‘സോണിയ മുതല്‍ ചാണ്ടി വരെ… ലക്ഷം കോടികളുടെ അവകാശിയെ തേടി’

സിനിമാശാലയ്ക്ക് മുന്നില്‍ കേട്ട സംഭാഷണമാണ് തലക്കെട്ടിന് ആധാരം. നീതു ജോസഫ് നിര്‍ബന്ധിച്ചപ്പോഴാണ് ജോലിത്തിരക്കുകള്‍ മാറ്റിവച്ച് കളിയച്ഛന്‍ സിനിമ കാണാന്‍ പോയത്. കുറച്ചു നേരത്തേ ആയതിനാല്‍ ടിക്കറ്റ് എടുക്കും വരെ പടിക്കെട്ടില്‍ ഇരിക്കേണ്ടി വന്നു. ഞങ്ങള്‍ക്ക് സമീപം മധ്യവയസ്‌കരുടെ സംഘം നാട്ടുകാര്യം പറയുന്നു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ രാഷ്ട്രീയം മുഖ്യ വിഷയം. സാധാരണ ചായക്കട രാഷ്ട്രീയം ഏറെ കേട്ട് മടുപ്പുളളതിനാല്‍ ഇഷ്ട വിനോദമായ ഫേയ്‌സ്ബുക്കില്‍ ഞാന്‍ തപ്പിതടഞ്ഞ് ഇരുന്നു.

”സോണിയാഗാന്ധിക്ക് വിദേശ ബാങ്കില്‍ 90,000 കോടി രൂപ കളളപ്പണ നിക്ഷേപം. അവകാശി രാഹുല്‍ ഗാന്ധി” അവരിലെ ഈ പരാമര്‍ശമാണ് എന്റെ ശ്രദ്ധ ചര്‍ച്ചാസംഘത്തിലേക്ക് എത്തിച്ചത്.

മിസ്റ്റര്‍ ക്ലീന്‍ രാജീവ്ഗാന്ധി 1980-ല്‍ ബൊഫോഴ്‌സ് അഴിമതിയിലൂടെയും പിന്നെ വിദേശ ചാരസംഘടനകള്‍ക്കു നല്‍കിയ സഹായങ്ങള്‍ വഴിയും നേടിയ പ്രതിഫലം അടക്കം 2.2 ബില്യന്‍ ഡോളര്‍ കളളപ്പണം (ഇന്നത്തെ മൂല്യം 90,000 കോടി രൂപ) മൈനറായ രാഹുല്‍ ഗാന്ധിയെ അവകാശി ആക്കി വിദേശ ബാങ്കില്‍ നിക്ഷേപിച്ചു. ഇടപാട് കൈകാര്യം ചെയ്യുന്നത് സോണിയ ഗാന്ധി. വിദേശ മാധ്യമം സ്‌ക്വയിസര്‍ ഇല്ലസ്‌ട്രേറ്റ്, 1991 നവംബര്‍ 19 ന് റഷ്യന്‍ ചാരസംഘടന കെജിബി രേഖകളുടെ അടിസ്ഥാനത്തില്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്തു. കോളമിസ്റ്റ് എ ജി നൂറാണിയും സ്റ്റേറ്റ്‌സ്മാന്‍ അടക്കമുളള മാധ്യമങ്ങളും ആരോപണം പല തെളിവുകളില്‍ കൂടി ആവര്‍ത്തിച്ചു. സോണിയഗാന്ധിയും കുടുബവും വാര്‍ത്ത നിഷേധിച്ചില്ല. കളളവാര്‍ത്തയാണെങ്കില്‍ ചമച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചില്ല. സുബ്രഹ്മണ്യന്‍സ്വാമി ആവര്‍ത്തിച്ച് വെല്ലുവിളിച്ചത്രേ. ചര്‍ച്ചാ സംഘത്തിന്റെ സംവാദതലം ചരിത്രത്താളുകളെ കൂട്ട് പിടിച്ച്.

‘ആരൂഢം പോലിരിക്കും വീടിന്റെ തികവ്’ അവരിലൊരാളുടെ പരാമര്‍ശമാണ് എന്റെ എഴുത്തിന്റെ വികാസരൂപം.

