രാജ്യവ്യാപക ബീഫ് നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം; നിലപാട് അറിയിക്കാന്‍ എഐസിസി നേതൃത്വത്തിന് കേന്ദ്രം കത്ത് നല്‍കും; കൊലപാതക കാരണം മറച്ചുവെച്ച് യുപി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

ദില്ലി: രാജ്യവ്യാപകമായി ബീഫ് നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. കേരളത്തില്‍ ബീഫ് നിരോധിക്കണെമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേൃത്വത്തിന് കത്തയക്കുമെന്ന് കേന്ദ്രകൃഷി സഹമന്ത്രി സഞ്ജീവ് ബലിയാന്‍. കേരളത്തിലടക്കം ഭക്ഷ്യ ഉത്പന്നങ്ങളില്‍ ഗോമാംസം നിരോധിക്കാന്‍ ഭക്ഷ്യവകുപ്പ് അതോറിറ്റിയുടെ യോഗം കേന്ദ്രസര്‍ക്കാര്‍ വിളിച്ചു. അതേസമയം ദാദ്രയിലെ കൊലപാതകത്തെകുറിച്ച് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കൊലപാതക കാരണം മറച്ചുവച്ചു.

കേരളം ഉള്‍പ്പടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബീഫ് നിരോധനം നടപ്പാക്കുന്നതിനായി നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടാണ് കേന്ദ്രം കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചത്. കേരളത്തിലെ ഗോമാംസ അറവുശാലകള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ നിലപാടറിയിക്കാനാണ് കേന്ദ്രകൃഷിസഹമന്ത്രി സഞ്ജീവ് ബലിയാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിന് കത്തയച്ചത്. ഇതുകൂടാതെ എല്ലാ സംസ്ഥാനങ്ങളിലേയും കൃഷിഭക്ഷ്യ കയറ്റുമതി അതോറിറ്റി യോഗവും കേന്ദ്ര കൃഷി മന്ത്രാലയം വിളിച്ചു. ബഫല്ലോ ഉല്‍പനങ്ങള്‍ എന്ന രീതിയില്‍ കയറ്റുമതി ചെയ്യുന്ന ഭക്ഷ്യോത്പന്നം ഗോമാംസം ആണോയെന്ന് പരിശോധിച്ചുള്ള റിപ്പോര്‍ട്ടും യോഗത്തില്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ നല്‍കും.

അതേസമയം ദാദ്രയില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ഗ്രഹനാഥനെ കൊലപെടുത്തിയ സംഭവത്തിന്റെ റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചു. നിരോധനമുള്ള മൃഗമാംസം കഴിച്ചതാണ് മുഹമ്മദിന്റെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബീഫ് സൂക്ഷിച്ചെന്ന ആരോപിച്ച മുഹമ്മദിന്റെ കല്ലെറിഞ്ഞും തല്ലിയും കൊലപെടുത്തിയ കാര്യങ്ങള്‍ ഒന്നും റിപ്പോര്‍ട്ടില്‍ ഇല്ല.

ക്ഷേത്രത്തില്‍ നിന്നും ആഹ്വാനം ചെയ്തതനുസരിച്ച് ബിജെപി പ്രവര്‍ത്തകരായ ആളുകള്‍ എത്തിയ കാര്യവും റിപ്പോര്‍ട്ടില്‍ മറച്ചു വച്ചു. പകരം സംഗീത് സോം മഹേഷ് ശര്‍മ്മ അടക്കമുള്ള ബിജെപി എംഎല്‍എമാര്‍ മുഹമ്മദിന്റെ വീട് സന്ദര്‍ശിച്ച കാര്യമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍എസ്എസ് രാജ്യത്തെ ഹിന്ദുത്വവത്കരിക്കാന്‍ ശ്രമിക്കുകയാമെന്നും, ബീഫ് നിരോധനത്തില്‍ യുഎന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കത്തയച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here