ആര്‍ഷഭാരതത്തെ കാവിയണിയിച്ചു കെട്ടിപ്പടുക്കാന്‍ ആര്‍എസ്എസിന്റെ ആശിര്‍വാദത്തോടെ നരേന്ദ്രമോദി അധികാരത്തിലെത്തിയിട്ട് രണ്ടാണ്ടു തികഞ്ഞിട്ടില്ല. ഐക്യരാഷ്ട്രസഭാ വേദിയിലും വൈറ്റ് ഹൗസിലും സിലിക്കോണ്‍ വാലിയിലുമെല്ലാം മിന്നുന്ന കുപ്പായങ്ങളുമിട്ടു മോദി ലോകത്തിനു മുന്നില്‍ വ്യാജപരിവേഷങ്ങള്‍ നിര്‍മ്മിച്ച് തിളങ്ങുന്നു. മറുവശത്ത്, അതേ മോദി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിനു മേല്‍ വീണ പുഴുക്കുത്തുകളാണെന്നു നിരന്തരം തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണകൂടമാണ് അധികാരത്തിലെന്നത് വര്‍ഗീയവാദികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അത്തരം ഒരു രാജ്യത്ത് മറുചേരിയിലുള്ളവര്‍ ആരും തന്നെ നീതി പ്രതീക്ഷിക്കേണ്ടതില്ല. മതം പോലെ ഏറ്റവും വൈകാരികമായ ഇടങ്ങളില്‍ അസഹിഷ്ണുതയും ഭീതിയും അരക്ഷിതാവസ്ഥയും വളര്‍ത്തി അവര്‍ ലാഭങ്ങള്‍ കൊയ്തുകൊണ്ടേയിരിക്കും. നമ്മുടെ ഇന്ത്യ അതു കണ്ടുകൊണ്ടിരിക്കുന്നു.
എങ്കിലും ഹിന്ദുമതവിശ്വാസികളായ സ്ത്രീകള്‍ക്ക് ആശ്വസിക്കാനുള്ള വാര്‍ത്തകളാണ് വരുന്നത്. ഇനി അവര്‍ പൂര്‍ണ സുരക്ഷിതര്‍. മകളെയും മരുമകളെയും അന്യമതസ്ഥരുടെ കരാളഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ സംഘപരിവാര്‍ സഹോദരന്മാര്‍ സുസജ്ജരാണ്. മുസ്ലിം യുവാക്കളെ പ്രണയിക്കുന്ന അല്ലെങ്കില്‍ വിവാഹം കഴിച്ച ഹിന്ദു യുവതികളെ ‘ഘര്‍വാപ്പസി’ നടത്താന്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന കോബ്രപോസ്റ്റിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതും ഒപ്പം ഭയപ്പെടുത്തുന്നതുമാണ്. ഹിന്ദുമുസ്ലിം വിവാഹങ്ങളെയും പ്രണയങ്ങളെയും ലൗജിഹാദെന്ന ഓമനപ്പേരിട്ട് വിളിച്ച് മതതീവ്രവാദികള്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിട്ടുള്ളതാണ്. മുസ്ലിംകള്‍ ജനസംഖ്യ വര്‍ധിപ്പിക്കാനായി ഹിന്ദുപെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയിലാക്കുന്നുവെന്നു വ്യാപകമായി പ്രചരിക്കപ്പെട്ടു. കോഫി