അവരുടെ സംവാദം കേട്ടിട്ടാവണം രാഷ്ട്രീയം വലിയ വശമില്ലാത്ത നീതു ജോസഫ് ചോദിച്ചു. ‘സാക്ഷാല്‍ കെ കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍നിന്നു നരസിംഹറാവു
ഇറക്കിവിട്ടു. പക്ഷേ നിരവധി അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടും സോണിയാഗാന്ധി എന്തുകൊണ്ട് ഉമ്മന്‍ചാണ്ടിയെ തൊടുന്നില്ല’. നീതുവിന് ഞാന്‍ കൊടുത്ത മറുപടി അവരില്‍ നിന്നും കടമെടുത്ത വാക്കുകളാണ് ‘ആരൂഢം പോലിരിക്കും വീടിന്റെ തികവ്’. എന്റെ തോളില്‍ ഇടിച്ച നീതുവിനോട് ചര്‍ച്ചാ സംഘത്തെ ശ്രദ്ധിക്കാന്‍ സൂചന നല്‍കി. അവരുടെ വിഷയത്തില്‍

യു.പി.എ സര്‍ക്കാര്‍:
1. 2008: ടു ജി സ്‌പെക്ട്രം അഴിമതി; 1.76 ലക്ഷം കോടി രൂപ.
2. 2009: സത്യം കമ്പ്യൂട്ടേഴ്‌സ് അഴിമതി; 14,000 കോടി രൂപ.
3. 2010: കോമണ്‍വല്‍ത്ത് ഗയിംസ് അഴിമതി;70,000 കോടി രൂപ.
4. 2012: കല്‍ക്കരിപ്പാടം അഴിമതി; 1.86 ലക്ഷം കോടി രൂപ.
ഹെലിക്കോപ്റ്റര്‍ അഴിമതി.
ടട്ര ട്രക്ക് അഴിമതി.
ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം.
ഇന്‍ഷുറന്‍സ് കുംഭകോണം

പിന്നെ തെല്‍ഗിയും താജ് ഇടനാഴിയും മറ്റും…..ഇത് സോണിയഗാന്ധിയുടെ സര്‍വാധിപത്യത്തിന്‍ കീഴില്‍.

1991-ലെ സ്‌ക്വയിസര്‍ ഇല്ലസ്‌ട്രേറ്റ് റിപ്പോര്‍ട്ട് തെളിവുകള്‍ അടിസ്ഥാനമാക്കിയാല്‍ മേല്‍ സൂചിപ്പിച്ച അഴിമതികളില്‍ പാര്‍ട്ടിക്കും മുന്നണിക്കും നേതൃത്വം നല്‍കിയ ആള്‍ കമ്മീഷന്‍ പങ്കിടും. അതാണ് കോണ്‍ഗ്രസ് ചരിത്രം. എത്രയാവും കമ്മീഷന്‍ ? അപ്പോള്‍ 90,000 കോടി + ………!! ആ പണം ഏത് വിദേശ ബാങ്കില്‍? ആരാണ് അവകാശി?

ചര്‍ച്ചാസംഘത്തിന്റെ സംവാദഭാഗം ശ്രദ്ധിച്ച ഞാന്‍ നീതുവിനെ നോക്കി. ‘രാജീവ് സോണിയ 90,000 കോടി കളളപ്പണത്തിന് രാഹുല്‍ അവകാശിയെങ്കില്‍ പിന്നീട് നേടിയതിനും അദ്ദേഹമാകുന്നത് സ്വാഭാവികം. കാരണം പ്രിയങ്കയ്ക്ക് റോബര്‍ട്ട് വധേരയുടെ അഴിമതി അനന്തരാവകാശം ധാരാളം.’ രാഷ്ട്രീയജ്ഞാനം തീരെ ഇല്ലെന്നു പൊതുവെ കരുതുന്ന നീതു ജോസഫിന്റെ മറുപടി ചര്‍ച്ചാസംഘം കേട്ടിരുന്നേല്‍ നീതുവിനേയും കൂടെ കൂട്ടിയേനെ.

ചര്‍ച്ചാസംഘത്തിന്റെ സംവാദതലം കേരളത്തില്‍……

1. ബാര്‍ അഴിമതി : അടച്ചു പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ ഒരു കോടി കൈപ്പറ്റി. ഇതേ ബാറുകള്‍ തുറക്കാതിരിക്കാന്‍ അഞ്ച് കോടി ആവശ്യപ്പെട്ടു.
2. സോളാര്‍ അഴിമതി : സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് തട്ടിയെടുത്ത കോടികള്‍.
3. കടകംപളളി, കളമശേരി ഭൂമിതട്ടിപ്പ്; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട 450 കോടി രൂപയുടെ അഴിമതി
4. ടൈറ്റാനിയം അഴിമതി : ടൈറ്റാനിയത്തില്‍ മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട് 226 കോടി രൂപയുടെ അഴിമതി
5. സൈന്‍ ബോര്‍ഡ് അഴിമതി : വഴിയോരങ്ങളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിച്ചതില്‍ 500 കോടി രൂപയുടെ അഴിമതി
6. പി.ഡബ്ല്യു.ഡി. അഴിമതി : ഒരു റോഡിന്റെ ഭിത്തി നിര്‍മ്മാണത്തിനു മാത്രം 10 കോടി രൂപയുടെ അഴിമതി.

