തലകുനിക്കാതെ വാഹനമോടിക്കാം; പുത്തന്‍ ആശയത്തിന് യുവസംരംഭകര്‍ നേടിയത് അഞ്ചുലക്ഷം ഡോളര്‍

കൊച്ചി: കാറോടിക്കുമ്പോള്‍ ഡ്രൈവിംഗ് തടസപ്പെടാതെ പാട്ടുകേള്‍ക്കാനും ജിപിഎസും മൊബൈലും ഉപയോഗിക്കാനും സഹായിക്കുന്ന ഹാന്‍ഡ്‌സ്ഫ്രീ ഉപകരണം വികസിപ്പിച്ച മലയാളി യുവസംരംഭകര്‍ 40 ദിവസത്തിനുളളില്‍ അഞ്ചു ലക്ഷം ഡോളറിന്റെ പ്രീഓര്‍ഡര്‍ നേടി റെക്കോര്‍ഡിട്ടു. അന്‍പതു രാജ്യങ്ങളില്‍ നിന്ന് 1800 ഓര്‍ഡറുകള്‍ നേടി സ്റ്റാര്‍ട്ടപ് വില്ലേജിലെ എക്‌സ്‌പ്ലൊറൈഡാണ് ഇന്ത്യന്‍ യുവസംരംഭകര്‍ക്കിടയിലെ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

പൂര്‍ണമായും ഡ്രൈവിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചുതന്നെ ഡിജിറ്റല്‍ ഭൂപടങ്ങള്‍ നോക്കാനും സന്ദേശങ്ങളയക്കാനും പാട്ടുകേള്‍ക്കാനും കൈയ്യുടെ ചെറുചലനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ‘എക്‌സ്‌പ്ലൊറൈഡ് ഹെഡ്‌സ് അപ് ഡിസ്‌പ്ലേ’ സഹായിക്കും. അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ച് 40 ദിവസങ്ങള്‍ക്കുള്ളില്‍ ഉപകരണം 5,12,718 ഡോളറിന്റെ വ്യാപാരമുറപ്പിച്ചു. ഇന്ത്യയിലെ ഒരു സ്റ്റാര്‍ട്ടപ് സംരംഭവും ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല.

Displaying Pic 2.jpg

കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ വയ്ക്കാവുന്ന സുതാര്യമായ ചെറിയ സ്‌ക്രീനാണ് എക്‌സ്പ്ലാറൈഡ് ഹെഡ്‌സ് അപ് ഡിസ്‌പ്ലേ. കാറിലെ എഫ് എം, മീഡിയപ്ലേയര്‍ തുടങ്ങിയ വിനോദോപാദികള്‍, സ്പീഡോമീറ്ററും ഡിജിറ്റര്‍ റീഡ്ഔട്ടും അടങ്ങുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍ സിസ്റ്റം, ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം ഒറ്റ സ്‌ക്രീനിലേക്കു കൊണ്ടുവരുന്നതിലൂടെ റോഡില്‍ നിന്നു കണ്ണെടുക്കാതെ ഡ്രൈവ്‌ചെയ്യാന്‍ ഇതു സഹായിക്കുമെന്ന് എക്‌സ്‌പ്ലൊറൈഡ് സിഇഒ സുനില്‍ വല്ലത്ത് വിശദീകരിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എക്‌സ്‌പ്ലൊറൈഡിനു ലഭിച്ച സ്വീകാര്യത ഉല്‍പ്പന്നത്തിന്റെ ഉപയോഗയോഗ്യത സാധൂകരിക്കുന്നു. ഉപകരണത്തിന് 299 ഡോളര്‍ നിരക്കില്‍ അമേരിക്കയില്‍ നിന്നാണ് ഏറ്റവും വലിയ ഓര്‍ഡര്‍ വന്നതെന്നും അദ്ദേഹം അറിയിച്ചു.