ഷോപ്പുകളിലും പാര്‍ക്കുകളിലും എന്തിന് സ്വകാര്യയിടങ്ങളില്‍ വരെ കാവിയുടുത്ത സദാചാരപ്പോലീസുകാരിറങ്ങി. ഒളിച്ചോട്ടങ്ങളെ ന്യൂനപക്ഷ ഗൂഢാലോചനകളായി സംഘപരിവാര്‍ വ്യാഖ്യാനിച്ചു. അവര്‍ രാജ്യത്തിനു തന്നെ ഭീഷണിയെന്ന തരത്തില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ കവലപ്രസംഗങ്ങള്‍ നടത്തി. അഭിമാനക്കൊലകളും കലാപങ്ങളുമുണ്ടായി. മുസഫര്‍നഗര്‍ ഒരു ഉദാഹരണം മാത്രമാണ്. ഹിന്ദുവിഭാഗത്തില്‍പ്പെട്ട ജാട്ടുകളെയും മുസ്ലിംകളേയും ചേരിതിരിച്ച് കലാപമുണ്ടാക്കി ആര്‍എസ്എസും ബിജെപിയും രാഷ്ട്രീയലാഭമുണ്ടാക്കിയത് ലൗജിഹാദ് അജണ്ടയുടെ ഭാഗമായിട്ടായിരുന്നു. നിയമം നടത്തേണ്ട അധികാരികളും പൊലീസും പലപ്പോഴും ഇത്തരം വര്‍ഗീയ അജണ്ടകളുടെ ഭാഗമാക്കപ്പെടുന്നുവെന്നതാണ് ഏറെ നിരാശാജനകം. പല സന്ദര്‍ഭങ്ങളിലും പൊതുസമൂഹത്തെയും സമര്‍ത്ഥമായി ഇവര്‍ ഉപയോഗപ്പെടുത്തുന്നു. പൊതുവ്യക്തി സ്വാതന്ത്യങ്ങളുടെ സംരക്ഷണത്തിന് നിയമങ്ങളുള്ള, ബൃഹത്തായ ഭരണഘടനയുള്ള സ്വതന്ത്ര പരമാധികാര മതേതരരാഷ്ട്രത്താണിതെന്നോര്‍ക്കണം.
വികസനത്തിന്റെ വ്യാജ പിആര്‍ഒ പ്രചാരണങ്ങള്‍ നടത്തി നഗരങ്ങളിലെ യുവാക്കളെ ബിജെപി ലക്ഷ്യമിടുന്നു. അതേസമയം രാജ്യത്തിന്റെ ഭൂരിപക്ഷം വരുന്ന ഗ്രാമങ്ങളിലെ, ഇപ്പോഴും നിരക്ഷരരായ കോടിക്കണക്കിനു പേരെ ചാക്കിലാക്കാന്‍ വര്‍ഗീയ വിത്തുപാകുക തന്നെയാണ് മികച്ച വഴിയെന്ന് മോദിക്കും കൂട്ടര്‍ക്കും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. പെണ്ണിന് സ്വയം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ അവകാശമില്ലെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ വര്‍ഗീയവാദികള്‍ക്കു മതം പറഞ്ഞ് ഇടം പിടിക്കാന്‍ എളുപ്പം. കുടുംബങ്ങള്‍ക്കു ചുറ്റും കാവിച്ചരടു കൊണ്ട് ലക്ഷ്മണരേഖ വരച്ച് അവര്‍ സ്വയം പിതാവും സഹോദരനുമായി സംരക്ഷകവേഷമണിയുന്നു. ഹിന്ദുവെന്ന അഭിമാന ബോധത്തെ ഉണര്‍ത്തി ‘നമ്മളും’ ‘അവരും’മെന്ന വേര്‍തിരിവുണ്ടാക്കുന്നു. ‘നമ്മള്‍’ സംസ്‌കാരത്തിന്റെ കാവലാളും ‘അവര്‍’ ശത്രുക്കളുമാകുന്നു.
