതസാമുദായികവക്താക്കളും രാഷ്ട്രീയനേതാക്കളും (തീര്‍ച്ചയായും ബിജെപി നേതാക്കളടക്കമുള്ളവര്‍) ഒക്കെ ഒരുമിച്ചു ചേര്‍ന്നു പരിഹരിക്കേണ്ട വിഷയമാണിത്.

കേരളവര്‍മ്മയിലേയ്ക്ക് ശാന്തിദൗത്യവുമായി കടന്നു ചെല്ലുക, എല്ലാവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News