പിന്നെ കൂടെയുണ്ടായിരുന്ന പി സി ജോര്‍ജ്ജും ആര്‍ ബാലകൃഷ്ണപിളളയും കെ ബി ഗണേഷ്‌കുമാറും കെ ആര്‍ ഗൗരിയമ്മയും ഉയര്‍ത്തുന്ന മറ്റ് അഴിമതി ആരോപണങ്ങള്‍. കൂടെയുളള ടി ജെ ചന്ദ്രചൂഡനും എന്‍ കെ പ്രേമചന്ദ്രനും എം പി വീരേന്ദ്രകുമാറും ഇടയ്ക്ക് നടത്തുന്ന കുമ്പസാര തിരുവചനങ്ങള്‍.

അഴിമതിയില്‍ അറസ്റ്റിലായ എ രാജയും കല്‍മാഡിയും രാമലിംഗരാജുവും അടക്കമുളളവര്‍ വിളിച്ചു കൂവി ഞങ്ങള്‍ ബലിയാടുകള്‍ മാത്രം; കോടികള്‍ കമ്മീഷന്‍ പറ്റിയവര്‍ പുറത്ത് വിലസുന്നു. ജോപ്പനും സരിതയും സലിം കുമാറും ആവര്‍ത്തിച്ചതും അതുതന്നെ. കേന്ദ്രത്തില്‍ സര്‍വ്വാധിപ സോണിയഗാന്ധി; കേരളത്തില്‍ ഉമ്മന്‍ചാണ്ടി.അപ്പോള്‍ ഉമ്മന്‍ചാണ്ടി നേടിയ കമ്മീഷന്‍ എത്ര? അതിന്റെ നിക്ഷേപം സ്വദേശത്തോ വിദേശത്തോ? ആരാണ് അനന്തരാവകാശി?

ചര്‍ച്ചാസംഘത്തിലൊരാള്‍ ഇത്രയും പറഞ്ഞതും പലപ്രാവശ്യം തോളില്‍ ഇടിക്കരുതെന്ന് വിലക്കിയിട്ടും ഇക്കുറിയും ആഞ്ഞിടിച്ചുകൊണ്ട് നീതു ജോസഫ് ചോദിച്ചു ‘അതാണോ സോണിയ ഗാന്ധി ഉമ്മന്‍ചാണ്ടിയെ തൊട്ടുകളിക്കാത്തത്?’. കൂടെ ഒരു കണ്ണിറുക്കും. തോളത്തെ വേദന കലശലായെങ്കിലും എനിക്ക് പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയ നിരക്ഷതയുടെ പര്യായമെന്നു സുഹൃത്തുക്കള്‍ കളിയാക്കുന്ന നീതുവും സാക്ഷരത നേടുന്നോ എന്ന ചിരി. ചിരിച്ചു കൊണ്ട് ഞാന്‍ നീതുവിനെ ഓര്‍മ്മിപ്പിച്ചത് എ കെ ആന്റണിയുടെ വാക്കുകള്‍ ‘സെമി ഫൈനലാണ്; തോറ്റാല്‍ വീട്ടിലിരിക്കാം’
നീതുവിന്റെ കണ്ണുകളില്‍ നിന്നും മനസിലായി കാര്യം പിടികിട്ടിയില്ലെന്ന്.

ജനാധിപത്യത്തില്‍ സര്‍വ്വാധിപത്യം വോട്ടാണ്. വോട്ടര്‍മാര്‍ക്കും വരും നാളുകള്‍ സെമി ഫൈനലാണ്; വോട്ടിംഗില്‍ തോല്‍ക്കാന്‍ പാടില്ല; തോറ്റാല്‍ കോടികളുടെ കളളപ്പണം സ്വരൂപിച്ച് വിദേശത്തെത്തിച്ച രാഷ്ട്രീയക്കാരെപ്പോലെ സുഖിച്ച് വീട്ടിലിരിക്കാന്‍ വോട്ടര്‍മാര്‍ക്ക് ആകുമോ എന്നതിലേ സംശയമുളളൂ.

നീതു പൊട്ടിച്ചിരിച്ചു കൊണ്ട് ‘സോ…….സെമിഫൈനലാണ്; തോറ്റാല്‍………

വീണ്ടും ചര്‍ച്ചാസംഘത്തിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കട്ടെ ‘ആരൂഢം പോലിരിക്കും വീടിന്റെ തികവ്’ : യഥാ പ്രജ തഥ രാജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News