പ്രണയമോ വിവാഹമോ ഭക്ഷണമോ വസ്ത്രധാരണമോ എന്തായാലും മതത്തിന്റെ നിയമാവലിക്കുള്ളില്‍നിന്ന് കൊണ്ട് മതിയെന്ന വര്‍ഗീയവാദികളുടെ ധാര്‍ഷ്ട്യമാണ് ബീഫ് നിരോധനത്തിലും ജീന്‍സ്/ലെഗ്ഗിംഗ്‌സ് വിവാദങ്ങളിലും ഇപ്പോള്‍ ലൗജിഹാദ് വെളിപ്പെടുത്തലുകളിലുമടക്കം കാണാനാകുന്നത്. ശാരീരികവും മാനസികവുമായ ബലപ്രയോഗങ്ങളിലൂടെ ഈ ധാര്‍ഷ്ട്യം നടപ്പാക്കാനാകുമെന്ന് സംഘികള്‍ കണക്കു കൂട്ടുന്നു. ഭരണകൂടവും പോലീസും നിശബ്ദരാവുന്നയിടങ്ങളില്‍ അവരത് നടപ്പാക്കിയിട്ടുമുണ്ട്. മോദിയുടെ ഇന്ത്യയില്‍ ഇനിയും അതാവര്‍ത്തിക്കുകയും ചെയ്യും. പ്രതിഷേധിക്കുന്നവര്‍ പ്രതികളാക്കപ്പെടും. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ ബീഫ് ഫെസ്റ്റിന്റെ പേരില്‍ അക്രമം നടത്തിയവരല്ല, മറിച്ച് പ്രതിഷേധമുയര്‍ത്തിയവരാണ് പുറത്താക്കപ്പെട്ടത്. ബീഹാറിലെ ദാദ്രിയില്‍ ബീഫ് സൂക്ഷിച്ചുവെന്ന പേരില്‍ ഒരു വൃദ്ധനെ സംഘപരിവാറുകാര്‍ തല്ലിക്കൊന്നപ്പോള്‍ പൊലീസ് ആദ്യം ചെയ്തത് വീട്ടിലുള്ളത് ഗോമാംസമാണോയെന്ന് പരിശോധിക്കുകയായിരുന്നു. ചിലരുടെ മാത്രം ബോധം പൊതുബോധമാക്കപ്പെടുകയും ചിലരുടെ മാത്രം ശരികള്‍ നിയമങ്ങള്‍ ആവുകയും ചെയ്യുന്നത് ഇത്തരം വിധേയത്വത്തിലൂടെയാണ്.
മുന്‍പും മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ ചേരിതിരിവുകളും ചോരപ്പോരാട്ടങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഹിന്ദുവിന്റെ രക്ഷകനായി മോദി അവതാരമെടുത്തതോടെയാണ് അഹിന്ദക്കള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തങ്ങളുടെ അവകാശമെന്നപോലെ സംഘികള്‍ നടത്തിവരുന്നത്. ലൗജിഹാദിന്റെ പേരിലുള്ള കപട രക്ഷക വേഷം കെട്ടലും അത്തരത്തിലുള്ളതു തന്നെ. ഈ വേഷം കെട്ടലുകളില്‍ വീഴാത്ത പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നു. അല്ലെങ്കില്‍ വീട്ടുകാരെ ഉപയോഗിച്ച് ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗ്. ഓര്‍മ്മ മരവിപ്പിക്കല്‍. മുസ്ലിം യുവാക്കളില്‍നിന്നു ഗര്‍ഭം ധരിച്ച പെണ്‍കുട്ടികളെ ഗര്‍ഭഛിദ്രത്തിനു വിധേയമാക്കല്‍! താലിബാന്‍ മോഡല്‍ ഫാസിസം ഇന്ത്യയില്‍ നടപ്പാക്കാന്‍ കച്ച മുറുക്കുകയാണ് സംഘപരിവാറും സംഘവും. യഥാര്‍ത്ഥത്തില്‍ ലജ്ജിക്കണം നമ്മള്‍. ഹിന്ദു ഹിന്ദുവിനെ മാത്രം വിവാഹം കഴിച്ച് പ്രത്യുല്‍പാദനം നടത്തിയത് കൊണ്ട് മനുഷ്യന്റെ രക്തത്തിന്റെ നിറം ചുവപ്പില്‍നിന്നും കാവിയിലേക്കു മാറില്ലെന്ന് പ്രിയ സംഘപരിവാറുകാരാ നിങ്ങള്‍ എന്നാണ് മനസ്സിലാക്കുക? ഒരു തുണ്ട് കന്നുകാലി മാംസത്തിന്റെ വിലയെങ്കിലം മനുഷ്യനു നല്‍കുന്നതില്‍ നിന്നും ഏത് സംസ്‌കാരമാണ് നിങ്ങളെ വിലക്കുന്നത്?
ഫേസ്ബുക്കില്‍ കണ്ട ഒരു വാചകം കടമെടുക്കുന്നു. ‘സങ്കി’ എന്നല്ല സംഘി’ എന്നാണ്. നിഷ്‌കളങ്കന്റെ ‘ങ്ക’ അല്ല, ഘാതകന്റെ ‘ഘ’ ആണ് ”. സമകാലിക രാഷ്ട്രീയത്തിലെ എത്ര പ്രസക്തമായ, അര്‍ത്ഥവത്തായ തിരുത്ത്!
Get real time update about this post categories directly on your device, subscribe now.
Discussion about this post