സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ പ്രതിഷേധം; നയന്‍താര സെഹ്ഗാള്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കും

ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം പ്രമുഖ എഴുത്തുകാരി നയന്‍താര സെഹ്ഗാള്‍ തിരിച്ചു നല്‍കും. രാജ്യത്ത് വര്‍ദ്ധിക്കുന്ന ഹിന്ദുത്വ ഭീകരതയില്‍ പ്രതിഷേധിച്ചാണ് നയന്‍താര സെഹ്ഗാളിന്റെ തീരുമാനം. സാഹിത്യ – സാംസ്‌കാരിക പ്രവര്‍ത്തകരെ വരെ വേട്ടയാടുന്നതിലുള്ള പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണ് നടപടി. നാനാത്വത്തില്‍ ഏകത്വം പുലരുന്ന രാജ്യത്ത് വിയോജനത്തിനുള്ള അവസരം പോലും നിഷേധിക്കുന്നതാണ് ഹിന്ദുത്വ ശക്തികളുടെ നടപടിയെന്ന് നയന്‍താര സെഹ്ഗാള്‍ കുറ്റപ്പെടുത്തുന്നു.

സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും നയന്‍താര സെഹ്ഗാള്‍ വിമര്‍ശിക്കുന്നു. രാജ്യത്ത് ഒരിടത്തും സംഘപരിവാറിന്റെ ആക്രമണമേറ്റ ഇരകള്‍ക്ക് നീതി കിട്ടിയിട്ടില്ല. ഹിന്ദുത്വ തീവ്രവാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി മൗനം പാലിക്കുകയാണ്. സമൂഹത്തില്‍ അഴിഞ്ഞാടുന്നവരെ സംരക്ഷിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും നയന്‍താര സെഹ്ഗാള്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.

ഉത്തര്‍പ്രദേശില്‍ ബീഫ് സംഭവത്തില്‍ ഇരയായ മുഹമ്മദ് അഖ്‌ലാഖ് വരെയുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. എംഎം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരും ഹിന്ദുത്വ ഭീകരതയുടെ ഇരകളാണെന്ന് നയന്‍താര സെഹ്ഗാള്‍ ചൂണ്ടിക്കാട്ടുന്നു. ജീവിക്കുന്നവര്‍ക്ക് വിയോജിപ്പ് രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് സംഘപരിവാര്‍ സൃഷ്ടിക്കുന്നത്. ഇവര്‍ക്ക് ഭീതിയും അനിശ്ചിതത്വവുമാണ് സംഘപരിവാര്‍ സമ്മാനിക്കുന്നതെന്നും നയന്‍താര സെഹ്ഗാള്‍ കുറ്റപ്പെടുത്തുന്നു.

സാഹിത്യകാരന്മാരും സാംസ്‌കാരിക നായകരും കലാകാരന്മാരും ഉള്‍പ്പടെയുള്ളവര്‍ ഭക്ഷണത്തിന്റേയും ജീവിതരീതിയുടേയും എല്ലാം അടിസ്ഥാനത്തില്‍ പാര്‍ശ്വവല്‍ക്കരിക്കുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നുവെന്നും നയന്‍താര സൈഗാള്‍ പറയുന്നു. വിയോജിപ്പിനുള്ള അവകാശവും ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ ഇത്തരം ഭീകരതയെ ചെറുക്കണമെന്നും നയന്‍താര സെഹ്ഗാള്‍ പറയുന്നു. രാജ്യത്ത് വളരുന്നത് മെയ്ക്ക് ഇന്‍ ഇന്ത്യയല്ല, അണ്‍മേക്ക് ഇന്‍ ഇന്ത്യയാണെന്നും നയന്‍താര സെഹ്ഗാള്‍ കുറ്റപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News