തൃശൂർ: കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ ഉറച്ചുനിൽക്കുന്നെന്ന് അസിസ്റ്റന്റ് പ്രൊഫസർ ദീപ നിശാന്ത്. തന്റെ പോസ്റ്റ് ഒരു വിഭാഗമാളുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് ദീപ കൈരളി പീപ്പിൾ ടിവിയോട് പറഞ്ഞു. കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ കുറിച്ചായിരുന്നില്ല താൻ പോസ്റ്റിട്ടത്. രാജ്യമെമ്പാടും ബീഫ് നിരോധിക്കുന്നതിനെ കുറിച്ചായിരുന്നു തന്റെ പോസ്റ്റ്. ഇക്കാര്യം സംബന്ധിച്ച് പ്രിൻസിപ്പലിന് വിശദീകരണം നൽകിയിട്ടുണ്ടെന്നും ദീപ പറഞ്ഞു.
അധ്യാപികയുടെ പോസ്റ്റിനെ പിന്തുണച്ച് ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു. വിവാദമായതോടെ ഈ പോസ്റ്റ് ദീപ പിൻവലിച്ചു. പോസ്റ്റിനെതിരെ എബിവിപി പ്രവർത്തകർ കോളേജ് അധികൃതർക്കും കൊച്ചി ദേവസ്വം ബോർഡിനും പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് വിഷയം സംബന്ധിച്ച് ദീപക്കെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റിട്ടത് തെറ്റായി പോയെന്നും പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നുമാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.
അതേസമയം, ദീപയെ പിന്തുണച്ച് ഫേസ്ബുക്കിൽ നിരവധി പോസ്റ്റുകളാണ് വരുന്നത്. എഴുത്തിലൂടെയും അധ്യാപിക എന്ന നിലയിലും നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയ ദീപ ഒരു സ്ത്രീയായതിനാലാണ് ഇത്തരത്തിൽ വിരുദ്ധാഭിപ്രായം വരുന്നതെന്നു സംഘപരിവാറിന്റെ സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നതെന്നും ആരോപണമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here