കൊച്ചിയില്‍ കൊമ്പന്‍മാരുടെ തേരോട്ടം; നോര്‍ത്ത് ഈസ്റ്റിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തകര്‍ത്ത് ആദ്യജയം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ഹോം മത്സരത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പടയോട്ടം. താരതമ്യേന കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. രണ്ടാം പകുതിയില്‍ യോസുവും മുഹമ്മദ് റാഫിയും സാഞ്ചേസ് വാട്ടുമാണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്. 49-ാം മിനിറ്റില്‍ ക്യുറൈസ് ഹോസുവാണ് ആദ്യഗോള്‍ നേടിയത്. 68-ാം മിനിറ്റില്‍ മലയാളിതാരം മുഹമ്മദ് റാഫിയും 71-ാം മിനിറ്റില്‍ സഞ്ചേസ് വാട്ടും ഗോളുകള്‍ നേടി. നിക്കോളാസ് വെലെസ് ആണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍ നേടിയത്. ആദ്യപകുതി ഇരുടീമുകളും ഗോളുകളൊന്നും നേടാതെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.

വിരസമായ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ആദ്യപകുതിക്ക് ശേഷം രണ്ടാംപകുതിയില്‍ കൂടുതല്‍ ഉന്‍മേഷത്തോടെയാണ് കേരള താരങ്ങള്‍ മൈതാനത്തെത്തിയത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ പകരക്കാരനായി സാഞ്ചേസ് വാട്ടിനെ കൊണ്ടുവന്നു. അതു ഗുണം ചെയ്‌തെന്നു പറയുന്നതു പോലെ രണ്ടുതവണ കേരള ഗോള്‍മുഖത്തിന് തൊട്ടടുത്തെത്തി. തൊട്ടുപിന്നാലെ ത്രോ ലൈനില്‍ നിന്ന് വന്ന പന്ത് പെറോണ്‍ ഫ് ളിക്ക് ചെയ്തു. ഹെങ്ബര്‍ട് ക്ലിയര്‍ ചെയ്ത പന്ത് ബൈസിക്കിള്‍ ക്ലിക്ക് ചെയ്യാനുള്ള റാഫിയുടെ ശ്രമം പാളി. പന്ത് ലഭിച്ച ക്യുറൈസ് ഹോസുവിന്റെ ബുള്ളറ്റ് കിക്ക് ഗോളി രെഹനേഷിനെയും മറികടന്ന് വലയില്‍ കയറി.

ഒരുഗോള്‍ വീണതോടെ കൂടുതല്‍ ഉണര്‍ന്നു കളിച്ചതിന്റെ ഫലമായിരുന്നു രണ്ടാം ഗോള്‍. ഗോള്‍വന്ന വഴി ത്രോ ലൈനില്‍ നിന്നു തന്നെയായിരുന്നു. ഇത്തവണ നേരത്തെ സംഭവിച്ച പിഴവിന് റാഫി പകരം ചെയ്തു. കര്‍വാലോ ഫ് ളിക്ക് ചെയ്ത് വിട്ട പന്ത് തകര്‍പ്പനൊരു ഹെഡറിലൂടെ റാഫി വലക്കുള്ളിലാക്കി. കേരളം (2-0). തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റിനെ നിലംപരിശാക്കി കേരളത്തിന്റെ മൂന്നാം ഗോളും പിറന്നു. ഇടതുവിംഗിലൂടെ പന്തുമായി മുന്നേറിയ സാഞ്ചേസ് വാട്ടിനു മുന്നില്‍ മറ്റു പ്രതിബന്ധങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഗോളി രഹനേഷ് പോലും. പതുക്കെ ഒന്നു തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളു. 82-ാം മിനിറ്റിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍ പിറന്നത്. മധ്യനിരയില്‍ നടന്ന മികച്ച ഒരു മുന്നേറ്റത്തിനൊടുവില്‍ സിലാസില്‍ നിന്ന് ലഭിച്ച പന്ത് കൃത്യമായ ഒരു വലംകാലനടിയിലൂടെ വെലസ് വലയിലാക്കി.

നിരവധി ഗോളവസരങ്ങള്‍ പിറന്നെങ്കിലും കേരള താരങ്ങള്‍ക്കിടയില്‍ ഒത്തൊരുമ ഇല്ലാത്തത് ആദ്യപകുതിയില്‍ മുഴച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ഇതുതന്നെയാണ് കേരളത്തിന് അര്‍ഹതപ്പെട്ട പല അവസരങ്ങളും തുലച്ചതും. മധ്യനിരയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നന്നായി കളിമെനഞ്ഞപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് കെട്ടിയ പ്രതിരോധക്കോട്ട മറികടക്കാനാകാതെ വിയര്‍ത്തു. രണ്ടാംപകുതിയില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ചതും കേരളത്തിന് ഗുണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News