ജിപിഎസിനു പുറമെ ത്രീജിയെക്കാള്‍ പത്തുമടങ്ങ് വേഗതയുള്ള ഫോര്‍ജി എല്‍ടിഇ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ സംവിധാനങ്ങളുള്ള എക്‌സ്‌പ്ലൊറൈഡ് കാറിനുള്ളില്‍ സ്മാര്‍ട്ട് ഫോണിനു പകരമാകും. ഡ്രൈവിംഗിന്റെ ഓരോഘട്ടത്തിലും ശരിയായ ദിശപറഞ്ഞു കൊടുക്കുന്ന വോയിസ് ആക്ടിവേറ്റഡ് നാവിഗേഷന്‍ സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനമോടുന്ന വഴി എക്‌സ്‌പ്ലോറൈഡിലെ ഡാഷ് ക്യാമറ റെക്കോര്‍ഡ് ചെയ്യുന്നതിനാല്‍ ഇന്‍ഷ്വറന്‍സ് പോലെയുള്ള ആവശ്യങ്ങള്‍ക്കും ഇതു സഹായിക്കും.
കൈയ്യുടെ ചെറുചലനത്തിലൂടെ വാഹനമോടിക്കുമ്പോള്‍തന്നെ ഫോണ്‍ എടുക്കുകയോ കട്ട് ചെയ്യുകയോ ചെയ്യാനും ശബ്ദം നിയന്ത്രിക്കാനും എക്‌സ്‌പ്ലോറൈഡ് സഹായിക്കും. സ്പീഡ്, ടയര്‍പ്രഷര്‍, ഇന്ധനത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങളും സ്‌ക്രീനില്‍ കാണാം.കാലാവസ്ഥാ പ്രവചനത്തോടൊപ്പം ആപ്പിള്‍ മ്യൂസിക്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സംവിധാനങ്ങളോടെയാണ് ഉപകരണം വിപണിയിലെത്തുന്നത്.

ആഗോള വിപണി മുന്നില്‍ കണ്ടാണ് ഉപകരണത്തിന് രൂപം നല്‍കിയതെന്ന് സുനില്‍ വല്ലത്ത് പറഞ്ഞു. ഡിസൈന്‍ മികവിലും ഗുണമേന്മയിലും മൂല്യത്തിലും എക്‌സ്‌പ്ലൊറൈഡ് ലോകനിലവാരം പുലര്‍ത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രൈവിംഗിനിടെ കാറോടിക്കുന്നതിലൂടെയുണ്ടായ അപകടം നേരിട്ടറിഞ്ഞതില്‍ നിന്നാണ് എക്‌സ്‌പ്ലൊറൈഡ് എന്ന ആശയം സുനിലിന്റെ മനസില്‍ ഉരുത്തിരിയുന്നത്. ഡ്രൈവിംഗിനിടയില്‍ ശ്രദ്ധതിരിക്കുന്ന ഘടകങ്ങളെ ഒഴിവാക്കി സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്ന ഉപകരണമെന്ന ആശയമായാണ് എക്‌സ്‌പ്ലൊറൈഡ് ഉണ്ടാകുന്നത്.

Displaying Pic 3.jpg

പ്രാദേശിക കൂട്ടായ്മകളില്‍ നിന്ന് ആഗോളനിലവാരമുള്ള ആശയങ്ങള്‍ രൂപപ്പെടുന്നതിന് ഉദാഹരണമാണ് ഇതിന്റെ വിജയമെന്ന് സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. ആശയങ്ങള്‍ ഉല്‍പ്പന്നങ്ങളാക്കി വളര്‍ത്താനും യുവസംരംഭകര്‍ക്ക് പരാജയങ്ങളില്‍ പിന്തുണനല്‍കാനും ദേശീയതലത്തില്‍ സംരംഭകാന്തരീക്ഷം വളര്‍ത്തിയെടുക്കേണ്ടത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഉയര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഹമ്മദാബാദ് ഐഐഎമ്മിലെ പാഠ്യപദ്ധതിയുടെ ഭാഗമായ സ്റ്റാര്‍ട്ടപ് വില്ലേജില്‍ നിന്നുള്ള നാലാമത്തെ അന്താരാഷ്ട്ര ക്രൗഡ് ഫണ്ടിംഗ് സംരംഭമാണ് എക്‌സ്‌പ്ലൊറൈഡ്. രാജ്യത്ത് പൊതു സ്വകാര്യസംരംഭങ്ങള്‍ക്കു തുടക്കം കുറിച്ച ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിനും ഈ നേട്ടത്തില്‍ അഭിമാനിക്കാം.

ടെക് ഇന്‍ ഏഷ്യ, ഓട്ടോമോബ്ലോഗ്, കാര്‍സ്‌കോപ്‌സ്, സിനെറ്റ്, ഡിജിറ്റല്‍ ട്രെന്‍ഡ്‌സ് തുടങ്ങിയ അന്താരാഷ്ട്ര മാസികകളില്‍ എക്‌സ്‌പ്ലോറൈഡ് ഇടം നേടിയിരുന്നു. ഭാവിയില്‍ കൂടുതല്‍ സുരക്ഷയ്ക്കു പ്രാധാന്യം നല്‍കുന്നതിനോടൊപ്പം കൂടുതല്‍ സൗകര്യങ്ങള്‍ ഉപകരണത്തില്‍ കൂട്ടിച്ചേര്‍ക്കുമെന്ന് സുനില്‍ വല്ലത്ത് പറഞ്ഞു. കമ്പനി കൂടുതല്‍ വലുതാക്കി പത്ത് മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here